Monday, April 7, 2014

ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?


- ജസ്റ്റിൻ മാത്യു
Story Dated: Monday , April 07 , 2014 12:33 hrs IST
ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയും ധനമന്ത്രിയും ആരായിരിക്കണം എന്ന ചോദ്യമാണ് വളരെ താല്പര്യപൂർവ്വം ആളുകൾ ശ്രദ്ധിക്കുന്നത്. നവലിബറൽ സമ്പദ് വ്യവസ്ഥയിൽ തുല്യപ്രാധാന്യമുള്ള മറ്റൊരു മന്ത്രിപദവിയാണ് മാനവശേഷി വികസനം. പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പവഴിയായ വിദ്യാഭ്യാസക്കച്ചവടത്തിന്റെ നിയന്ത്രണം മാനവശേഷി മന്ത്രാലയത്തിനാണ്. മതേതരജനാധിപത്യ വീക്ഷണമുള്ള, ശാസ്ത്രചിന്തയോട് ബഹുമാനമുള്ള, കച്ചവടമനസ്ഥിതിയില്ലാത്ത, കുറഞ്ഞത് മുന്നൂറു വർഷമെങ്കിലും മുന്നോട്ടു ചിന്തിക്കാൻ ശേഷിയുള്ള, നാലായിരം വർഷം പിന്നോട്ടുനോക്കാൻ വേണ്ട വായനാ താല്പര്യമുള്ള (വി.കെ.എൻ. പറഞ്ഞ ഭാഷയിൽ, അക്ഷരവൈരിയല്ലാത്ത) ഒരാളായിരിക്കണം രാജ്യത്തിറെ മാനവശേഷി വികസന വകുപ്പുമന്ത്രി.
വിദ്യാഭ്യാസമന്ത്രിമാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്
രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സ്വകാര്യവല്ക്കരിച്ചു തച്ചുതകർത്തുകഴിഞ്ഞു. സർക്കാർ സ്‌കൂളുകൾ നാണക്കേടിന്റെ പര്യായമാണ്. ദില്ലിയിൽ ഇടത്തരം ആളുകൾ കുട്ടികളുടെ നേഴ്‌സറി സ്‌കൂൾ പ്രവേശനത്തിന് സ്വകാര്യ മാനേജുമെന്റുകൾക്ക് നൽകുന്ന കുറഞ്ഞ കോഴ അൻപതിനായിരം രൂപയാണ്. കടത്തിൽ മുങ്ങി നിൽക്കുന്നവർ പോലും വട്ടിപ്പലിശക്ക് കടമെടുത്താണ് എൽകെജി പ്രവേശനത്തിന് കോഴ നൽകുന്നത്. സ്‌കൂൾ പ്രവേശനവും, മാസാമാസം കൊടുക്കേണ്ട വൻ ഫീസും താങ്ങാൻ പറ്റില്ല എന്ന തിരിച്ചറിവിൽ ഒറു സുഹൃത്ത് അറിയാതെ സംഭവിച്ച മൂന്നാമത്തെ ഗർഭം ഇല്ലാതാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് കേട്ടത്. സ്വകാര്യ സ്‌കൂളുകളുടെ നേഴ്‌സറി സ്‌കൂൾ പ്രവേശനത്തിൽ ദില്ലി ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോൺക്രീറ്റു കട്ടകൾ പാകിയ മുറ്റവും, എസി ക്ലാസ്മുറികളും, പശമുക്കിത്തേച്ച തുണിപോലെ വടിവൊത്ത ഇംഗ്ലീഷ് സംസാരവുമല്ല സ്‌കൂൾ വിദ്യാഭ്യാസമെന്നുപറയുന്ന എത്ര സ്വകാര്യസ്‌കൂളുകളുണ്ട്? 2011ലെ സെൻസസ് പറയുന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.12 ശതമാനം (158789287കുട്ടികൾ) ആറുവയസ്സിൽ താഴെയുള്ളവരാണെന്നാണ്. അതുകൊണ്ടുതന്നെ, വിദ്യാഭ്യസമാണ് ഏറ്റവും മികച്ച ബിസിനസ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ സർക്കാർ സ്ഥാപനങ്ങളാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. ജെ എൻ യു, ദില്ലി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, സയൻസ്, സോഷ്യൽ സയൻസ്, നിയമ, മാനവിക ഗവേഷണകേന്ദ്രങ്ങൾ തുടങ്ങി അനേകം സ്ഥാപനങ്ങളാണ് സാധാരണക്കാരന്റെ ജീവതത്തിലെ വിദ്യാഭ്യാസം നേടാനുള്ള പ്രതീക്ഷ. ഈ അവസ്ഥ മാറുകയാണ്. ഭയാനകമാണ് ഇന്ത്യൻ പൊതു സർവകലാശാലകൾക്കും സർക്കാർ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും മുകളിലുള്ള കച്ചവടക്കാരുടെ താല്പര്യം. പത്തുവർഷത്തിനപ്പുറം കാണാൻ കഴിയാത്തവരുടെ കൈകളിലാണ് ഇന്ന് മേൽപ്പറഞ്ഞ പല സ്ഥാപനങ്ങളും. വിദേശ രാജ്യങ്ങളിലെ മൂന്നാംകിട സർവകലാശാലകളെ കച്ചവടം നടത്താൻ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്ന നയമാണ് രണ്ടാം യുപിഎ സർക്കാരിനുണ്ടായിരുന്നത്. അവർക്കുവേണ്ടി ഇന്ത്യയിലെ പൊതു സർവകലാശാലകളെ നശിപ്പിക്കുക എന്നതായിരുന്നു വൈസ് ചാൻസലർമാരായി നിയമിക്കപ്പെടുന്നവരുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യസ കച്ചവടത്തേപ്പറ്റി ഒരു മലായാളിയോടും ആരും പറയേണ്ടതില്ല. കാരണം, കേരളം തന്നെയാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭീകരത അനുഭവിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനം.
മൗലാന ആസാദ്: മാനവശേഷി വകുപ്പിന്റെ മതേതര മുഖം.
കൊളോണിയൽ കാലത്ത് വരേണ്യ വർഗത്തിന്റെ കുത്തകയായിരുന്ന വിദ്യാഭ്യാസം സാധാരണക്കാരിലെത്തിക്കുക എന്ന വലിയ ചുമതലയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൾകലാം ആസാദ് കാര്യക്ഷമമായി നിർവഹിച്ചത്. 1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യസം തുടങ്ങി ഉന്നതവിദ്യാഭ്യസം വരെയുള്ള മേഖലകളിൽ ഏറ്റവും നിർണായകമായിരുന്നു. കൊളോണിയൽ മേധാവിത്വത്തിനും വർഗീയതക്കുമെതിരെയുള്ള പോരാട്ടത്തിൽ രൂപപ്പെട്ടുവന്ന ആസാദിന്റെ നിലപാടുകളാണ് അദ്ദേഹത്തിന്റെ കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട യുജിസി (Universtiy Grants Commission), സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ ഇന്നും നിർണായകമാക്കുന്നത്. ജനാധിപത്യത്തിന്റെ വളർച്ചക്ക് ഏറ്റവും നിർണായകം വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണമാണെന്ന് വിശ്വസിക്കുകയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന ആസാദ്.
പിന്നീടുള്ള രാജ്യത്തിന്റെ ചരിത്രത്തിലും ആസാദ് തുടങ്ങിവെച്ച പാരമ്പര്യം കുറച്ചെങ്കിലും നിലനിൽക്കുന്നുണ്ട്. 1975-77 കാലഘട്ടവും ബിജെപിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണിയുമാണ് അക്കാദമിക് സ്വാതന്ത്ര്യത്തിൽ കൈകടത്തിയതിന്റെ പേരിൽ ദുഷ്‌പേരു നേടിയ രണ്ടു സർക്കാരുകൾ. ബിജെപി മുന്നണിയുടെ മുരളി മനോഹർ ജോഷിക്ക് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്ത ഒന്നാം യുപിഎയിലെ അർജുൻസിംഗ് കോൺഗ്രസിലെ വംശനാശം വന്നുപോയ ലിബറൽ ചിന്താഗതിയുള്ള മന്ത്രിയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തന സ്വാതന്ത്ര്യവും, ഗവേഷകർക്ക് സ്‌കോളർഷിപ്പുകളും, അധ്യാപകർക്ക് മികച്ച ശമ്പളവും, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ സംവരണവും നടപ്പാക്കി മൗലാന ആസാദിന്റെ പിന്തുടർച്ചക്കാരനാകാൻ അർജുൻസിംഗിനു സാധിച്ചു.
മതവിദ്യാഭ്യാസത്തെ വരെ സർക്കാർ നിയന്ത്രണത്തിൽ നിർത്തണമെന്ന് വിശ്വസിച്ചിരുന്ന മൌലാന ആസാദിനെപ്പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യസ വകുപ്പിനുമാത്രമേ യു ജി സി പോലുള്ള സർക്കാർ ഏജൻസികളെ രൂപപ്പെടുത്താൻ സാധിക്കൂ. കപിൽ സിബലും പല്ലം രാജുവും ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന രണ്ടാം യുപിഎ സർക്കാർ യുജിസിയെ ഇല്ലാതാക്കാനുള്ള ശുപാർശകൾ പരിഗണിച്ചിരുന്നു. വ്യക്തികളുടെയും, കുടുംബങ്ങളുടെയും ഉടമസ്ഥതയിൽ സ്വയംഭരണ കോളെജുകളും സർവകലാശാലകളും കൂണുപോലെ മുളച്ചുപൊന്തുന്നതാണ് യുപിയെ സർക്കാരിന്റെ മറ്റൊരു വിദ്യാഭ്യാസ പരിഷ്‌കാരം. കഴിഞ്ഞ അഞ്ചുവർഷം നടന്നതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണം മുൻപൊരിക്കലും നടന്നിട്ടില്ല.
