Friday, April 4, 2014

മുകുന്ദനും, ദല്‍ഹിയും മറ്റുചിലരും അഥവ യമുനാപ്പുഴയുടെ തീരങ്ങളില്‍

ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന്‍ മാഷ് എന്ന പത്രപ്രവര്‍ത്തകന്‍ അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന്‍ എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു-എം.മുകുന്ദന്റെ പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകളു’ടെ ചരിത്രവായന. ജസ്റ്റിന്‍ മാത്യു എഴുതുന്നു


 
എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകള്‍’ ഒറ്റയിരുപ്പിന് 494 പുറവും വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന ഒരു നോവല്‍ തന്നെയാണ്. കുറെ ജീവിതങ്ങള്‍ ഒരു നഗരത്തോട് മല്ലിട്ടും സ്നേഹിച്ചും സഹതപിച്ചും അരനൂറ്റാണ്ടുകാലം കൊണ്ട് ഉരുത്തിരിയുന്നതെങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ നിലനിര്‍ത്താന്‍ നോവലിസ്റിന് സാധിക്കുന്നു. നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പറയണമെന്നു കരുതുന്നു.
നോവലിന്റെ അനുബന്ധത്തില്‍ നോവലിസ്റു പറയാതെപറഞ്ഞവസാനിപ്പിക്കുന്നത് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയ മുകുന്ദന്റെ നോവലാണ് ദല്‍ഹി ഗാഥകളെന്നാണ്. നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അതിനൊരു തിരുത്തുനോന്നി. മയ്യഴിപ്പുഴയും, ആദിത്യനും രാധയും എഴുതിയ മുകുന്ദന്റെ കൈവഴക്കത്തിന്റെ തുടര്‍ച്ചയല്ല ഈ നോവല്‍. കേശവന്റെ വിലാപവും, പുലയപ്പാട്ടും എഴുതിയ നോവലിസ്റിന്റെ വകയാണ് ദല്‍ഹി ഗാഥകള്‍.
ചരിത്രവും നോവലും
‘ചരിത്രാഖ്യയിക’ രചിക്കാനുള്ള മറ്റൊരു ശ്രമം. ഒരു കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപഠനവും അതേ കാലത്തെ പരാമര്‍ശിക്കുന്ന ചരിത്രനോവലും ഒരേ രീതിയില്‍ വായിക്കാന്‍ പറ്റുന്ന സംഗതികളല്ല. ഒരു നോവലിസ്റിന് ചരിത്രത്തില്‍ ഇല്ലാതിരുന്ന സംഭവങ്ങളെയും ആളുകളെയുംപറ്റി പറയാം. എന്നാല്‍ ഒരു ചരിത്രകാരന്റെ ചിന്തകളെ, എഴുത്തിനെ ചരിത്രസ്രോതസ്സുകള്‍ നിയന്ത്രിക്കുന്നു. ചരിത്രസ്രോതസ്സുകളുടെ അഭാവം മൂലം ഒരു ചരിത്രകാരന്‍ പറയാനാഗ്രഹിക്കുന്ന പല കാര്യങ്ങളും ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥ പലപ്പോഴുമുണ്ടാകുന്നു, സാധാരണക്കാരെപ്പറ്റി പറയുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ, ജീവന്റെ തുടിപ്പില്ലാതെ, ആളുകളുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കാതെ ചരിത്രമെന്നാല്‍ ഭരണകര്‍ത്താക്കളുടെ, ഭരണപരിഷ്ക്കാരങ്ങളുടെ കഥയായി ഭൂരിപക്ഷവും മനസ്സിലാക്കിപ്പോരുന്നു.
മുഖ്യധാരാചരിത്രത്തിനു പുറത്തുനില്‍ക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്റെ അനുഭവങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ ഇന്നും വലിയ ഇടം നേടിയിട്ടില്ല. എന്നാല്‍, അക്കാദമിക് ചരിത്രരചന പലപ്പോഴും പറയാതെ പോകുന്ന ചരിത്രത്തിന്റെ മറുവശം നോവലുകളും, സിനിമകളുമൊക്കെയാണ് പറയുന്നത്. ആഴത്തില്‍ ഗവേഷണവും വായനയും നടത്തിയെഴുതുന്ന നോവലുകള്‍ അത് പരാമര്‍ശിക്കുന്ന കാലഘട്ടത്തെ മനസ്സിലാക്കാന്‍ വളരെ ഗൌെരവപൂര്‍വം വായിക്കപ്പെടാറുമുണ്ട്. ചരിത്രചിന്തയില്‍ മലയാള നോവല്‍സാഹിത്യം അത്യാവശ്യം സമ്പന്നവുമാണ്. ദല്‍ഹി’ ഗാഥകളില്‍ എം മുകുന്ദനും ശ്രമിക്കുന്നത് അത് തന്നെയാണ്.
ചരിത്രത്തിലെ ചില ‘പ്രധാന’ മുഹൂര്‍ത്തങ്ങളെ സാധാരണക്കാരന്റെ കണ്ണുകൊണ്ട് നോക്കുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന ഒരു രീതി. ‘ദല്‍ഹി ഗാഥകള്‍’ ചെയ്യുന്നതും അതുതന്നെ. ദല്‍ഹിയിലേക്ക് കുടിയേറിവന്ന കുറെ സാധാരണ മലയാളികളുടെ ജീവിതത്തില്‍ നിന്നുകൊണ്ട് രണ്ട് ഇന്ത്യ^പാകിസ്ഥാന്‍ യുദ്ധങ്ങളും, ചൈന യുദ്ധവും, അടിയന്തരാവസ്ഥയും, തുടര്‍ന്നുള്ള ചേരികള്‍ ഒഴിപ്പിക്കലും, നിര്‍ബന്ധിത വന്ധ്യംകരണവും, ഇന്ദിര ഗാന്ധി വധവും, സിഖ്് കലാപവും തുടങ്ങി ദില്ലിയുടെ നിയോലിബറല്‍ കാലത്തേക്കുള്ള പരിണാമവും വരെ നോക്കിക്കാണാനാണ് ‘ദല്‍ഹി ഗാഥകള്‍’ ശ്രമിക്കുന്നത്.
മുഖ്യധാരചരിത്രം പറയുന്ന കുറെ സംഭവങ്ങളെ ചുറ്റിപ്പറ്റി, ദല്‍ഹിയില്‍ കുടിയേറി വന്ന കുറെ സാധാരണ മലയാളികളുടെ ജീവിതം മുന്നോട്ടുപോകുന്നു. പത്രപ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്‍, ഭാര്യ ലളിത, സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഫോര്‍ത്ത്ക്ലാസ്സ് ജീവനക്കാരി ദേവി (ഒരു ഇടതുപക്ഷ വിപ്ലവകാരിയുടെ വിധവ), മക്കള്‍ സെന്റ് സ്റീഫന്‍ കോളെജിലെ വിദ്യാര്‍ഥിയായ സത്യനാഥന്‍, കാണാതാവുന്ന സഹോദരി വിദ്യ, ജെഎന്‍യുവില്‍ പഠിക്കാന്‍ വന്ന് സിഗരറ്റുവലി, മദ്യപാനം തുടങ്ങിയവ ശീലമാക്കിയ നാട്ടിലെ നക്സല്‍ വിപ്ലവകാരിയുടെ മകള്‍ ജാനകിക്കുട്ടി (സക്കറിയ പണ്ട് പറഞ്ഞപോലെ ജാനകിക്കുട്ടിക്കും ജെഎന്‍യുവില്‍ ചേര്‍ന്നതോടെ വിവാഹം എന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നുണ്ട്!), അരാജകവാദിയായ ചിത്രകാരന്‍ നെന്മണ്ട വാസവപണിക്കര്‍ (ഹിപ്പി കാലം ഓര്‍ക്കുക), സിപിയിലെ ഒരു സാധാരണ ഹോട്ടലില്‍ കാബറെ നര്‍ത്തകിയും കോള്‍ ഗേളുമായ റോസിലി (റോസക്കുട്ടിയെന്നു നാട്ടിലെ പേര്‍), ദാസപ്പന്‍ എന്ന ബാര്‍ബര്‍, പലവിധ ജോലികള്‍ ചെയ്തുവരുന്ന കഥയിലെ കേന്ദ്രകഥാപാത്രവും രഹസ്യമായി നോവലെഴുതുന്നയാളുമായ സഹദേവന്‍ തുടങ്ങി കുറെ ആളുകളുടെ ജീവിതത്തില്‍ 1959 തുടങ്ങിയുള്ള ദില്ലിയില്‍ നടന്ന ചരിത്രസംഭവങ്ങള്‍ പ്രതിഫലിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തമെന്നു ചുരുക്കിപ്പറയാം. ഒപ്പം നഗരത്തില്‍ അന്നും ഇന്നുമുള്ള കൊടും ദാരിദ്യ്രത്തിന്റെ ചിത്രം കൂടി നോവലിസ്റു വരച്ചിടുന്നു.


 
ചരിത്രവുമായി മുഖാമുഖം
ഈ നഗരത്തിന്റെ ചരിത്രത്തോട് കഥയും കഥാപാത്രങ്ങളും സംവദിക്കുന്നു എന്ന തോന്നല്‍ കഥയിലുടനീളം കാണാം. എന്നാല്‍, മുഖ്യധാര ചരിത്രം പറയുന്ന ഉപരിപ്ലവതക്കപ്പുറം പോകാന്‍ ഈ നോവല്‍ ശ്രമിക്കുന്നതായി തോന്നുന്നില്ല. സിവില്‍ സര്‍വീസ് പോലുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ‘ദല്‍ഹി ഗാഥ’ വായിച്ചാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ പോള്‍ ബ്രാസ്സിന്റെ Politics of India Since Independence, ബിപന്‍ ചന്ദ്രയുടെ India Since Independence തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയാകും, നോവല്‍ പരാമര്‍ശിക്കുന്ന ചരിത്രസംഭവങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍! സഹദേവന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ പരിപാടിതന്നെ മുഖ്യധാര ചരിത്രകാരന്മാര്‍ പിന്നീട് എഴുതിവെച്ച കാര്യങ്ങള്‍ ഒരു ദൃക്സാക്ഷി വിവരണംപോലെ കാണുക എന്നതാണ്. ചില ഉദാഹരങ്ങള്‍ നോക്കുക:
സഹദേവന്‍ കണ്ട ഇന്തോചീന യുദ്ധം: ചൈന ഇന്ത്യയെ ചതിച്ചു എന്നറിഞ്ഞു ഹൃദയം തകര്‍ന്നു മരിക്കുന്ന ശ്രീധരനുണ്ണിയെന്ന ഇടതുപക്ഷവിപ്ലവകാരി സുഹൃത്തിന്റെ വീട്ടില്‍നിന്ന് സഹദേവന്‍ സ്വയം ചോദിക്കുന്നു: കോമ്റേഡ് ചൌ എന്‍ലായി, നീയെന്തിന് ഈ കടുംകൈ ചെയ്തു? ഞങ്ങള്‍ക്ക് വിളിച്ചാലും വിളിച്ചാലും തീരാത്തത്ര ദൈവങ്ങളുണ്ട്……അവരാരുടെയും ചിത്രങ്ങള്‍ ചുമരില്‍ വയ്ക്കാതെ നിന്റെ പടമാണ് ശ്രീധരനുണ്ണി ഇത്രയും കാലം അവിടെ ചില്ലിട്ടു തൂക്കിയത്. എന്നിട്ടും നീ ശ്രീധരനുണ്ണിയെ ചതിച്ചു. എന്തിനു ചൌഎന്‍ലായി? അങ്ങനെ സ്വയം സംസാരിച്ചശേഷം സഹദേവന്‍ ഒരു നിമിഷം ആ ഫോട്ടോവിന് മുന്‍പില്‍ നിശബ്ദനായി നിന്നു’. (പുറം 1819)
അടിയന്തരാവസ്ഥയിലെ സഹദേവന്‍: “ജങ്പുരയിലെ സഹദേവന്റെ മുറിയുടെ ചുമരില്‍ ജയപ്രകാശ് നാരായണന്റെ ചില്ലിട്ട ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. അതവിടെ വെയ്ക്കുമ്പോള്‍ അയാള്‍ ജെ.പിയെ നേരില്‍ കണ്ടിരുന്നില്ല. അതിനുശേഷം രണ്ടു തവണ സഹദേവന്‍ ജയപ്രകാശ് നാരായണന്റെ സാന്നിധ്യം അറിഞ്ഞു. അദേഹത്തെ നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ ശബ്ദംകേട്ടു…..ആവേശത്തോടെയാണ് സുഹൃത്തുക്കളോട് അയാള്‍ ആ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. (പുറം 303)
സഹദേവന്റെ ദല്‍ഹി ജീവിതം മിക്കപ്പോഴും ഇങ്ങനെയാണ്. ഹിന്‍ഡന്‍ എയര്‍ബയ്സില്‍ നിന്ന് ഒരു പോര്‍വിമാനം പറന്നുയരുമ്പോള്‍ത്തന്നെ ‘രണ്ടാം ഇന്തോപാക്’ യുദ്ധം തുടങ്ങിയെന്നു ഗണിച്ചറിയുന്ന തരത്തിലുള്ള ദീര്‍ഘവീക്ഷണമാണ് സഹദേവനുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു തലേരാത്രി തന്റെ സംസാരശേഷി നഷ്ടപ്പെടുന്നതായി സഹദേവന്‍ സ്വപ്നം കാണുന്നു. സഹദേവന്റെ ദുസ്വപ്നത്തിലൂടെ അടിയന്തരാവസ്ഥയും തുടങ്ങുന്നു. അങ്ങനെ എല്ലാ ചരിത്രസംഭവങ്ങളുടെയും causes-course-consequences തുടങ്ങി, എന്തിനധികം, പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ സംഭവത്തിനു ചരിത്രകാരന്മാരിടാന്‍ പോകുന്ന പേരുവരെ സഹദേവനറിയാം. അതെല്ലാം സംഭവം നടക്കുന്ന മുറക്ക് നോവല്‍ രൂപത്തില്‍ അന്നന്ന് എഴുതിയും വെയ്ക്കും.
സഹദേവനെപ്പോലെ തന്നെ ഒരു ചരിത്രസംഭവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കഴിവതും വേഗം ഓടിയെത്തേണ്ടതുള്ളതുകൊണ്ട് കുഞ്ഞികൃഷ്ണന്‍ മാഷിനും, സത്യനാഥനുമെല്ലാം അവരുടെ സ്വന്തമായ ജീവിതവും അനുഭവങ്ങളും ഇല്ലാതാവുന്നു. അവരുടെ അനുഭവങ്ങളില്‍ പലതും അവര്‍ ബിബിസി റേഡിയോവില്‍ നിന്നോ, പത്രങ്ങളില്‍ നിന്നോ അറിയുന്നു. പത്രം കിട്ടിയില്ല എങ്കില്‍ ഇവര്‍ക്കൊന്നും പട്ടിണിയല്ലാതെ വേറെ ഒന്നും ജീവിതാനുഭവമായില്ല. റോസിലി, ലളിത, ദേവി എന്നിവര്‍ പത്രവായന ഇല്ലാത്തവരും സ്ത്രീകളുമായതുകൊണ്ടുമായിരിക്കണം ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കുന്നില്ല. എന്തു സംഭവിക്കുന്നുവെന്ന് കാര്യമായി മനസ്സിലാകാതെ എല്ലാം കരഞ്ഞുകൊണ്ടും അല്ലാതെയും അനുഭവിക്കുന്നവരാണ് ഈ പാവം സ്ത്രീകള്‍. ഭര്‍ത്താവ് വിപ്ലവകാരിയാണെങ്കില്‍ അവര്‍ ഭിത്തിയില്‍ തൂക്കിയിട്ട മാവോ, എകെജി, കൃഷണപിള്ള, ഇഎംഎസ്സ് തുടങ്ങിയവരുടെ ഫോട്ടോകള്‍ ഏതു വെല്ലുവിളി വന്നാലും സംരക്ഷിക്കുക എന്നതാണ് സ്ത്രീകളുടെ ജന്മലക്ഷ്യം.
 
ദല്‍ഹിയിലെ മഴ: ഫോട്ടോ: രഘു റായ്

 
പാട്ടിനൊപ്പം പാവകള്‍
സ്വതന്ത്ര ഇന്ത്യയുടെ കോണ്‍ഗ്രസ് നിര്‍മ്മിത ചരിത്രത്തില്‍ ജീവിച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് നോവലിലെ കഥാപാത്രങ്ങള്‍ ജനിക്കുന്നത്. മൊറാര്‍ജി ദേശായി, ചരണ്‍ സിങ് തുടങ്ങിയവരുടെ കാലത്തില്‍ തൊടാതെ കഥാപാത്രങ്ങള്‍ അടിയന്തരാവസ്ഥയില്‍ നിന്നു നേരെ ഇന്ദിരഗാന്ധി വധത്തിലേക്ക് ചാടുന്നു (ഒരു പക്ഷെ അവരുടെ കാലത്തെ നഗരത്തിനു ചരിത്രമുണ്ടാകില്ല!). ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുംമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന്‍ മാഷ് എന്ന പത്രപ്രവര്‍ത്തകന്‍ അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന്‍ എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു (അല്ലെങ്കില്‍ ദാസപ്പന്‍ ഡല്‍ഹിയില്‍ നില്‍ക്കുന്നതിന്റെ കാരണം കഥാകാരനുതന്നെ മനസ്സിലാകുന്നില്ല).
സത്യനാഥന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്റെ ലിംഗത്തെപ്പറ്റി വിവരിക്കുന്നിടത്ത് യുവാവാകുംമ്പോള്‍ വാസക്ടമി ചെയ്യാനുള്ള മുഖവുരയാണെന്ന തിരിച്ചറിവ് വായനയിലുടനീളം മനസ്സ് വിഷമിപ്പിക്കും. വാസു സിക്കുകലാപത്തില്‍ കൊല്ലപ്പെടാന്‍ വേണ്ടി സിഖുകാരെപ്പോലെ മുടിയും താടിയും നീട്ടി ഷാംപൂ ഇട്ടു മിനുക്കി നടക്കുന്നു. പറഞ്ഞുവന്നത് മുഖ്യധാര ചരിത്രത്തിനൊപ്പിച്ച് കഥാപാത്രങ്ങളെ ഉണ്ടാക്കിവെച്ചാല്‍ അതിനു ജീവനുണ്ടാകില്ല. പാട്ടിനൊപ്പം ചലിക്കുന്ന പാവകള്‍ പോലെയാകും അവരെല്ലാം. ഓര്‍ക്കുക, സീവിയുടെ ചന്ത്രക്കാറനെപ്പോലുള്ള അതിശക്തരായ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അവരിലൂടെ ചരിത്രത്തിന്റെ ഏടുകള്‍ ആളുകള്‍ ഓര്‍ക്കുന്നുമുണ്ട്. സഹദേവന്‍ ഒരു ജീവിതം മുഴുവന്‍ എടുത്തെഴുതിയ ദല്‍ഹി ഗാഥകള്‍ മയ്യഴിയുടെ മഹാനായ കഥാകാരന്റെ പേരില്‍ പ്രകാശനം നടത്താന്‍ ആഗ്രഹിക്കുന്ന അവസാനരംഗം വരുമ്പോള്‍ മാത്രമാണ് നോവലിന്റെ സിവില്‍ സര്‍വീസ് പരീക്ഷക്കാര്‍ക്ക് വേണ്ടിയുള്ള മുഖ്യധാര ചരിത്രവിജ്ഞാനത്തിനു വെളിയില്‍ വന്നു വായനക്കാര്‍ ഒന്ന് ഞെട്ടുന്നത്.
കൃത്യതയുടെ തോരണങ്ങള്‍
ഈ നോവലിന്റെ ശക്തി എന്ന് പറയുന്നതും ചരിത്ര വസ്തുതകളിലെ കൃത്യത നിലനിറുത്തി എന്നതാണ്. മദ്രാസ് വഴിയുള്ള കല്‍ക്കരി തീവണ്ടിയാത്രയില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള പെട്രോളിയം വണ്ടികളിലേക്കും, കുതിരവണ്ടികളുടെ കാലത്ത് നിന്നും ഓട്ടോറിക്ഷകളുടെ കാലത്തേക്കും കട്ടന്‍ ചായയില്‍ നിന്നും പെപ്സിയിലെക്കും നഗരം മാറുന്നത് നോവല്‍ കൃത്യമായി അളന്നെടുക്കുന്നുണ്ട്. സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയവയുടെ അതാതുകാലത്തെ പേരും നിറവുമെല്ലാം അണുവിട തെറ്റാതെ നോവലില്‍കാണാം. ഒപ്പം, ഗ്രാമങ്ങള്‍ ദല്‍ഹിയെന്ന നഗരത്തില്‍ അലിഞ്ഞുചേരുന്നതും ചെറുതായി പരാമര്‍ശിക്കുന്നു.
പക്ഷെ, ഈ അലിഞ്ഞുചേരലിന്റെ ഭാഗമായി മയൂര്‍വിഹാറില്‍ നിന്നും, പാലത്ത് നിന്നും, നെഹ്റു പ്ലേസില്‍ നിന്നുമെല്ലാംകുടിയിറക്കപ്പെട്ട ഗ്രാമീണര്‍ക്ക് എന്തുപറ്റിയെന്ന് അതുവരെ അവരുടെ ദാരിദ്യ്രമോര്‍ത്തു വേദനിക്കുന്ന സഹദേവന്‍ ആലോചിക്കുന്നതേയില്ല. ഒരു പക്ഷെ അപ്പോഴേക്കും അയാള്‍ക്ക് അടുത്ത സിവില്‍ സര്‍വീസ് ചരിത്രപാഠത്തിനു സാക്ഷിയാകാന്‍ സമയമായിട്ടുണ്ടാവണം. ഹിന്ദി പ്രയോഗങ്ങള്‍ക്കും, ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കും, റോഡുകളുടെയും തെരുവുകളുടെയും സ്ഥപനങ്ങളുടെയും പേരുകള്‍ക്കും പുറംകാഴ്ചയുടെ വിവരണങ്ങള്‍ക്കുമപ്പുറം, നഗരത്തിന്റെ ജീവിതത്തിനുള്ളിലേക്ക് ആഴ്ന്നുചെല്ലാന്‍ കാര്യമായ ശ്രമമൊന്നും നോവല്‍ നടത്തുന്നില്ല. മുഖ്യധാര ചരിത്രത്തിന്റെ അച്ചിലിടാതെ നഗരവാസികളുടെ, അവരുടെ കഷ്ടപ്പാടിന്റെ, ദാരിദ്യ്രത്തിന്റെ കഥ പറയുന്നതെങ്ങനെ എന്നറിയാന്‍ ഏറെ ദൂരെയൊന്നും പോവേണ്ടതില്ല. പോഞ്ഞിക്കര റാഫിയുടെ കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ചെറുനോവലുകള്‍ വായിച്ചാല്‍ മതിയാകും.
 
ഫോട്ടോ: രഘു റായ്

 
നോവല്‍ചുവരിലെ ഛായാചിത്രങ്ങള്‍
ഒരു ദല്‍ഹി മലയാളിക്ക് ഈ നോവലില്‍ പറയുന്ന സ്ഥലപ്പേര് കേട്ടാല്‍, അല്ലങ്കില്‍ ഏതെങ്കിലും ഹിന്ദിവാക്ക് കേട്ടാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ പറ്റിയേക്കും. പക്ഷെ, നോവല്‍ എഴുതിയത് ദല്‍ഹി മലയാളികള്‍ മാത്രം വായിക്കാനല്ലല്ലോ. ഇന്ത്യാഗേറ്റും, രാഷ്ട്രപതി ഭവനും ടിവിയിലും പത്രത്തിലും എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ അതിനപ്പുറത്തുള്ള ദല്‍ഹിയെപ്പറ്റി ആളുകള്‍ക്ക് പറഞ്ഞുതന്നെ കൊടുക്കണം. അതിന് ഈ പാവം കഥാപാത്രങ്ങള്‍ നെഹ്രുവിനെയും, ഇന്ദിരയെയും, ജയപ്രകാശ് നാരായണനെയും കണ്ടതുകൊണ്ടോ, എകെജിയുടെയും ഇഎംഎസ്സിന്റെയും, പടം ഭിത്തിയില്‍ തൂക്കി ഒരു എഫകട് വരുത്തിയത് കൊണ്ടോ പറ്റുമെന്ന് തോന്നുന്നില്ല. എഴുതി നന്നാക്കാമായിരുന്ന ഒരു കഥാതന്തു ഈ നോവലിനുണ്ട്. അതുമാത്രമാണ് ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ ആളുകള്‍ക്ക് നല്‍കുന്ന ഒരേയൊരു പ്രേരണ.
ഉത്തരകേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെപ്പറ്റിയാണ് മയ്യഴിയുടെ കഥാകാരന്റെ അടുത്ത നോവല്‍ എന്ന് പത്രത്തില്‍ വായിച്ചു. അത് ഒരു ജനതയുടെ ചരിത്രമാണെന്നു നോവലിസ്റ്റ് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നിട്ടും എനിക്കിഷ്ടം.

No comments: