Friday, April 23, 2010

ചരിത്രവഴിയിലെ സണ്ണിസാര്‍

കേരളത്തിലെ ചരിത്രവിദ്യാര്‍ഥികള്‍ ഒരു പുരാരേഖ ആദ്യം കാണുന്നത് അവരുടെ ഡിഗ്രി അധ്യാപകരുടെ ആരുടെയെങ്കിലും കൈയിലായിരിക്കും. അന്‍പതുകളിലും അറുപതുകളിലും എഴുതപ്പെട്ട ക്ലാസ്സ്‌ നോട്ടുകള്‍ തലമുറകള്‍ കൈമാറി തൊണ്ണൂറുകളുടെ അവസാനംവരെ എത്തിച്ചേരുന്ന വലിയ പ്രക്രിയയാണ് കേരളത്തിലെ ചരിത്രബിരുദ പഠനം. ഇതിനൊരപവാദമായിരുന്നു ഞങ്ങളുടെ ഉള്‍നാടന്‍ പട്ടണത്തിലെ കോളേജില്‍ ബി എ ചരിത്ര അധ്യാപകനായി വിരമിച്ച സണ്ണിസാര്‍.

സണ്ണിസാറിനെപ്പറ്റിപ്പറയുന്നതിനു മുന്‍പ് ഇന്നും വലിയ മാറ്റമൊന്നും സംഭവിക്കാനിടയില്ലാത്ത ബി എ ചരിത്രക്ലാസ്സുകളെപ്പറ്റി പറയേണ്ടതുണ്ട്. ക്ലാസ്സില്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പഴകി മഞ്ഞച്ച ഒരുകെട്ടുകടലാസുകളുടെ മണം ഓര്‍മകളില്‍ ഇന്നും അങ്ങനെതന്നെ ഹരം പിടിപ്പിച്ചു നില്‍ക്കുന്നു. വായിച്ചുതരുന്ന നോട്ട്‌ കേട്ടെഴുതുക എന്നതാണ് മുഖ്യമായ പഠനപ്രവര്‍ത്തനം. അറുപതുകളില്‍ മഹാരാജസിലും പാലക്കാട് വിക്ടോറിയയിലും മറ്റും എഴുതപ്പെട്ട ഈ ക്ലാസ്സ്‌നോട്ട്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം നിലനിന്നിരുന്ന ചരിത്രരചനാരീതിയാണ് അവലംബിക്കുന്നത്. അറുപതുകളില്‍ ചരിത്രരചനാരീതികളില്‍ നടന്ന വലിയ മാറ്റം ബിരുദതലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ടയിരുന്നില്ല. മൂന്നുനാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ചരിത്രക്ലാസുകളില്‍ വിമര്‍ശനത്തിന്റെ പരിക്കേല്‍ക്കാതെ ഞങ്ങള്‍ അതെല്ലാം കേട്ടെഴുതി. അവസാനവര്‍ഷം എത്തുമ്പോഴും ചരിത്രകാരന്മാരെല്ലാം മരിച്ചുപോയ ആള്‍ക്കാരാണ് എന്ന് കുട്ടികള്‍ വിശ്വാസിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. പക്ഷെ ക്ലാസ്സില്‍ കയറുകയും നോട്ടെഴുതി എടുക്കുകയും ചെയ്യുന്നവര്‍ വിരളം. ഇനി എഴുതിയെടുത്തല്‍ത്തന്നെ പകുതി വാക്കുകളും കിട്ടില്ല. അവരൊക്കെ പരീക്ഷക്ക്‌ ചങ്ങനാശ്ശേരിക്കാരായ മേനോനും വര്‍ക്കിയും ചേര്‍ന്നെഴുതിയ ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ പുരാതനം തുടങ്ങി ആധുനികം വരെയുള്ള എല്ലാ ചരിത്ര പേപ്പറുകള്‍ക്കും വാങ്ങി വായിച്ചു പഠിച്ചു. മേനോന്റെയും വര്‍ക്കിയുടെയും ഉറപ്പില്‍ ക്ലാസ്സ്‌ നടക്കുമ്പോള്‍ കുട്ടികള്‍ നോട്ട്ബുക്കില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടും, വിവീഷിന്റെ തമാശുകള്‍ കേട്ട് ചിരിച്ചും, പാപ്പിയുടെ ചായക്കടയിലെ മുഷിഞ്ഞ ചുവര് ചാരിയിരുന്നു സിഗരറ്റ്‌ വലിച്ചും, ഒഴിവുള്ള പ്രീഡിഗ്രി ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ പോയി കണ്ടും, വരാന്തയില്‍ക്കൂടി ചാലുവെച്ചും സമയം തള്ളിനീക്കി.

അങ്ങനെ നോട്ടുകള്‍ പകര്‍ന്നുനല്‍കുന്ന സമാധാനപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനം താറുമാറാക്കിയാണ് തൊണ്ണൂറുകളുടെ അവസാനം സര്‍വകലാശാല വക സിലബസ്‌ പരിഷ്ക്കരണം ഇടിത്തീയായി പുരാതനമായ ക്ലാസ്സ്‌ നോട്ടുകളുടെ മണ്ടയില്‍ വന്നുവീണത്‌. കീഴാളചരിത്രം, നവചരിത്രം എന്നിങ്ങനെ ചില പുതിയ വാക്കുകള്‍ സിലബസ്സില്‍ കടന്നുകൂടി. പല അധ്യപരും ലീവെടുത്ത് സര്‍വകലാശാലവക റീ ഫ്രെഷര്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. തിരികെ വന്നു ബുദ്ധിജീവികളെ ചീത്തവിളിച്ചു. ചരിത്രപഠനം പുതുക്കുന്നത് അനാവശ്യമാണെന്ന് പറഞ്ഞു. ചരിത്രബിരുദത്തിനു സമൂഹത്തില്‍ ഒരു വിലയുമില്ലല്ലോ എന്നോര്‍ത്ത് കുട്ടികള്‍ ഖേദിച്ചു. ചില അധ്യാപകര്‍ യു ജി സി വക ശമ്പളവര്‍ദ്ധന മുന്‍പില്‍കണ്ട് ശമ്പളത്തോടെ ലീവില്‍ പോയി കൊച്ചി മഹാരാജക്കാന്‍മരെപ്പറ്റിയും കേരള കോണ്‍ഗ്രസ്സ്‌ നേതാക്കന്മാരെപ്പറ്റിയും ഗവേഷണം നടത്തി. ഈ കാലത്തുതന്നെയാണ്, വല്ലപ്പോഴും മാത്രം ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് വരാറുള്ള ഞങ്ങളുടെ സഹപാഠി വര്‍ക്കി, മാതൃഭൂമി ഭാഷാപോഷിണി തുടങ്ങിയ ആഴ്ചപ്പതിപ്പുകള്‍ വായിച്ച് കെ എന്‍ പണിക്കര്‍, രാജന്‍ ഗുരുക്കള്‍, കെ കെ കൊച്ച് എം ജി എസ്‌ നാരായണന്‍ എന്നീ ചരിത്രകാരന്മാരെ ഉദ്ധരിച്ച് ഇടയ്ക്കു ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസിറ്റിവിസവും ഏറ്റവും പുതിയ സിലബസുമായി നട്ടം തിരിയുന്നതിനിടയിലാണ് മൂന്നാം വര്ഷം സണ്ണിസാര്‍ ഹിസ്റ്റോറിയോഗ്രാഫി പഠിപ്പിക്കുന്നത്. എന്‍റെ ചരിത്രപഠനത്തിലെ വലിയ വഴിത്തിരിവായിരുന്ന ആ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് ഇവിടെ പറയുന്നത്. എന്‍റെ ഡിഗ്രിക്കാലത്തെ ചുരുക്കം ചില വലിയ നല്ല ഓര്‍മ്മകളിലൊന്ന് ഹിസ്റ്റോറിയോഗ്രാഫി ക്ലാസ്സുകളായിരുന്നു.

സ്ഥിരമായി വെള്ള ഷര്‍ട്ടും വെള്ള കോട്ടന്‍ മുണ്ടുമുടുത്തുവരുന്ന സണ്ണിസാറിന്‍റെ പരുക്കനായ രീതികളെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് സണ്ണിസാര്‍ എന്നെ നോക്കി പരിചയഭാവത്തില്‍ നന്നായി ഒന്ന് ചിരിച്ചിട്ടുള്ളത്, അതും അവസാനവര്‍ഷവും കഴിഞ്ഞ് മാര്‍ക്ക്‌ലിസ്റ്റ്‌ വാങ്ങാന്‍ ചെന്നപ്പോള്‍. എല്ലാ കുട്ടികളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. കാലങ്ങളായി സണ്ണിസാര്‍ ഇങ്ങനെയാണ് എന്നറിയാവുന്നതുകൊണ്ട് അതിലാര്‍ക്കും വലിയ വിഷമം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ചരിത്രവിഭാഗം മേധാവിയായിരുന്നുവെങ്കിലും പുതുവര്‍ഷത്തില്‍ കുട്ടികളുടെ പ്രവേശനത്തിനൊഴികെ ഒരിക്കലും സണ്ണിസാര്‍ സ്റ്റാഫ്‌റൂമിലേക്ക്‌ പോയിരുന്നില്ല. വകുപ്പുമേധാവിയുടെ കസേര വര്ഷം മുഴുവന്‍ പൊടിപിടിച്ചുകിടന്നു. പത്തുകിലോമീറ്റര്‍ അകലെ നിന്നും ഹീറോ ഹോണ്ട ബൈക്ക് ഓടിച്ചു വന്നിരുന്ന സാറ് നേരെ പോകുന്നത് ലൈബ്രററിയിലേക്കാണ്. കേരളത്തില്‍ ആദ്യം ഇന്റര്‍നെറ്റ്‌ വന്നുവെന്ന് പറയപ്പെടുന്ന ലൈബ്രററി. പക്ഷെ അത്‌ അന്നവിടെ പഠിച്ച ആരെങ്കിലും അതു കണ്ടതായി അറിവില്ല. എന്തായാലും എല്ലാവര്‍ക്കും അറിയാവുന്നത് ലൈബ്രറിയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്യുന്ന സണ്ണിസാറിന്റെ ബൈക്കിന്‍റെ രണ്ടു കൈപ്പിടികളിലും തൂങ്ങിക്കിടക്കുന്ന രണ്ടു തുണിസഞ്ചികളില്‍ എന്താണുള്ളതെന്നാണ്. ഒന്നില്‍ തടിച്ച ചില ചരിത്രപുസ്തകങ്ങളാണ്. മറ്റൊന്നില്‍ തിരികെ പോകുമ്പോള്‍ കള്ള്‌ വാങ്ങാനുള്ള കുപ്പികളാണെന്ന് ഷാപ്പിന് സമീപം വീടുള്ളവര്‍ പറഞ്ഞു. ദോഷൈകദൃക്കുകള്‍ കള്ളുകുപ്പിമാത്രം കണ്ടു. പക്ഷെ അതുമാത്രം കണ്ടാല്‍പോരെന്ന് ചിലരോടൊക്കെ പറയേണ്ടതുണ്ട്. കാരണം ഒരിക്കലും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഡിഗ്രിക്കാലത്തെ ഹിസ്റ്ററി ക്ലാസ്സുകളില്‍ ആ വിഷയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചത് സണ്ണിസാറിന്റെ ക്ലാസ്സില്‍നിന്നുമായിരുന്നു.

ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയോ, ഒന്ന് ചിരിക്കുകയോ പോലും ചെയ്യാത്ത ഒരധ്യാപകന്‍റെ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിക്ക് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കാനും പറയാനും പറ്റുക. ഒരുപക്ഷെ ആ വിഷയം തന്നെ ഇന്നും പഠിക്കുന്നതുകൊണ്ടുകൂടിയാവം ആ ക്ലാസുകള്‍ ഇന്നലെ നടന്നപോലെ ഓര്‍ക്കാന്‍ പറ്റുന്നത്. ഒരു സംശയം ചോദിക്കാന്പോലും മടിയും പേടിയുമൊക്കെയായിര്‍ന്നു ഞങ്ങള്‍ക്ക്‌ മിക്കവര്‍ക്കും. സാറിന്റെ ചുവന്നുകലങ്ങിയ കണ്ണുകളും തീക്ഷ്ണമായ നോട്ടവും ആ പേടിയെ ഒന്നുകൂടി കൂട്ടി. ഒരു പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ സിംസണ്‍ മാത്രമായിരിക്കും ഇതിനൊരപവാദം. ഒരു മെഡിക്കല്‍ റെപ്പ് കൂടിയായിരുന്ന സിംസണ്‍ ആശുപത്രികള്‍ കയറിയിറങ്ങി പത്തുമണിയുടെ ക്ലാസിനു ഓടിക്കിതച്ചു പത്തേകാലിനു വന്ന് വിയര്‍പ്പ് തുടച്ച് ബുക്കും തുറന്നിരുന്നാല്‍ പിന്നെ ഇരുന്ന ഇരുപ്പില്‍ ഒരുറക്കമാണ്, അതും മുന്ബെഞ്ചിലിരുന്ന്. അത് മാത്രമായിര്‍ന്നു സാറിന്റെ ക്ലാസ്സില്‍ അനുവദിക്കപ്പെട്ടിരുന്ന ഒരേയൊരു ഇളവ്‌, അതും സിംസണുമാത്രം. തീക്ഷണമായ നോട്ടത്തിന് മുന്‍പില്‍ ഒരു പരീക്ഷണത്തിന്‌ പോലും വേറാരും മുതിര്‍ന്നില്ല.

സണ്ണിസാറിന്റെ ക്ലാസിലും നോട്ടെഴുത്തു തന്നെ പണി, പക്ഷെ ആ ദിവസങ്ങളില്‍ തന്നെ എഴുതിയുണ്ടാക്കിയ നോട്ടുകള്‍. ഒരു പക്ഷെ എല്ലാ വര്‍ഷവും പുതിക്കിയെഴുതുന്നുണ്ടാവണം, കാരണം പല തവണ എഴുതിമുറുക്കിയ ഒരു ഒതുക്കവും ഭാഷസൗന്ദര്യവുമൊക്കെ ആ ക്ലാസ്സ്നോട്ടുകള്‍ക്കുണ്ടായിരുന്നു. ഒരുപാട് പുതിയ വാക്കുകള്‍, എഴുത്തിന്റെ ശൈലി ഇവയോക്കെക്കൊണ്ട്തന്നെ ആ ക്ലാസ്സ്‌ നോട്ടുകളെ ഞാനിന്നും ഓര്‍ത്തിരിക്കുന്നു. ഒരിക്കലും പരീക്ഷക്ക് കാണാതെപഠിച്ച് എഴുതാവുന്ന നോട്ടുകളായിരുന്നില്ല ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നത്. ചരിത്രപദങ്ങള്‍ക്ക് ഇത്രയധികം ആഴവും പരപ്പുമുണ്ടെന്ന് ബോധ്യമാകുന്നത് സാറിന്‍റെ ക്ലാസ്സ്‌നോട്ടുകളില്‍ക്കൂടിയാണ്. ഗൈഡുകളുടെ ആവര്‍ത്തനമല്ലാത്ത ആകെയുള്ള ഹിസ്റ്ററി ക്ലാസ്സ്‌ എന്നുതന്നെ പറയാം. റോമില ഥാപ്പറും, സുമിത് സര്‍ക്കാരും തുടങ്ങി ഇന്ത്യന്‍ ചരിത്രത്തെ നിര്‍ണയിച്ച ചരിത്രകാരന്മ്മാരും ആശയങ്ങളും ആ ക്ലാസ്സ്നോട്ടുകളുടെ അടിവേരുകളായിരുന്നു. ഇതുപറയുമ്പോള്‍ സണ്ണിസാറിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സ് സബ്സിഡിയറി പഠിപ്പിച്ചിരുന്ന ഡോ. രാജുവിനെക്കൂടി ഇവിടെ ഓര്‍ക്കുന്നു. കാരണം, പത്രകട്ടിങ്ങുകളും, ആഴ്ചപ്പതിപ്പില്‍ വരുന്ന രാഷ്ട്രിയ ലേഖനങ്ങളും, സര്‍വ വിക്ഞാനകോശവുമെല്ലാം അവിടുത്തെ ഗ്രാമീണരായ കുട്ടികള്‍ക്ക് പഠനസാമഗ്രികളായി രാജുസാര്‍ കൊടുത്തിരുന്നു.

പക്ഷെ ഓര്‍ക്കുക, ഇന്നും കേരളത്തിലെ സോഷ്യല്‍ സയന്‍സ് ഡിഗ്രികളുടെ ഗതികേട് തരംതാണ ഗൈഡുകളെ മാത്രം ആശ്രയിച്ചുള്ള ക്ലാസ്സുകളാണ്. നഗരങ്ങളിലെ ഉയര്‍ന്ന വര്‍ഗക്കാരുടെ കുട്ടികള്‍ ഇന്റര്‍നെറ്റ്‌ വഴി കുറെ വിവരങ്ങള്‍ ശേഖരിക്കും. പക്ഷെ ചില കോണ്‍വെന്റ് കോളേജുകള്‍ മാറ്റിനിറുത്തിയാല്‍, എല്ലായിടത്തും ഹിസ്റ്ററി പഠിക്കുന്നത് കൂടുതലും താഴ്ന്ന വരുമാനക്കാരുടെ മക്കളാണ്. അതുകൊണ്ട്തന്നെ ചരിത്രപഠനത്തില്‍ അധ്യാപകരുടെ പങ്കാളിത്തവും, രാഷ്ട്രിയബോധവും പരന്ന വായനയുമൊക്കെ അതിപ്രധാനമാണ്. അത് എന്റെ ഡിഗ്രിക്കാലത്ത് ഏറ്റവും നന്നായി കണ്ടിട്ടുള്ളത് ഈ രണ്ട് അധ്യാപകരിലാണ്. ഒരു മലയോര ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് മുന്‍പോട്ടുള്ള പഠനത്തില്‍, ആ വിഷയത്തോടുള്ള ബഹുമാനമുണ്ടാക്കുന്നതില്‍ ഇവര്‍ രണ്ട് പേരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുതന്നെ അപമാനിക്കുന്ന ഒരു വിഷയത്തെ ഇവര്‍ സ്നേഹിക്കുന്നത് കാണുന്നത് തന്നെ ഒരു വലിയ പ്രചോദനമായിരുന്നു. മകളുടെ/മകന്‍റെ സ്കൂള്‍ പരീക്ഷക്ക്‌ ലീവിടുക്കാതെ മുങ്ങുന്ന ചില അധ്യാപകര്‍ അതിനു പറയുന്ന കാരണം ‘ഹിസ്റ്ററി’ ഗൈഡ് വാങ്ങി പഠിച്ചാല്‍ പോരെ അതിനു ക്ലാസ്സിന്റെ ആവശ്യമെന്താ എന്നാണ്. അവര്‍ക്കുള്ള ഒരു മറുപടിയായിരുന്നു സണ്ണിസാര്‍. ഞാനുള്‍പ്പെടുന്ന ബാച്ചിന്റെ യാത്രയയപ്പുദിനത്തില്‍ സണ്ണിസാര്‍ ആകെപ്പറഞ്ഞത്‌ കുട്ടികള്‍ വരവ് നിറുത്തിയതുകൊണ്ട് സിലബസിന്റെ അവസാനഭാഗം പഠിപ്പിക്കാന്‍ പറ്റിയില്ല എന്നാണ്. കുട്ടികള്‍ വന്നില്ലയെങ്കിലും അവസാന ദിവസംവരെ സണ്ണി സാര്‍ നോട്ടുകള്‍ തയ്യാറാക്കുകയും ക്ലാസ്സില്‍ കുട്ടികള്‍ വന്നിട്ടുണ്ടോയെന്നു പോയി നോക്കുകയും ചെയ്തിരുന്നു. ചരിത്രം മറ്റേതൊരു വിഷയം പോലെയും വളരെ ഗൌരവത്തില്‍ സമീപിക്കേണ്ട ഒരു വിഷയമാണ് എന്ന വിശ്വാസത്തിന് സണ്ണിസാറിന്റെ ക്ലാസുകള്‍ അടിവരയിട്ടു.

ഒരു കോളേജധ്യാപകന്‍ സമൂഹത്തില്‍ റോള്‍മോഡല്‍ ആകണമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പകരം പഠിപ്പിക്കുന്ന വിഷയത്തോടുള്ള സമീപനം അത് ഏതുതന്നെയായാലും ഒരു ശക്തമായ രാഷ്ട്രിയ പ്രവര്‍ത്തനം തന്നെയായി കാണുന്നവരാണ് ഓര്‍മയില്‍ സൂക്ഷിക്കാനാഗ്രഹിക്കുന്ന അധ്യാപകരെല്ലാം, ഒപ്പം സണ്ണിസാറും. കാരണം തന്‍റെ മുന്‍പിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക കാലമാണ് ഡിഗ്രിക്കാലമെന്നും അതുകൊണ്ട്തന്നെ ക്ലാസ്സിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന അറിവും സാറിന്റെ സമീപനത്തില്‍ കാണാമായിരുന്നു. സണ്ണിസാറിനെയോര്‍ക്കുംമ്പോഴെല്ലാം മറ്റെല്ല പരിമിതികളുടെയും മുകളില്‍ ഞാനിതോക്കുന്നു. ക്ലാസ് സമയത്ത് സ്വകാര്യപ്രശനങ്ങള്‍ പൂര്‍ണമായും മാറ്റിനിറുത്തുന്നത് വെല്ലുവിളിയാകുമ്പോള്‍ ഞാന്‍ പഴയ ഡിഗ്രി ക്ലാസ്സിലേക്ക് ഒരു മടക്ക യാത്ര നടത്തും, കൃത്യമായിപ്പറഞ്ഞാല്‍ സണ്ണിസാറിന്റെ ക്ലാസ്സുകളിലേക്ക്. എന്നിലെ ചരിത്രാധ്യാപകന്റെ ബാലപാഠങ്ങള്‍ സണ്ണിസാറില്‍ നിന്ന് തുടങ്ങുന്നു.

ഞാനിവിടെ എന്റെ കോളേജിന്റെ പേരോ സ്ഥലമോ ഒന്നും എഴുതുന്നില്ല. കാരണം സണ്ണിസാര്‍, ഒരു കോളേജിന്‍റെയോ ഒരു നാടിന്റെയോ അനുഭവമല്ല, നമ്മള്‍ എല്ലാവരുടെതുമാണ്. (ഇവിടെ ഇങ്ങനെ വലിയ പ്രശനമൊന്നും തോന്നാത്ത ഒരു കാരണം വേണമല്ലോ പറയാന്‍) അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്, നമ്മുടെ (ഔപചാരിക വിദ്യാഭ്യാസം കിട്ടിയിട്ടില്ലെങ്കില്‍കൂടി) എല്ലാവരുടെയും ജീവിതത്തില്‍ ഒരു സണ്ണിസാര്‍ ഉണ്ടാവില്ലേ?

Saturday, January 30, 2010

ഹൊവാര്‍ഡ് സിന്നിന് പ്രണാമംഅമേരിക്കന്‍ ചരിത്രപഠനത്തിലെ വേറിട്ടതും ശക്തമായതുമായ ഒരു ശബ്ദംകൂടി നിലച്ചു. അമേരിക്കന്‍ മുഖ്യധാര ചരിത്രത്തില്‍ നടത്തിയ പൊളിച്ചെഴുതലുകള്ക്ക് നന്ദി. നിലനില്പ്പിനുവേണ്ടിയുള്ള സമരങ്ങളെപ്പറ്റിയുള്ള പ്രൊഫസര്‍ സിന്നിന്റെ പഠനങ്ങള്‍ അമേരിക്കന്‍ ചരിത്രക്ലാസ്സുകളെ അടിമുടി മാറ്റിമാറിച്ചു. അമേരിക്കന്‍ വരേണ്യവര്ഗത്തിന്റെ വീരോധിഹാസങ്ങളും, വാഴ്ത്തിപ്പാടലുകളും മാത്രം നിറഞ്ഞ അമേരിക്കന്‍ ചരിത്രപാഠപുസ്തകങ്ങളെ ചവറ്റുകൊട്ടയിലാക്കിയതിന് സിന്നിന്റെറ ഇടപെടല്‍ നിര്ണായകമായിരുന്നു.

Saturday, January 16, 2010

സര്‍ജറി

മയക്കം

ഒരു നീറ്റലോടെ ഉള്ളിലെത്തുമ്പോള്‍

ഒരു മങ്ങല്‍പ്പോലെ

ഞാനദ്യമായ്‌ കണ്ടു

പച്ചനിറങ്ങള്‍ക്കിടയില്‍

പ്രണയമില്ലാത്ത ഒരു നഗ്നത

Wednesday, January 13, 2010

തോമസ്സുചേട്ടനൊരു തുറന്ന കത്ത്

ഈ. മ. യൗ

പ്രിയപ്പെട്ട തോമസുചേട്ടന്‍ വായിച്ചറിയുന്നതിന്,

ആസ്ക്‌വിത്ത്‌ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന ജസ്റ്റിന്‍ എഴുതുന്നത്‌.

നമ്മളവസാനം കണ്ടിട്ടിപ്പോ ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നെ ഡല്‍ഹിക്ക് യാത്രയാക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില് ചേട്ടനോടിക്കിതച്ചുവന്നത് ഇപ്പോഴും ഇന്നലത്തെപ്പോലെ ഞാനോര്‍ക്കുന്നു. നാലുവര്‍ഷം മുന്‍പ് ഞാനവസാനം സിഎംഎസ് കോളേജില് വന്നിട്ട് ചേട്ടനെ കാണാതെ പോയി എന്ന് ബിന്ദോഷിനോട് പരാതി പറഞ്ഞു എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. സത്യത്തില്‍ ഞാന്‍ പീജി മെസ്സില്‍ ചേട്ടനെക്കാണാന്‍ വന്നിരുന്നു. വന്നപ്പോ ചേട്ടന്‍ ചുങ്കത്ത്‌ മുട്ട മേടിക്കാന്‍ പോയിരിക്കുവാണെന്നു മോള് പറഞ്ഞു. ഉച്ചക്ക് പീജി മെസ്സിലെ കുട്ടികള്‍ക്ക് ചോറ് കൊടുക്കണ്ടതുകൊണ്ട് ചേട്ടന്‍ വരുമെന്ന് കരുതി കുറെ നേരം നോക്കിയിരുന്നതുമാണ്. ഞാന്‍ ചേട്ടനോട് എത്ര തവണ പറഞ്ഞതാണ് ഒരു മൊബൈലെടുക്കാന്‍. അല്ലങ്കില് രാവിലെ പശുവിനെയും അഴിച്ചുകൊണ്ട് അതിന്‍റെകൂടെ വേറേ നൂറുകാര്യങ്ങളുമായി പോയാല്‍ ചേട്ടനെപ്പിന്നെ എപ്പോ കണ്ടുകിട്ടാനാണ്. മെസ്സുടമയും വെപ്പുകാരനും വിളമ്പുകാരനും എല്ലാമൊരാളായാതുകൊണ്ട് ഊണ്സമയത്ത് ഞാനവിടെയിരുന്നാല്‍ ഒന്നും മിണ്ടാനും പറയാനും പറ്റില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരത്തെ തിരിച്ചു പോയി.

മെസ്സിപ്പോ വല്ലപ്പോഴുമേ നടക്കുന്നൊള്ളുവെന്നും ചേട്ടന്റെ കൈയൊരത്തിനു വേദന പിന്നെയും കൂടിയെന്നും മോളുപറഞ്ഞു. രാത്രി രണ്ടുവരെ കന്നുകാലികളെയും കൊണ്ട് കോളേജ്പറമ്പില് നടക്കുന്നത് കുറക്കണം. പിന്നെ അത്താഴം വെളുപ്പിനെ മൂന്നുമണിക്ക് കഴിക്കുന്ന പരിപാടിയൊക്കെ അവസാനിപ്പിക്കണം. വൈദ്യന്‍ പറഞ്ഞിട്ടില്ലേ രാത്രി ഉറങ്ങാതെ മഞ്ഞത്തുകൂടി നടക്കുന്നതവസാനിപ്പിക്കണമെന്ന്. എപ്പോഴെങ്കിലും ആ കണ്ണാടിയെടുത്തൊന്നുനോക്ക്, ഉറക്കമില്ലാത്ത ഒരു ജീവിതം ആ കണ്ണുകളില്‍ ചുവന്നുകിടക്കുന്നത് കാണാം. പണ്ട് നൂറുനൂറ്ററുപതു പേര്‍ക്ക് പീജി മെസ്സില് വെച്ചുവിളമ്പുന്നതുപോലെയല്ല, ഇപ്പൊ പ്രായം ഇത്രയൊക്കെയായില്ലേ. പിന്നെ ആകെ മൂന്നുപേരുള്ള ഈ മെസ്സും രണ്ടു പശുവിനെയും കൊണ്ട് എങ്ങനെ ജീവിക്കാനാണ്. ഒന്നുകില്‍ കോളേജ് കാന്റീന് അടുത്ത തവണയെങ്കിലും അപേക്ഷ കൊടുക്കുക, അല്ലെങ്കില്‍ കാക്കനാട്ടെ ആ ഇരുപതു സെന്റു സ്ഥലം വിറ്റിട്ട് എവിടെയെങ്കിലും ഉള്ളിലേക്കുകയറി രണ്ടെക്കറു പറമ്പുമേടിക്ക്. എത്ര കാലോന്നുവെച്ചാ പ്രിന്‍സിപ്പല്‍ ഇറക്കിവിടുമോ എന്നും പേടിച്ച് ആ പൊടിം, കരിം പിടിച്ചുകിടക്കുന്ന കോളേജ് ഹോസ്റ്റല്‍ മെസ്സില് താമസിക്കുന്നത്? ഇങ്ങനെയൊക്കെ പീജി മെസ്സിനെപ്പറ്റിപ്പറഞ്ഞാല്‍ തോമസ്സുചേട്ടന്‍ ദേഷ്യം വരുമെന്നെനിക്കറിയാം. പക്ഷെ, തോമസ്സ്‌ചേട്ടനല്ലാതെ വേറെ ആരെങ്കിലും സിയെമ്മസ്സിനെ സ്വന്തം വീടായി കരുതുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. തോമസുചേട്ടന്‍ തന്നെ എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു പണ്ടത്തെ സാരുംമാരും പിള്ളേരും പോലെയല്ല ഇപ്പൊഴുള്ളവരെന്ന്‍. അവര്‍ക്കൊന്നും ഹോസ്റ്റല്‍ നന്നാക്കനൊന്നും ഒരു താല്പര്യവുമില്ലന്ന് നമ്മളന്നേ പറഞ്ഞതല്ലേ. അല്ലെങ്കില്‍ നോക്കിക്കേ, ആസ്ക്‌വിത്ത്‌ ഹോസ്റ്റല്‍ ഇപ്പൊ എവിടെപ്പോയി? തോമസ്സ്‌ചേട്ടന്‍ തന്നെയല്ലേ പണ്ട് കെ ആര്‍ നാരായണന്‍ താമസിച്ചിരുന്ന ആസ്ക്‌വിത്ത്‌ ഹോസ്റ്റല്‍ മുറിയൊക്കെ കാണിച്ചുതന്നത്. എന്നിട്ടിപ്പം എന്തായി? കാശുകാര് പിള്ളേര് പഠിക്കുന്ന ഇംഗ്ലീഷ് കോഴ്സല്ലേ ഇപ്പൊ അവിടെ നടക്കുന്നത്?

ഇതൊക്കെ പറഞ്ഞപ്പോഴാണാലോചിച്ചത്, കുക്കുസാറ് റിട്ടയറായെന്നും കോളേജിനു പുതിയൊരു പ്രിന്‍സിപ്പാളായെന്നുമൊക്കെ അറിഞ്ഞു. പുതിയ ആളെങ്ങനെ? ആരുവന്നാലുമെന്താ അല്ലെ, ചേട്ടനെത്രപേരെ കണ്ടിരിക്കുന്നു, ജൂനിയര്‍ സാറായി തുടങ്ങി പ്രിന്‍സിപ്പാള് വരെ ആയവരെ. പീജി ഹോസ്റ്റലില്‍ താമസിച്ച് ചേട്ടന്റെ മെസ്സിന്നു കഴിച്ചവരൊക്കെ പിന്നീട് കോളേജിന്റെ തലപ്പത്തു വന്നിട്ടില്ലേ. എന്നാലും ഇന്നുവരെ ചില കാന്റീന്‍കാരെപ്പോലെ ആരെയും പ്രീതിപ്പെടുത്താനൊന്നും ചേട്ടന്‍ പോയിട്ടില്ലല്ലോ. അതുതന്നെയാ നല്ലത്. പിന്നെ ചെയ്യുന്ന പണിയില് കള്ളത്തരം കാണിക്കാത്തതുകൊണ്ട് അതിന്റെ ആവശ്യവുമില്ല. എന്നാലും ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് കോളജിന്റെ ആള്‍ക്കാരീന്ന് ഇത്ര അകലം ഒന്നും സൂക്ഷിക്കേണ്ട കാര്യമില്ലന്ന്. തുടര്‍ച്ചയായി അവരീന്നു നേരിടേണ്ടി വന്ന അവഗണകൊണ്ടായിരിക്കും ചേട്ടന്‍ അവരില്‍ നിന്നൊക്കെ അകന്നുമാറി ജീവിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂര മാറ്റിതരാന്‍ പറഞ്ഞ് ചേട്ടനെത്ര പടികള്‍ കയറിയിറങ്ങിയതാണ്. എന്നിട്ടെന്തു കാര്യം. എന്നാലും ആരോടും ഒരു പരാതിയും പറയാതെ അങ്ങനെയങ്ങനെ ഓരോ മഴക്കാലവും നേരിട്ട് മുന്നോട്ടുപോകുന്നുവല്ലേ. ഞാനവിടെ ആസ്ക്‌വിത്ത്‌ ഹോസ്റ്റലില്‍ താമസിക്കുമ്പോത്തന്നെ മെസ്സിന്റെ അവസ്ഥ ദയനീയമായിരുന്നു. പിന്നെ അതിന്‍റെ പുതുക്കിപ്പണിയല് വല്ലതും നടന്നായിരുന്നോ?

അന്നൊക്കെ കോളേജിനെ മുന്‍പിലെ ചായക്കടയില്‍ നിന്ന് ചായക്കും നീണ്ട വര്‍ത്തമാനങ്ങള്‍ക്കും ശേഷം തിരിച്ചു വന്നാപ്പിന്നെ എന്‍റെ ആകെയുള്ള പ്രതീക്ഷ രാത്രി കഞ്ഞിയും പയറുമായി വരുന്ന ചേട്ടനാണ്. മെസ്സിലേക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കിക്കഴിഞ്ഞിട്ട് എട്ടു മണിക്ക് അടുപ്പത്തിടുന്ന അരി വെന്ത് പയറും കറിവെച്ച് പീജിയില്‍ നിന്നും ആസ്ക്‌വിത്തിലെത്താന്‍ വൈകുമെന്നറിയാവുന്നതുകൊണ്ട് ചിലപ്പോഴൊക്കെ ഞാനും, മെസ്സും പ്രതാപവും അസ്തമിച്ചുപോയ ആസ്ക്‌വിത്തിന്‍റെ മറ്റന്തേവാസികളായ അനുമോന്‍, അരുണ്‍, എബ്രഹാം, ടോംസ് എന്നിവര്‍ക്കൊപ്പം ദേശാഭിമാനി, ദീപിക ഇങ്ങനെ പത്രസ്ഥാപനങ്ങളുടെ കാന്റീനില്‍ പോയി കപ്പയും മത്തിക്കറിയും കഴിച്ചുവന്നിരുന്നു. ഞാന്‍ വിശന്നിട്ടു പുറത്തുപോയിക്കഴിച്ചു എന്നുപറഞ്ഞാല്‍ ചേട്ടനുവരുന്ന വിഷമമെനിക്കറിയാമയിരുന്നതിനാല്‍ അതൊന്നും ഞാന്‍ ചേട്ടനോട് പറഞ്ഞിട്ടില്ല. പക്ഷെ എത്ര വൈകിയാലും ചേട്ടന്‍ കഞ്ഞിയുമായ് അഞ്ചുബാറ്ററി ടോര്‍ച്ച് വെട്ടത്തില്‍ വരുമെന്നറിയവുന്നത് കൊണ്ട് വല്ലപ്പോഴും ഒന്നുരണ്ട് പെഗ്ഗടിക്കുന്ന രാത്രികളിലൊഴിച്ച് എന്നും ഞാനെന്നുമുണര്‍ന്നിരുന്നിരുന്നു. അല്ലെങ്കില്‍ത്തന്നെ വൈകുന്നേരം അഞ്ചരക്ക് സാംസ്ക്കാരിക ജീവിതം അവസാനിക്കുന്ന കോട്ടയം നഗരത്തിലെനിക്ക് ആകെ മിണ്ടാനും സ്നേഹത്തോടെ കഞ്ഞിവിളമ്പിത്തരാനും, കഴിക്കുന്നത്‌ നോക്കിനിന്നു നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനും തോമസുചേട്ടനല്ലാതെ വേറെ ആരുണ്ടായിരുന്നു. അങ്ങനെ സിഎമ്മസിന്റെ എത്രയെത്ര കഥകളാണ്, സംഭവങ്ങളാണ് അന്നൊക്കെ പറഞ്ഞിട്ടുള്ളത്. ഇതെന്റെ മാത്രം അനുഭവമാല്ലല്ലോ, അവിടെ പഠിച്ചുപോയ ഒരുപാടുപേരുടെ കഥയും ഓര്‍മ്മയുമൊക്കെയല്ലേ.

തോമസ്സുചേട്ടന്‍ പറഞ്ഞ സിയെമ്മസ്സു കഥകളൊക്കെ ഞാനിടക്കോര്‍ക്കാറുണ്ട് കേട്ടോ. എന്തെല്ലാം സംഭവങ്ങളാണ് ആ ഇംഗ്ലീഷ്കാര് പണിത കെട്ടിടങ്ങള്‍ കണ്ടിട്ടുള്ളതെന്ന് കഥകളെല്ലാം കേട്ട് ഞാനോര്‍ക്കറുണ്ടായിരുന്നു. ചേട്ടന്‍ ഓരോ അത്താഴത്തോടൊപ്പവും പറയുന്ന ഓരോ കഥകളും എന്റെ മനസ്സിലെ സിയെമ്മസ്സിന്റെ രൂപം മാറ്റി വരച്ചുകൊണ്ടിരുന്നു. അവിടെ പഠിച്ചിട്ടില്ലെങ്കിലും കോളേജിലെ വേനലും, മഴയും, സമരങ്ങളും, അവധിക്കാലവും, ക്യാമ്പസ്‌ വിപ്ലവങ്ങളും, വരകളും, പ്രണയവും, പട്ടിണിയും, തോല്‍വിയും, വിടവാങ്ങലുകളും എല്ലാംമെല്ലാം സിയെമ്മസ്സിന്റെ ഇടനാഴികളില്‍ ഞാനും കണ്ടു, തോമസ്സു ചേട്ടന്റെ അത്താഴ കഥകളിലൂടെ. ഈ അടുത്ത നാളില്‍ സിയെമ്മസ്സിന്റെ ക്യാമ്പസില്‍ ഷൂട്ട്‌ച്യ്ത ക്ലാസ്സ്‌മേറ്റ്സ് എന്ന പടം കണ്ടു. അതിലെ കാന്റീന്‍ ഒക്കെ കണ്ടപ്പോ ഞാന്‍ തോമസ്സുചേട്ടനെ ഒരുപാട് ഓര്‍ത്തു കേട്ടോ.

കോളേജില്‍ പഠിപ്പിച്ചു പോയ വലിയ വലിയ അധ്യാപകരെ, അവര് മെസ്സില്‍ കഴിക്കാനെത്തുമ്പം കേട്ടുമനസ്സിലാക്കിയ ഒരുപാട് പുതിയ കാര്യങ്ങള് ഒക്കെ എത്ര കൃത്യമായാണ് ഇന്നലെ നടന്ന കാര്യങ്ങള് പോലെ പറയുന്നത്. ഇവിടെ ഡല്‍ഹിയില് ക്ലാസ്സെടുക്കാന്‍ പോകുമ്പോഴിടക്കൊക്കെ ചേട്ടന്‍ പറഞ്ഞിട്ടുള്ള വലിയ അധ്യാപകരെപ്പറ്റിയും, അവരെ ഞങ്ങള്‍ പുതിയ തലമുറ മാത്രുകയാക്കണമെന്നു പറയാറുള്ളതുമൊക്കെ ഞാനോര്‍ക്കും. അവര്‍ക്കൊക്കെ വെച്ചുവിളമ്പാന്‍ പറ്റിയത് ഒരു വലിയ ഭാഗ്യമായി, ചരിത്രനിയോഗമായി കരുതിയിരുന്ന ചേട്ടനെ കാണുമ്പോ സത്യം പറയാല്ലോ എനിക്ക് സങ്കടമാണ് വന്നിരുന്നത്. കാരണം മെസ്സ് നടത്തുന്നതൊരിക്കലും ചേട്ടനൊരു ബിസിനസ്സായിരുന്നില്ലല്ലോ. ഈ കഴിഞ്ഞ പത്തുനാല്പ്പതു വര്‍ഷത്തിനിടയില്‍ എത്രപേരാണ് കഴിച്ച ആഹാരത്തിന്റെ കാശുതരാതെ പോയിരിക്കുന്നത്. ചേട്ടന്റെ പൂര്‍വാശ്രമത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായിരുന്നപ്പോ, കാശു തരാതെ പോയ ഒരാളുടെ മുഖത്തു ചായ ഒഴിച്ച കഥ പറഞ്ഞിട്ടില്ലേ. പക്ഷെ ഞാനിടക്കൊക്കെ ഓര്‍ക്കും ആ ധീരന്‍ എങ്ങനെയിത്ര മാറിപ്പോയെന്ന്, കാശുതന്നില്ലെങ്കിലും ഒന്നും കറുത്തുപറയാതെ നടന്നുപോകുന്ന ചേട്ടനെ അവര്‍ ഒട്ടും ഗൌരവത്തില്‍ കണ്ടിട്ടുണ്ടാവില്ല. ഒരു താല്‍കാലിക അധ്യാപകന്‍റെ ഗതികേടറിയവുന്നതുകൊണ്ട് എന്നോടുതന്നെ എത്ര തവണ പറഞ്ഞിട്ടുണ്ട് “കാശിനു പ്രയാസമാണെ പിന്നെത്തന്നാമതി സാറേയെന്ന്”.

തോമസ്സുചേട്ടന്റെ ഊണിനു വലിയ പ്രചാരമുള്ള കാലത്തെപ്പറ്റി എത്രതവണ അഭിമാനത്തോടെ പറഞ്ഞിരിക്കുന്നു. അതൊക്കെയെങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുപോലെ തകര്‍ന്നുപോയി എന്ന് ഞാനിപ്പോഴും ആലോചിക്കാറുണ്ട്. പീജിമെസ്സിലെ നാടണൂനും വൈകുന്നേരത്തെ ചപ്പാത്തിയും കറിയുമൊന്നും പിള്ളേര്‍ക്ക് വേണ്ടാതായിരിക്കുന്നുവല്ലേ. പണ്ടൊക്കെ കോട്ടയത്തെ എല്ലാ ചായക്കടകളും നമ്മുടെ മെസ്സുപോലെതന്നെ നാടനല്ലായിരുന്നോ. പക്ഷെ പുതിയ പിള്ളേരുടെ ഇഷ്ടമൊക്കെ മാറിപ്പോയില്ലേ. അവര്‍ക്ക് വേണ്ടി പുതിയ വിഭവങ്ങള്‍ നഗരത്തിലെത്തിയിട്ടെത്ര കാലമായിക്കഴിഞ്ഞു. പിന്നെ, ജീവിക്കാന്‍ വേണ്ടി പശുവളര്‍ത്താന്‍ പോയതും പ്രശനമായി. പിള്ളേര്‍ക്ക് തൊഴുത്തിന്റെയും ചാണകത്തിന്റെയും ഒന്നും മണം ഇഷ്ടപ്പെട്ടില്ല. അവരു പുറത്തുപോയി കഴിക്കാന്‍ തുടങ്ങി. ഒപ്പം ഹോസ്റല്‍, വാര്‍ഡനൊന്നുമില്ല്ലാതെ, ഒരു നാഥനില്ലാ കളരിയാവുകയും ചെയ്തു. പിള്ളേര് എപ്പോഴെങ്കിലും കയറിവരും. പിന്നെ അവര്‍ക്കെന്തു മെസ്സ്. പക്ഷെ ഇന്നും ഇവിടുത്തെ ചപ്പാത്തിയും ദാലുമൊക്കെ കഴിക്കുമ്പോള്‍ ഞാനാ നാടന്‍ രുചിയൊക്കെ ഓര്‍ക്കാറുണ്ട് കേട്ടോ. ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലൊക്കെ നാടന്‍ വിഭവങ്ങള്‍ക്ക് നക്ഷത്രപദവിയാണ്. എന്നാലും അതൊന്നും തോമസ്സുചേട്ടനെ ഇന്നുവരെ പ്രലോഭിപ്പിച്ചിട്ടില്ലല്ലോ എന്നും ഞാനോര്‍ക്കാറുണ്ട്.

നാടന്‍ രുചികള്മാത്രമല്ല, ചേട്ടന്‍ പറഞ്ഞുതരാരുള്ള സിയെമ്മസ്സു കഥകളും എനിക്കിപ്പോഴും കേള്‍ക്കാന്‍ കൊതിയാവാറുണ്ട്. മഹാന്മാരായിരുന്ന അധ്യാപകരെപ്പറ്റിപ്പറയുമ്പോള് ആ ചുവന്ന കണ്ണുകളില്‍ കാണുന്ന ബഹുമാനവും വര്‍ഷങ്ങള്‍ക്കുമുന്പു പഠിച്ചുപോയ കുട്ടികളെപ്പറ്റിപ്പറയുമ്പോള്‍ വാല്‍സല്യവും നിറയുന്നത് ഞാനത്ര തവണ കണ്ടിരിക്കുന്നു. കണിശക്കാരായ പ്രിന്സിപ്പാളുമാരെപ്പറ്റി പറയുമ്പോ അറിയാതെ കണ്ണുകളില്‍ പേടി വരുന്നതും, അവരെക്കെ റിട്ടയര്‍ ചെയ്തു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും ചേട്ടന്‍ പ്രിസിപ്പാളോഫ്ഫിസിന്റെ പരിസരത്തുപോലും പോകാന്‍ മടിക്കുന്നതും ഇപ്പോഴും ഞാനോര്‍ക്കുന്നു. പിന്നെ ആസ്ക്‌വിത്തിലെ കുട്ടികളോട് ഒരു സാറായ ഞാന്‍ അടുത്തിടപകേണ്ട എന്ന നിലപാടുകാരനായിരുന്നില്ലേ ചേട്ടനെന്നും. പഴയ രീതിയിലുള്ള ഗുരു-ശിഷ്യബന്ധത്തിന്റെ കാലമൊക്കെ മാറിപ്പോയില്ലേ. പക്ഷെ അതൊന്നും ഇപ്പോഴും സമ്മതിച്ചുതരില്ല എന്നെനിക്കറിയാം.

ഒടുവില്‍ സിയെമ്മസ്സില് വന്നപ്പോഴാണറിയുന്നത് ഞാനും ചേട്ടന്റെ കഥകളിലൂടെ സിയെമ്മസ്സിന്റെ ചരിത്രത്തിലിടം നേടിയെന്ന്. അവിടെ വന്നപ്പോ പീജിഹോസ്റ്റലിലെ രണ്ടുമൂന്ന് പിള്ളേരെക്കണ്ടു. തോമസുചേട്ടന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് അവര്‍ക്കെന്നെ പെട്ടന്നു മനസ്സിലായി. അപ്പൊ എനിക്ക് വലിയ സന്തോഷമായി കേട്ടോ, ചേട്ടനവിടെ നില്‍ക്കുന്ന കാലത്തോളം കോളേജിന്റെ പുതുതലമുറകള്‍ എന്നെപ്പറ്റിയും കേള്‍ക്കുമെന്നറിയുന്ന സന്തോഷം. പക്ഷെ ഇപ്പൊ കോളേജില്‍ പഠിക്കുന്ന വിരലിലെണ്ണാവുന്നര്‍ക്കേ മൈതാനത്തിന് താഴെ ഒരു ഹോസ്റെലും അതിനൊരു മെസ്സും അതിന് കോളേജിന്റെ ചരിത്രത്തില്‍ വലിയ ഒരിടമുണ്ടെന്നുമൊക്കെ അറിയാവു. അതിലും കുറച്ചു പേര്‍ക്കേ അതിന്‍റെ ചരിത്രമുണ്ടാക്കുന്നതില്‍ തോമ്സ്സുചേട്ടന്‍റെ ജീവിതത്തിനുള്ള വലിയ പങ്കിനെപ്പറ്റിയറിയു. കോളേജിന്റെ എഴുതി വെച്ച ചരിത്രത്തിലൊന്നും ചേട്ടനുണ്ടാവില്ല. പത്തുകൊല്ലം തികച്ച് ഒരു കാന്റീന്‍ നടത്താത്തവര് കൊട്ടിഘോഷിച്ചു വനിതാമാസിയിലും ചാനലിലുമൊക്കെ അഭിമുഖവും പടവുമൊക്കെ കൊടുക്കുന്ന കാലമാണിതെന്നുകൂടി ഓര്‍ക്കണം. കോളേജിന്റെ, പീജിഹോസ്റെലിന്റെയൊക്കെ അനേകം വിടവാങ്ങല്‍ പരിപാടികളില്‍ കേട്ടിട്ടുള്ള ഒരു വാചകമില്ലേ ‘താങ്കള്‍ ഈ കോളേജിന്റെ, ഞങ്ങളുടെ ഹൃദയത്തില് ജീവിക്കു’മെന്നൊക്കെ, ശരിയായിരിക്കാം, ആരുടെയെങ്കിലുമൊക്കെ നാവിലെ രുചികളില്‍ തോമസ്സുചേട്ടന്‍ ഒരു കൈപ്പുണ്യമായി സിയെമ്മെസിന്റെ ഒര്‍മകള്‍ക്കൊപ്പം ജീവിക്കുന്നുണ്ടാവണം. ഒരു വര്‍ഷം മാത്രമവിടെ താമസിച്ചു പഠിപ്പിച്ചു പോയ, അത്താഴബന്ധം മാത്രമുണ്ടായിരുന്ന ഒരു താല്‍ക്കാലിക അധ്യാപകന് ഇത്രയുമൊക്കെ ഓര്‍ത്തിരിക്കാമെങ്കില് എത്രപേര്‍ എവിടെയെല്ലാം എന്തെല്ലാം ഓര്‍മകളുമായി തോമസ്സുചേട്ടനെ ഒന്നുകൂടി പോയി കാണണമെന്ന് വിചാരിക്കുന്നുണ്ടാവും

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. അപൂര്‍വ്വമായിമാത്രം ചിരിപടരുന്ന ആ മുഖത്ത് ഈ കത്ത് ഒരു ചിരിപടര്‍ത്തുമെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇതിനൊരു മറുപടി എഴുതാന്‍ പറ്റിയില്ലെങ്കിലും രാത്രി ഏറെ വൈകിയും സായിപ്പമ്മാരുടെ ശവക്കോട്ടക്കുതാഴെ പശുവിനെയും തീറ്റി നടക്കുമ്പോള്‍ ആരോടിന്നില്ലാതെപറയുന്ന വര്‍ത്തമാനങ്ങള്‍ എന്നോടായിപ്പറയുക. പിന്നൊരു കാര്യം കൂടി, അന്നൊരിക്കല്‍ ഒരു രാത്രിയില്‍ ഞാന്‍ കൂട്ടുകാരനൊപ്പം അല്‍പ്പം കഴിച്ചുകൊണ്ടിരുന്നത് അറിഞ്ഞിട്ടും കാണാത്തപോലെ പോയില്ലേ, ആ കൂട്ടുകാരന്‍ ഇപ്പൊ വിളിക്കുമ്പോഴും ചേട്ടനെപ്പറ്റി ചോദിക്കാറുണ്ട്.

ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ മാര്‍ബിള്‍ തറയില്‍ ഞാന്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കുമ്പോള്‍ കക്ഷത്തിലൊരു സഞ്ചിയും കൈയില്‍ പാല്പാത്രവുമായി ചാപ്പലും, ഗ്രൌണ്ടാനകളും കടന്ന്‌ മെയിന്‍ഗേറ്റിലേക്ക് ചേട്ടന്‍ നടന്നു പോകുന്നത് ഒരിക്കല്‍ക്കൂടി കാണണെമെന്ന് ഒത്തിരി ആഗ്രഹിക്കാറുണ്ട്. എന്ന് സാധിക്കുമെന്ന് മാത്രമറിയില്ല. പിന്നെ, നമ്മളന്നു പറയാറുള്ളതുപോലെ ഞങ്ങള്‍ക്കെല്ലാം സിയെമ്മസ്സ് ഒരിടത്താവളം മാത്രമായിരുന്നില്ലേ, തോമസ്സുചേട്ടന് ജീവിതവും.

നിറുത്തട്ടെ,

ഉടനെ കാണാം എന്ന പ്രതീക്ഷയില്‍,

ഒത്തിരി സ്നേഹത്തോടെ,

ജസ്റ്റിന്‍

Tuesday, January 5, 2010

ഓര്‍മ്മകളിലെ ഞുഞ്ഞപ്പന്‍ ചേട്ടന്‍

ഒരു നാട് ഞുഞ്ഞപ്പന്‍ ചേട്ടനോട് വിടപറഞ്ഞു. ഉയര്‍ച്ച-താഴ്ചകളില്‍ ആഘോഷം കണ്ടെത്തി ജീവിതം ഒരു നാടിന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെച്ച് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മടുപ്പിക്കുന്ന മഞ്ഞയും ക്ലാവ്മണവും നിറഞ്ഞ വേദനകളില്‍ നിന്നും ഞുഞ്ഞപ്പന്‍ ചേട്ടന്‍
ഒരു നീണ്ട യാത്രപോയി. പതിവിനുവിപരീതമായി, തിരിച്ചുവരാത്ത ഒരു നീണ്ട യാത്ര. ചരിത്രത്തില്‍ വലിയ ഇടങ്ങളൊന്നും ബാക്കിവെയ്ക്കാതെ കടന്നു പോയ ഒരു സാധാരണജീവിതത്തിനെഴുതുന്ന ഓര്‍മ്മക്കുറിപ്പ്‌.

ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ മന്നാത്തറ എന്ന ഗ്രാമത്തിന് ഞുഞ്ഞപ്പന്‍ ചേട്ടന്‍ പുറംലോകത്തേക്കുള്ള ഒരു വാതിലായിരുന്നു. കര്‍ഷകന്‍, കച്ചവടക്കാരന്‍ എന്ന നിലകളില്‍ ഒരു പാതി- വിജയമായിരുന്നു അഞ്ചു പതിട്ടാണ്ട്മാത്രം നീണ്ട ആ ജീവിതം. പശ്ചിമഘട്ടത്തിലേക്കുള്ള ഇടനാട്ടിലെ കര്‍ഷകരുടെ കുടിയേറ്റത്തിന്റെ രണ്ടാംതലമുറയില്‍പെട്ട ആളാണ് ഞുഞ്ഞപ്പന്‍ ചേട്ടന്‍. എറണാകുളം ജില്ലയിലെ കോതമംഗലം എന്ന ചെറുപട്ടണത്തിനടുത്തുള്ള പൂച്ചക്കുത്തില്‍ നിന്നും അന്‍പതുകളുടെ അവസാനം മണ്ണ്തേടിവന്ന, പഠനം പാതിവഴിയില്‍ കളയേണ്ടിവന്ന, ഇടത്തരം നസ്രാണി കുടുംബത്തിലെ കൗമാരക്കാരില്‍ ഒരാള്‍. അറിവിനോട് ഒരിക്കലും തീരാത്ത ആവേശം, ജീവിതത്തോടുള്ള വേറിട്ട കാഴ്ച്ചപ്പാട്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, ഇതെല്ലം ചേട്ടനെ ആ ചെറുഗ്രാമത്തിന്‍റെ അഭിമാനമാക്കി. എന്നാല്‍, തകര്‍ന്നുപോയ കച്ചവടം ആ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് പ്രവാസകാലം, അത് മന്നാത്തറഗ്രാമവാസികള്‍ക്ക്, ചേട്ടനെ അന്യമായ ഒരു നീണ്ട ഇടവേള. തൊണ്ണൂറുകളുടെ അവസാനം പ്രവാസത്തിന്‍റെ ഓര്‍മകളുമായി രണ്ടാംവരവ്. വേദനകളുടെ, ആശുപത്രി വാര്‍ഡുകളിലെ, ഡയാലിസിസ് മുറികളിലെ അവസാനകാലം...

ഞുഞ്ഞപ്പന്‍ ചേട്ടനെ ആ ചെറുഗ്രാമത്തില്‍ വേറിട്ട ഒരാളാക്കിയത് യാത്രകളും, തകര്‍ച്ചയില്‍ നിന്നുള്ള രണ്ടാംവരവുമായിരുന്നു. കച്ചവടത്തിനായിട്ട് നടത്തിയ ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍, കര്‍ണാടകത്തിലെ പ്രവാസം, ഇതെല്ലാം കൊടുത്ത ഒരു വന്‍ സുഹൃത് വലയം. അതില്‍ കര്‍ണാടകത്തിലെ കാപ്പികര്‍ഷകര്‍ തുടങ്ങി കൊച്ചിയിലെ മീന്‍പിടുത്തക്കാര്‍ വരെയുണ്ടായിരുന്നു. ചേട്ടന്‍ ഉണ്ടാക്കിയെടുത്ത സുഹൃത് വലയമായിരുന്നു ആ ജീവിതത്തിന്‍റെ നീക്കിയിരുപ്പ്. ഇടുക്കിക്കാര്‍ക്ക് സംസ്ക്കാരികമായി വലിയ അടുപ്പമൊന്നുമില്ലാത്ത വയനാട് പോലുള്ള സ്ഥലങ്ങളില്‍ നിന്നുവരെ ചേട്ടന് കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഒരു കര്‍ഷകനോ കച്ചവടക്കാരനോ സാധാരണരീതിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത സുഹൃത് സംഘം.എല്ലാ നീണ്ട യാത്രകള്‍ക്കും, പ്രവാസങ്ങള്‍ക്കും ഒടുവില്‍ മന്നാത്തറയില്‍ വന്ന്, സഞ്ചരിച്ച നാടുകളെപ്പറ്റി, കണ്ട ആളുകളെപ്പറ്റി, കഴിച്ച ആഹാരത്തെപ്പറ്റി എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നു. ഞുഞ്ഞപ്പന്‍ ചേട്ടന്റെ അറിവുകള്‍ക്ക്, അന്വേഷണങ്ങള്‍ക്ക് ദേശത്തിന്റെ അതിരുകള്‍ ഒരിക്കലും തടസ്സമായിരുന്നില്ല.ഒരു ഇടതുപക്ഷസഹയാത്രികനായിരുന്നില്ല ചേട്ടന്‍ ഒരിക്കലും. എങ്കിലും താഴെത്തട്ടിലുള്ള ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും നിലനില്‍പ്പിനുവേണ്ടി നടത്തിയിരുന്ന പോരാട്ടങ്ങള്‍, അവരുടെ ജീവിതവഴികള്‍ എല്ലാമാണ് ചേട്ടന്‍ അന്വേഷിച്ചുചെന്നിരുന്നത്, സഹാനുഭൂതിയോടെ കണ്ടിരുന്നത്‌. .

ഓര്‍മ്മ
നിരവധി ഓര്മകളാണ് ഞുഞ്ഞപ്പന്‍ ചേട്ടനെക്കുറിച്ച്. മന്നാത്തറയിലെ ഓരോ ആള്ക്കും ചേട്ടനെ ഓര്മയില്‍ എന്നും നിലനിറുത്തുന്ന ഒരു കഥയെങ്കിലും പറയാന്‍ കാണും. തോപ്രാംകുടിയിലെ ഇടത്തരം കച്ചവടക്കാര്ക്ക് പറയാനുണ്ടാവുക എണ്പ‍തുകളുടെ പ്രഭാവമായിരിക്കും. തോപ്രാംകുടിയില്‍ വല്ലപ്പോഴും മാത്രം കണ്ടിരുന്ന നാനുറ്റിയേഴുലോറിയില്‍ ഏറണാകുളത്ത് കച്ചവടആവശ്യവുമായി പോകുന്ന ചേട്ടനെ അവരിലാ ര്‍ക്കാണ് മറക്കാനാവുക? ഇന്നു വാഹനങ്ങള്‍ തോപ്രാംകുടിയെ ഞെരുക്കുന്നുവെങ്കില്‍ അന്ന് വാഹനങ്ങളില്ലാതെ നാട്ടുകാര്‍ ഞെരുങ്ങുന്ന കാലം. അന്ന് ചേട്ടന്‍ രണ്ടു വണ്ടികളുടെ ഉടമയായിരുന്നു. ചേട്ടന്‍റെ വണ്ടിയില്‍ ഡ്രൈവിംഗ് പഠിച്ചവര്‍‍, കടയില്‍ ജോലി നോക്കിയിരുന്നവര്‍, മര്ച്ച്ന്റ് അസോസിയേഷന്കാ‍ര്, കരിമ്പനില്‍ നിന്നു ചേട്ടനോടൊപ്പം വണ്ടിയില്‍ കയറി ഇരുട്ടുന്നതിനുമുന്പ് വീട്ടിലെത്തിയവര്‍, ഇവര്ക്കെല്ലാം എഴുതിവെയ്ക്കാത്ത ഒരുപാട് ഓര്മ്മകള് കാണും.

എന്‍റെ തലമുറയുടെ ഓര്മകളില്‍ ആദ്യം വരിക റേഡിയോയും, ദീപിക പത്രവും ആശ്രയിച്ചിരുന്ന ഒരു നാട്ടില്‍ ഒത്തിരിപുതുമകളുമായി ഞുഞ്ഞപ്പന്‍ ചേട്ടന്‍ എന്നും ഒന്നാംനിരയില്‍ തന്നെ നിന്നിരുന്നതാണ് . കൃഷിയും കച്ചവടവും ഒരുമിച്ചു നടത്തിയ ചുരുക്കം ചിലരില്‍ ഒരാള്‍. പെട്രോള്‍ ജീപ്പും ടെലിഫോണും ആദ്യം പരീക്ഷിച്ചവരുടെ കൂട്ടത്തില്‍ ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും ഉണ്ടായിരുന്നു. മന്നത്തറയുടെ മണ്‍വഴികളില്‍ പൊടി പറത്തി വരുന്ന നീല ജീപ്പ് ഞങ്ങള്ക്ക് എന്നും ആവേശമായിരുന്നു. മന്നാത്തറയില്നിന്നും രണ്ടു കിലോമീറ്റര്‍ നടന്നു തോപ്രാംകുടിയില്‍ പോയി പഠിച്ചിരുന്ന എനിക്കും, ഷൈജുവിനും ഞുഞ്ഞപ്പന്‍ ചേട്ടന്റെ ജീപ്പ് പലപ്പോഴും ആവേശകരമായ യാത്രകള്‍ തന്നിരുന്നു. എന്നാല്‍, എണ്‍പതുകളില്‍ കുരുമുളകിന്റെ വിലക്കൊപ്പം ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും തകര്ന്നു . കടം കയറി കര്‍ണാടകത്തില്‍ നീണ്ട പ്രവാസം. ഞങ്ങള്‍ കുട്ടികള്‍ പിന്നീട് വന്ന പല ജീപ്പുകള്ക്കും കൈകാട്ടി. എന്നാല്‍ അവരെല്ലാം ഒന്ന് നോക്കുകപോലും ചെയ്യാതെ കടന്നുപോയി.

മന്നാത്തറയിലെ ഇപ്പോഴത്തെ ചെറുപ്പക്കാര്ക്ക് ഓര്‍മ്മവരിക കര്ണാടകയുടെ കഥകള്‍ പറയുന്ന മുറുക്കിചുവപ്പിച്ച ഒരു നാട്ടിന്പുറത്തുകാരനെ; യാത്രകളും, പ്രവാസവും മാറ്റിതീര്ത്ത ചേട്ടനെ; കൂടുതല്‍ സമയവും ഏകാനായി നടക്കുന്ന; ജീവിതം വഴിമാറിപ്പോയ ഒരു സാധാരണക്കാരനെയായിരിക്കും. ജീവിതത്തിന്റെ അവാസാനനാളില്‍ അമ്മ മരിച്ചു. ഒരുപക്ഷെ അതൊക്കെ ഒരു വല്ലാത്ത ആഘാതമായിരുന്നിരിക്കണം, പുറമേ ഒന്നും പ്രകടമായിരുന്നില്ലെങ്കിലും. പണവും കച്ചവടവും ഇല്ലാതായപ്പോള്‍ അടുത്തുനിന്നിരുന്നവരില്‍ പലരും ഇല്ലാതായി. എങ്കിലും അതിനെയൊക്കെ മറികടക്കാന്‍ ചേട്ടന് പറ്റിയത് എങ്ങനെയെന്നു മന്നാത്തറക്കാര്‍ക്ക് ഇന്നുമറിയില്ല. ഒരുപക്ഷെ പ്രവാസകാലത്തിലെ കൂട്ടുകാരില്‍ നിന്നൊക്കെയറിഞ്ഞ ഒറ്റപ്പെടലെന്ന സത്യത്തെ സ്വന്തം ജീവിതംകൊണ്ട് മനസ്സിലാക്കുകയായിരുന്നിരിക്കണം. ഒന്നുംചെയുവാനില്ലാതെ വന്ന കഴിഞ്ഞ കുറെ നാളുകളായിരിക്കണം തിരിച്ചുവരാനായുള്ള കരുത്ത് ഇല്ലാതാക്കിയത്.

എന്‍റെ ഓര്‍മ്മകളില്‍ നിഗൂഡമായ കരിക്കിന്മേടിനെപ്പറ്റി ആദ്യം പറഞ്ഞുകേട്ടതു ഞുഞ്ഞപ്പന്‍ ചേട്ടനില് നിന്നുമായിരുന്നു. ഞാന്‍ കൂടിയ ആദ്യവിവാഹം, ചേട്ടന്റെതായിരുന്നു. കോഴിക്കറിയും, കലവറയില്‍ വല്ലത്തില്‍ ചുട്ടുവെച്ചിരിക്കുന്ന പാലപ്പവും നെല്ക്കച്ചിയില്‍ താലികെട്ടിപഠിക്കുന്ന ചേട്ടനും...മൂന്നരവയസ്സില്‍ തുടങ്ങുന്നു ആ ഓര്‍മ്മകള്‍. തോടിനപ്പുറം നീലനിറത്തില്‍ ആകാശത്തോളം തലയുയര്ത്തി് നിന്നിരുന്ന കരിക്കിന്മേ്ട് കയറി തിരികെവന്ന ആദ്യ ആള്‍‍. നിലാവുള്ള രാത്രികളില്‍ നാട്ടുവഴികളില്‍ വര്ത്ത്മാനം പറഞ്ഞിരുന്ന ഉറക്കമില്ലാത്ത രാത്രികള്‍, കോതമംഗലത്തുള്ള എന്റെ‍ മുറിയില്‍ വന്നുനിന്ന ദിവസങ്ങള്‍, പറഞ്ഞ, പാതിവഴിയില്‍ പറഞ്ഞുനിറുത്തിയ ഒരുപാടു കഥകള്‍. ആശുപത്രിയില്‍ നിന്നും തിരികെ വീട്ടില്‍ വന്ന എന്‍റെ ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഒരുപാട് ആള്‍ക്കാരുടെ അനുഭവങ്ങള്‍ പറഞ്ഞുതന്ന ദിനങ്ങളെയൊന്നും മറക്കുവാനാകില്ല. പിന്നീട് ഞാന്‍ ഡല്ഹിയില്നിന്ന് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഒരു വലിയ കര്‍ഷകന്റെ ആകാംക്ഷയോടെ ഞാന്‍ ജീവിക്കുന്ന നാടിനെപറ്റി ചോദിച്ചറിഞ്ഞിരുന്നു. എന്‍റെ ഉച്ചയുറക്കത്തില്‍ മുടങ്ങിപ്പോയ ഞങ്ങളുടെ അവസാന കൂടിക്കാഴ്ച്ച ഒരു തീരാദുഃഖമായി എന്നും നില്‍ക്കുന്നു..

ഓര്മ്മകള്‍ നിരവധിയാണ്. എന്നാല്‍, ആരും ഓര്ക്കാതെ പോയത് ചേട്ടന്‍ ഇത്രയും പെട്ടെന്ന് ആ ഗ്രാമം വിട്ട് എന്നേക്കുമായി പോകുമെന്നതാണ്. ഓണാഘോഷം കഴിഞ്ഞുവന്ന ഞാനും സജിയുമൊക്കെ മന്നാത്തറതോട്ടിലേക്ക് ആര്‍ത്തലച്ചു വീഴുമ്പോള്‍ ഓര്‍ത്തിരുന്നില്ല ചേട്ടന്‍ തരുന്ന, എന്നെന്നും ഓര്‍മ്മിക്കാനുള്ള ഓണസമ്മാനമായിരുന്നു ആ തമാശുകളെന്ന്.

ജിസ്മി, നീ പപ്പയുടെ അവാസാന നിമിഷങ്ങളെപ്പറ്റി പറയുമ്പോള്‍ മന്നാത്തറത്തോടിന്‍റെ ഒറ്റത്തടിപ്പാലം കടന്ന് ചേട്ടനിനി വരില്ല എന്ന് ഗ്രിറ്റിയെപ്പോലെ എനിക്കും വിശ്വാസം വരുന്നില്ല.