2014 പ്രതീക്ഷകളും ആശങ്കകളും:
മുഖ്യധാരാ മാധ്യമങ്ങൾ പുറത്തുവിടുന്ന തിരഞ്ഞെടുപ്പു വിശകലനം രാജ്യത്ത് ഒരു വലതുപക്ഷ ഫാസിസ്റ്റ് തരംഗമുണ്ട് എന്നാണ് ആവർത്തിച്ചു പറയുന്നത്. രണ്ടാം യുപിഎ സർക്കാർ അവഗണിച്ചുകളഞ്ഞ താഴ്ന്ന ഇടത്തരക്കാരുടെ പ്രശ്‌നങ്ങളെ വികസനത്തിനുവേണ്ടിയുള്ള മുറവിളിയാക്കി മാറ്റാൻ കോർപ്പറേറ്റു പണവും പിന്തുണയുമുള്ള മോദിക്ക് കഴിഞ്ഞിരിക്കുന്നു. മോദിയുടെ ഭരണത്തിനുകീഴിൽ ആരാകും ഇന്ത്യയുടെ മാനവശേഷിവകുപ്പു കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം അപ്രസക്തമാണ്. മോദി വന്നപ്പോൾ അദ്വാനിക്ക് മിതവാദിയുടെ പരിവേഷം ലഭിച്ചു. വാജ്‌പേയിയുടെ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യസം കൈകാര്യം ചെയ്തിരുന്ന മുരളി മനോഹർ ജോഷി ഹിന്ദുത്വ ആശയങ്ങൾ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള പല തീവ്ര വലതുപക്ഷ നിലപാടുകളുടെയും പേരിൽ ധാരാളം പഴികേട്ട മന്ത്രിയാണ്. മോദിയുടെ കീഴിൽ ആര് മാനവശേഷി വകുപ്പു കൈകാര്യം ചെയ്താലും (ഇനി അത് മുരളി മനോഹർ ജോഷിതന്നെയായാലും) പഴയ ജോഷിക്ക് മിതവാദിയുടെ മുഖം ലഭിക്കും.
സംസ്ഥാനങ്ങൾക്ക് കാര്യമായ സ്വയംഭരണമുള്ള വകുപ്പാണ് വിദ്യാഭ്യാസം. വ്യക്തികേന്ദ്രിത ഭരണവ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള വിവേചനാധികാരത്തിനു കാര്യമായ കോട്ടം തട്ടുമെന്ന ഭയം അക്കാദമിക് സാംസ്‌കാരിക മേഖലകളിൽ ശക്തമാണ്. സർവകലാശാലകൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കുമുള്ള സ്വയംഭരണവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കി ഈ മേഖലയിലും പൂർണമായ സ്വകാര്യവൽക്കരണമാണ് വലതുപക്ഷ വിദ്യാഭ്യാസനയം. മതവും സമുദായങ്ങളും സർക്കാർ നിയന്ത്രണമില്ലാതെ അക്കാദമിക് മേഖലയിൽ കൈകടത്തുന്നത് വിപണി താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് എന്ന് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഏകാധിപത്യവും, മതസമുദായ താല്പര്യങ്ങളും, വിപണിയുടെ യുക്തിയും മേൽക്കൈ നേടുന്നത് മതേതര സമൂഹ രൂപികരണമെന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യത്തെ ഇല്ലാതാക്കും.
മൂന്നാം മുന്നണിയെന്ന ഇപ്പോഴും നിലവിൽ വന്നിട്ടില്ലാത്ത ആശയത്തിലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീക്ഷ. കുറഞ്ഞപക്ഷം മതേതര കാഴ്ചപ്പാടും, വിദ്യാഭ്യാസ സ്വകാര്യവൽക്കരണവും ഒരുപരിധിവരെയെങ്കിലും തടഞ്ഞുനിറുത്താൻ പറ്റുന്ന കുറച്ചുപേർക്കെങ്കിലും സർക്കാരിന്റെ നയനിർമ്മാണത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്ന പ്രതീക്ഷയെങ്കിലും മൂന്നാംമുന്നണി ആശയത്തിൽ ഇപ്പോഴും ബാക്കിയുണ്ട്. ആം ആദ്മി പാർട്ടിയുടെ രാജ്‌മോഹൻ ഗാന്ധി (കിഴക്കൻ ദില്ലി) ജെ എൻ യു പ്രൊഫസർ ആനന്ദ് കുമാർ (വടക്കുകിഴക്കൻ ദില്ലി) യോഗേന്ദ്ര യാദവ് (ഗുഡ്ഗാവ്) മേധാ പട്കർ (വടക്കുകിഴക്ക് മുംബൈ) സിപിഎമ്മിന്റെ പി കെ ബിജു (ആലത്തൂർ) തുടങ്ങിയ സ്ഥാനാർഥികൾ ജയിച്ചു പ്രതിപക്ഷത്തെങ്കിലുമിരിക്കേണ്ടത് ഇന്ത്യയുടെ സ്വതന്ത്ര മതേതര വിദ്യാഭ്യസത്തിന് ആവശ്യമാണ്. പാർലമെന്റിനുള്ളിൽ ഇവരുടെ ഇടപെടലുകളിലാണ് പ്രതീക്ഷ.
(Published in newsmoments online portal: http://www.newsmoments.in/COLUMNS/2732/) 

No comments: