Monday, April 21, 2014

ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?


- ജസ്റ്റിൻ മാത്യു
Story Dated: Sunday , April 13 , 2014 12:11 hrs IST
ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?
വിദ്യാർഥികൾ സമൂഹത്തിലും രാഷ്ട്രീയത്തിലും നടത്തുന്ന ശക്തമായ ഇടപെടലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന കേരളം ഇന്ന് വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ലോകത്തിലെ മറ്റു സ്ഥലങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരളത്തിൽ ക്യാമ്പസ് രാഷ്ട്രീയം ഭീകരവത്കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധനവും മത മേധാവിത്വവും നടത്തുന്ന ഇടപെടലുകളുടെ അനന്തര ഫലമാണിത്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കുന്നതിന് അധികാരം കേന്ദ്രീകരിക്കപ്പെടുകയും, ജനാധിപത്യ സംവിധാനങ്ങളെയും മതേതര ചിന്തകളെയും തുടച്ചുനീക്കുകയും വേണം. കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിലെ കലാലയങ്ങളുടെ ചരിത്രം ഇതാണ് പറയുന്നത്. ഇതിൽ ഏറ്റവും പുതിയ സംഭവമാണ് കലാലയ രാഷ്ട്രീയത്തിന് കൂടുതൽ വിലക്ക് ഏർപ്പെടുത്താമെന്നു സമ്മതിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഒളിക്യാമറയും, സമരനിരോധനവും ഒപ്പം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സർവകലാശാലകൾ അംഗീകരിച്ചിട്ടില്ല എന്ന പുതിയ കണ്ടെത്തലുമൊക്കെയാണ് പത്രവാർത്തകളനുസരിച്ച് സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനു മുമ്പും അതിനുശേഷവുമെന്ന രീതിയിൽ കോളേജുകളുടെ ചരിത്രത്തെ തിരിക്കാമെന്ന് ദീർഘ കാലമായി കേരളത്തിൽ അധ്യാപക സംഘടനാ പ്രവർത്തനരംഗത്ത് സജീവമായുള്ള ഡോ. എൻ. ശശിധരൻ പറഞ്ഞത് ഓർക്കുന്നു. ജീവിക്കുന്ന ലോകത്തെയും ചുറ്റുപാടിനെയും മനസ്സിലാക്കാൻ സഹായിക്കുന്നതല്ല ഇന്നത്തെ കലാലയങ്ങളുടെ അന്തരീക്ഷമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. വിദ്യാർത്ഥികളുടെ മനോഭാവത്തിൽ അരാഷ്ട്രീയ കലാലയങ്ങൾ വരുത്തിയ മാറ്റം വളരെ ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു.
കലാലയ രാഷ്ട്രീയം പഠനത്തിനു തടസ്സമാണ് എന്നാണ് കോടതിക്ക് കിട്ടിയ പരാതിയുടെ ഉള്ളടക്കം. അതിന് കലാലയ രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന മന്ത്രിമാരടങ്ങുന്ന സർക്കാർ നൽകിയ മറുപടി നിരാശാജനകമാണ്.
കലാലയ ജീവിതം ക്ലാസ്സ്മുറിയുടെ ഉള്ളിൽ നടക്കുന്ന ചുരുങ്ങിയ പഠനം മാത്രമല്ല. ക്ലാസ്സ്മുറിക്ക് പുറത്തുള്ള ക്യാമ്പസിൽ നടക്കുന്ന സാമൂഹ്യ ഇടപെടലുകളും ചേർന്നതാണ്. വിദ്യാർഥികളുടെ മനോഭാവവും, വീക്ഷണവും രൂപപ്പെടുന്നത് ഇതിലൂടെയാണ്. അരാഷ്ട്രീയത കൊടികുത്തി വാണിരുന്ന ദില്ലി സർവകലാശാലയുടെ ഉദാഹരണം പറയാം. സർവകലാശാല നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് ഈ അടുത്തകാലത്ത് ദില്ലി സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയം വിദ്യാർഥികളുടെ രാഷ്ടീയമായി മാറിത്തുടങ്ങിയത്. ഒപ്പം, അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിൽ സർവകലാശാല വിദ്യാർഥികളുടെ പങ്കെടുക്കലും, ആം ആദ്മി പാർട്ടിയുടെ ഉദയവും, ബലാൽസംഗത്തിനെതിരെ കഴിഞ്ഞവർഷം നടന്ന പ്രതിഷേധവുമെല്ലാം പണവും മസിലും കാര്യം നടത്തിയിരുന്ന ഒരു ക്യാമ്പസിനെ രാഷ്ട്രീയമായി മാറ്റിയെടുക്കുകയായിരുന്നു.
ക്ലാസ്മുറിക്ക് പുറത്ത് അരാഷ്ട്രീയമായ പഠനേതര പ്രവർത്തനങ്ങൾക്ക് മുൻകൈയുണ്ടായിരുന്ന സ്ഥാനത്ത് സ്വകാര്യവൽക്കരണം, അഴിമതി, ദുരഭിമാനക്കൊലപാതകം, ജാതിഹത്യ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കെതിരെയുള്ള പോസ്റ്ററുകളും, ചുവരെഴുത്തുകളും, സോഷ്യൽ മീഡിയ കുറിപ്പുകളും ക്യാമ്പസിൽ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ വർഷം നടന്ന ദില്ലി സർവകാലശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് ലഭിച്ച വോട്ടിന്റെ ശതമാനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതു കാണിക്കുന്നത് വിദ്യാർഥികളുടെ ലോകവീക്ഷണത്തിലുള്ള മാറ്റമാണ്.
കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ ഭീകരവല്ക്കരിക്കുന്നതിൽ മത സംഘടനകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നു കൊടുക്കുന്ന യുജിസി ഗ്രാന്റും, ശമ്പളവുമെല്ലാം കൊണ്ടാണ് കേരളത്തിലെ മത ഉടമസ്ഥതയിലുള്ള കോളേജുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ മുളച്ചുപൊന്തുന്ന സ്വാശ്രയ കോളേജുകൾ വിദ്യാർഥി രാഷ്ട്രീയത്തെ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത്. സ്വകാര്യ സ്വത്തിനെ നയിക്കുന്നത് ലാഭക്കൊതി മാത്രമാണ്. കേരളത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള കലാലയ സമരങ്ങൾ മാനേജ്‌മെന്റുകൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഹാനികരമായ നിലപാടുകളും നയങ്ങളുമെടുത്തതിന്റെ പേരിലായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുപക്ഷസർക്കാർ സ്വകാര്യമാനേജുമെന്റുകളെ നിയന്ത്രിക്കാൻ ശ്രമിച്ചത് രണ്ടാം വിമോചന സമരമെന്ന പേരിലായിരുന്നു സഭാനേതൃത്വം നേരിട്ടത്. 1970 കാലത്ത് ലാറ്റിനമേരിക്കൻ കലാലയങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം അടിച്ചമർത്തൽ നേരിടുകയുണ്ടായി. അമേരിക്കൻ ഉപഭോഗ സംസ്‌കാരത്തിന് ചേർന്ന ജിവിത രീതികളുള്ള ചെറുപ്പക്കാരുടെ തലമുറയെ ഉണ്ടാക്കിയെടുത്തതാണ് അതിന്റെ അനന്തരഫലം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സൈനിക ഭരണമാണ് കലാലയങ്ങളെ അരാഷ്ട്രീയവല്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെങ്കിൽ കേരളത്തിലത് മത മേധാവിത്തമാണ്. കാ്യാമ്പസുകളിൽ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ കൂണുപോലെ മുളച്ചുപൊന്തുന്നത് ഈ അടുത്തകാലത്താണ്. രാഷ്ട്രീയമല്ല, അരാഷ്ട്രീയതയാണ് കേരത്തിലെ ക്യാമ്പസുകളിൽ പതിയിരിക്കുന്ന അപകടം.
വിദ്യാർഥി രാഷ്ട്രീയം ഇല്ലാതാക്കിയ എത്ര കലാലയങ്ങളിൽ മതസംഘടനകളുടെ പ്രവർത്തനം നിയന്ത്രിച്ചു നിർത്തുന്നുണ്ട് എന്നാലോചിക്കുക. മതേതരവൽക്കരണം മതത്തിനെതിരല്ല, മറിച്ച് സാമൂഹികവും നൈതികവും, സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെ മത നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിനിറുത്തുകയാണ് വേണ്ടതെന്നാണ് റോമില ഥാപ്പർ നിരീക്ഷിക്കുന്നത്. മാനേജുമെന്റുകൾക്ക് സിലബസ് രൂപപ്പെടുത്താൻവരെയുള്ള സ്വയംഭരണാധികാരം നൽകുമ്പോൾ മതേതരമായ നിലപാടെടുക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത്തരം അവസ്ഥയിൽ വിദ്യാർഥികളുടെ പ്രതികരിക്കാനുള്ള അവകാശം എടുത്തുകളയുന്നത് മതേതരവൽക്കരണത്തിനേൽക്കുന്ന വലിയ തിരിച്ചടിയാണ്.
ചുവർമാസികകളും, പോസ്റ്ററുകളുമില്ലാതെ, മാർബിൾ പതിച്ച മുറ്റങ്ങളും, തിളങ്ങുന്ന ചുവരുകളും കോളേജിന് താരപദവി നേടിയെടുക്കാൻ സഹായിക്കും. കെട്ടിടങ്ങളല്ല, വിദ്യാർഥികളാവണം ക്യാമ്പസിൻറെ കേന്ദ്രം. പുത്തൻ സാങ്കേതിക വിദ്യകളെ അടിച്ചമർത്തലിനുള്ള മാർഗമാക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഒളിക്യാമറകൾ. ക്ലാസ്സ്മുറികളിൽ ഒളിക്യാമറകൾ വെക്കുന്നത് സ്വതന്ത്രചിന്തയുടെ മുകളിലുള്ള കടന്നുകയറ്റമാണ്. കോളെജുകൾക്ക് ഇഷ്ട്ടാനുസരണം ഒളിക്യമറകൾ ഉപയോഗിക്കാൻ അനുവാദം നൽകുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞുവെക്കുന്നത്. ഇത് സ്വതന്ത്രമായ അധ്യാപക വിദ്യാർഥി സംവാദത്തെ ഇല്ലാതാക്കുകയാണ്. കേരളത്തിലെ മിക്ക കലാലയങ്ങളിലും ഒളിക്യാമറകണ്ണുകൾ മതത്തിന്റെ കണ്ണാണ്.
മതത്തോടൊപ്പം മൂലധനയുക്തിയും കലാലയങ്ങളുടെ സർഗാത്മകതയെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ് വിഷയങ്ങൾക്കു സമൂഹത്തിൽ കിട്ടുന്ന മുൻതൂക്കം ഉന്നതവിദ്യാഭ്യാസമേഖലയെ ഒരു പകർച്ചവ്യാധിയായി ബാധിച്ചിരിക്കുകയാണ്. ശാസ്ത്ര, മാനവിക നിയമ വിഷയങ്ങളെയും നാലുചുമരുകൾക്കുള്ളിലൊതുക്കാനുള്ള ശ്രമം അപകടകരമാണ്. കേരളത്തിൽ ശാസ്ത്ര, മാനവിക, വാണിജ്യ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് മധ്യവർഗത്തിലെ താഴ്ന്ന വരുമാനക്കാരാണ്. കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ നട്ടെല്ലും അവരായിരുന്നു. സംഘടിക്കാനുള്ള അവകാശത്തിൽക്കൂടിയായിരുന്നു വരേണ്യ മാനേജുമെന്റുകളുടെ അടിച്ചമർത്തൽ നടപടികളെ അവർ നേരിട്ടിരുന്നത്. ക്ലാസ്സിനുള്ളിലും കലാലയത്തിലും എങ്ങനെയാണിവർ സമയം ചിലവഴിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അധികാരികൾ അവരുടെ അവകാശങ്ങളെ, ആവശ്യങ്ങളെ എങ്ങനെയാണ് കാണുന്നത് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.
വരേണ്യവർഗക്കാരുടെ മക്കൾക്ക് കലാലയലങ്ങളിൽ കിട്ടുന്ന ജാതി, മത മുൻതൂക്കങ്ങൾക്കെതിരെ നിലപാടുകളെടുത്തിരുന്ന വിദ്യാർഥിരാഷ്ട്രീയത്തെ തുടച്ചുനീക്കുന്നതിനെതിരെ കുറഞ്ഞപക്ഷം ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്നെങ്കിലും ശക്തമായ പ്രതികരണം പ്രതീക്ഷിക്കുന്നു. വരുംകാലങ്ങളിലെ ഫാസിസ്റ്റ് നിലപാടുകളെ എതിർത്തുതോൽപ്പിക്കാൻ ശക്തമായ രാഷ്ട്രീയബോധമുള്ള കലാലയങ്ങളെയാണ് നമുക്കാവശ്യം.
(published in Newsmoments.in) 

Monday, April 7, 2014

ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?


- ജസ്റ്റിൻ മാത്യു
Story Dated: Monday , April 07 , 2014 12:33 hrs IST
ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയും ധനമന്ത്രിയും ആരായിരിക്കണം എന്ന ചോദ്യമാണ് വളരെ താല്പര്യപൂർവ്വം ആളുകൾ ശ്രദ്ധിക്കുന്നത്. നവലിബറൽ സമ്പദ് വ്യവസ്ഥയിൽ തുല്യപ്രാധാന്യമുള്ള മറ്റൊരു മന്ത്രിപദവിയാണ് മാനവശേഷി വികസനം. പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പവഴിയായ വിദ്യാഭ്യാസക്കച്ചവടത്തിന്റെ നിയന്ത്രണം മാനവശേഷി മന്ത്രാലയത്തിനാണ്. മതേതരജനാധിപത്യ വീക്ഷണമുള്ള, ശാസ്ത്രചിന്തയോട് ബഹുമാനമുള്ള, കച്ചവടമനസ്ഥിതിയില്ലാത്ത, കുറഞ്ഞത് മുന്നൂറു വർഷമെങ്കിലും മുന്നോട്ടു ചിന്തിക്കാൻ ശേഷിയുള്ള, നാലായിരം വർഷം പിന്നോട്ടുനോക്കാൻ വേണ്ട വായനാ താല്പര്യമുള്ള (വി.കെ.എൻ. പറഞ്ഞ ഭാഷയിൽ, അക്ഷരവൈരിയല്ലാത്ത) ഒരാളായിരിക്കണം രാജ്യത്തിറെ മാനവശേഷി വികസന വകുപ്പുമന്ത്രി.
വിദ്യാഭ്യാസമന്ത്രിമാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്
രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സ്വകാര്യവല്ക്കരിച്ചു തച്ചുതകർത്തുകഴിഞ്ഞു. സർക്കാർ സ്‌കൂളുകൾ നാണക്കേടിന്റെ പര്യായമാണ്. ദില്ലിയിൽ ഇടത്തരം ആളുകൾ കുട്ടികളുടെ നേഴ്‌സറി സ്‌കൂൾ പ്രവേശനത്തിന് സ്വകാര്യ മാനേജുമെന്റുകൾക്ക് നൽകുന്ന കുറഞ്ഞ കോഴ അൻപതിനായിരം രൂപയാണ്. കടത്തിൽ മുങ്ങി നിൽക്കുന്നവർ പോലും വട്ടിപ്പലിശക്ക് കടമെടുത്താണ് എൽകെജി പ്രവേശനത്തിന് കോഴ നൽകുന്നത്. സ്‌കൂൾ പ്രവേശനവും, മാസാമാസം കൊടുക്കേണ്ട വൻ ഫീസും താങ്ങാൻ പറ്റില്ല എന്ന തിരിച്ചറിവിൽ ഒറു സുഹൃത്ത് അറിയാതെ സംഭവിച്ച മൂന്നാമത്തെ ഗർഭം ഇല്ലാതാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് കേട്ടത്. സ്വകാര്യ സ്‌കൂളുകളുടെ നേഴ്‌സറി സ്‌കൂൾ പ്രവേശനത്തിൽ ദില്ലി ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോൺക്രീറ്റു കട്ടകൾ പാകിയ മുറ്റവും, എസി ക്ലാസ്മുറികളും, പശമുക്കിത്തേച്ച തുണിപോലെ വടിവൊത്ത ഇംഗ്ലീഷ് സംസാരവുമല്ല സ്‌കൂൾ വിദ്യാഭ്യാസമെന്നുപറയുന്ന എത്ര സ്വകാര്യസ്‌കൂളുകളുണ്ട്? 2011ലെ സെൻസസ് പറയുന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.12 ശതമാനം (158789287കുട്ടികൾ) ആറുവയസ്സിൽ താഴെയുള്ളവരാണെന്നാണ്. അതുകൊണ്ടുതന്നെ, വിദ്യാഭ്യസമാണ് ഏറ്റവും മികച്ച ബിസിനസ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ സർക്കാർ സ്ഥാപനങ്ങളാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. ജെ എൻ യു, ദില്ലി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, സയൻസ്, സോഷ്യൽ സയൻസ്, നിയമ, മാനവിക ഗവേഷണകേന്ദ്രങ്ങൾ തുടങ്ങി അനേകം സ്ഥാപനങ്ങളാണ് സാധാരണക്കാരന്റെ ജീവതത്തിലെ വിദ്യാഭ്യാസം നേടാനുള്ള പ്രതീക്ഷ. ഈ അവസ്ഥ മാറുകയാണ്. ഭയാനകമാണ് ഇന്ത്യൻ പൊതു സർവകലാശാലകൾക്കും സർക്കാർ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും മുകളിലുള്ള കച്ചവടക്കാരുടെ താല്പര്യം. പത്തുവർഷത്തിനപ്പുറം കാണാൻ കഴിയാത്തവരുടെ കൈകളിലാണ് ഇന്ന് മേൽപ്പറഞ്ഞ പല സ്ഥാപനങ്ങളും. വിദേശ രാജ്യങ്ങളിലെ മൂന്നാംകിട സർവകലാശാലകളെ കച്ചവടം നടത്താൻ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്ന നയമാണ് രണ്ടാം യുപിഎ സർക്കാരിനുണ്ടായിരുന്നത്. അവർക്കുവേണ്ടി ഇന്ത്യയിലെ പൊതു സർവകലാശാലകളെ നശിപ്പിക്കുക എന്നതായിരുന്നു വൈസ് ചാൻസലർമാരായി നിയമിക്കപ്പെടുന്നവരുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യസ കച്ചവടത്തേപ്പറ്റി ഒരു മലായാളിയോടും ആരും പറയേണ്ടതില്ല. കാരണം, കേരളം തന്നെയാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭീകരത അനുഭവിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനം.
മൗലാന ആസാദ്: മാനവശേഷി വകുപ്പിന്റെ മതേതര മുഖം.
കൊളോണിയൽ കാലത്ത് വരേണ്യ വർഗത്തിന്റെ കുത്തകയായിരുന്ന വിദ്യാഭ്യാസം സാധാരണക്കാരിലെത്തിക്കുക എന്ന വലിയ ചുമതലയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൾകലാം ആസാദ് കാര്യക്ഷമമായി നിർവഹിച്ചത്. 1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യസം തുടങ്ങി ഉന്നതവിദ്യാഭ്യസം വരെയുള്ള മേഖലകളിൽ ഏറ്റവും നിർണായകമായിരുന്നു. കൊളോണിയൽ മേധാവിത്വത്തിനും വർഗീയതക്കുമെതിരെയുള്ള പോരാട്ടത്തിൽ രൂപപ്പെട്ടുവന്ന ആസാദിന്റെ നിലപാടുകളാണ് അദ്ദേഹത്തിന്റെ കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട യുജിസി (Universtiy Grants Commission), സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ ഇന്നും നിർണായകമാക്കുന്നത്. ജനാധിപത്യത്തിന്റെ വളർച്ചക്ക് ഏറ്റവും നിർണായകം വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണമാണെന്ന് വിശ്വസിക്കുകയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന ആസാദ്.
പിന്നീടുള്ള രാജ്യത്തിന്റെ ചരിത്രത്തിലും ആസാദ് തുടങ്ങിവെച്ച പാരമ്പര്യം കുറച്ചെങ്കിലും നിലനിൽക്കുന്നുണ്ട്. 1975-77 കാലഘട്ടവും ബിജെപിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണിയുമാണ് അക്കാദമിക് സ്വാതന്ത്ര്യത്തിൽ കൈകടത്തിയതിന്റെ പേരിൽ ദുഷ്‌പേരു നേടിയ രണ്ടു സർക്കാരുകൾ. ബിജെപി മുന്നണിയുടെ മുരളി മനോഹർ ജോഷിക്ക് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്ത ഒന്നാം യുപിഎയിലെ അർജുൻസിംഗ് കോൺഗ്രസിലെ വംശനാശം വന്നുപോയ ലിബറൽ ചിന്താഗതിയുള്ള മന്ത്രിയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തന സ്വാതന്ത്ര്യവും, ഗവേഷകർക്ക് സ്‌കോളർഷിപ്പുകളും, അധ്യാപകർക്ക് മികച്ച ശമ്പളവും, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ സംവരണവും നടപ്പാക്കി മൗലാന ആസാദിന്റെ പിന്തുടർച്ചക്കാരനാകാൻ അർജുൻസിംഗിനു സാധിച്ചു.
മതവിദ്യാഭ്യാസത്തെ വരെ സർക്കാർ നിയന്ത്രണത്തിൽ നിർത്തണമെന്ന് വിശ്വസിച്ചിരുന്ന മൌലാന ആസാദിനെപ്പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യസ വകുപ്പിനുമാത്രമേ യു ജി സി പോലുള്ള സർക്കാർ ഏജൻസികളെ രൂപപ്പെടുത്താൻ സാധിക്കൂ. കപിൽ സിബലും പല്ലം രാജുവും ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന രണ്ടാം യുപിഎ സർക്കാർ യുജിസിയെ ഇല്ലാതാക്കാനുള്ള ശുപാർശകൾ പരിഗണിച്ചിരുന്നു. വ്യക്തികളുടെയും, കുടുംബങ്ങളുടെയും ഉടമസ്ഥതയിൽ സ്വയംഭരണ കോളെജുകളും സർവകലാശാലകളും കൂണുപോലെ മുളച്ചുപൊന്തുന്നതാണ് യുപിയെ സർക്കാരിന്റെ മറ്റൊരു വിദ്യാഭ്യാസ പരിഷ്‌കാരം. കഴിഞ്ഞ അഞ്ചുവർഷം നടന്നതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണം മുൻപൊരിക്കലും നടന്നിട്ടില്ല.
2014 പ്രതീക്ഷകളും ആശങ്കകളും:
മുഖ്യധാരാ മാധ്യമങ്ങൾ പുറത്തുവിടുന്ന തിരഞ്ഞെടുപ്പു വിശകലനം രാജ്യത്ത് ഒരു വലതുപക്ഷ ഫാസിസ്റ്റ് തരംഗമുണ്ട് എന്നാണ് ആവർത്തിച്ചു പറയുന്നത്. രണ്ടാം യുപിഎ സർക്കാർ അവഗണിച്ചുകളഞ്ഞ താഴ്ന്ന ഇടത്തരക്കാരുടെ പ്രശ്‌നങ്ങളെ വികസനത്തിനുവേണ്ടിയുള്ള മുറവിളിയാക്കി മാറ്റാൻ കോർപ്പറേറ്റു പണവും പിന്തുണയുമുള്ള മോദിക്ക് കഴിഞ്ഞിരിക്കുന്നു. മോദിയുടെ ഭരണത്തിനുകീഴിൽ ആരാകും ഇന്ത്യയുടെ മാനവശേഷിവകുപ്പു കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം അപ്രസക്തമാണ്. മോദി വന്നപ്പോൾ അദ്വാനിക്ക് മിതവാദിയുടെ പരിവേഷം ലഭിച്ചു. വാജ്‌പേയിയുടെ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യസം കൈകാര്യം ചെയ്തിരുന്ന മുരളി മനോഹർ ജോഷി ഹിന്ദുത്വ ആശയങ്ങൾ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള പല തീവ്ര വലതുപക്ഷ നിലപാടുകളുടെയും പേരിൽ ധാരാളം പഴികേട്ട മന്ത്രിയാണ്. മോദിയുടെ കീഴിൽ ആര് മാനവശേഷി വകുപ്പു കൈകാര്യം ചെയ്താലും (ഇനി അത് മുരളി മനോഹർ ജോഷിതന്നെയായാലും) പഴയ ജോഷിക്ക് മിതവാദിയുടെ മുഖം ലഭിക്കും.
സംസ്ഥാനങ്ങൾക്ക് കാര്യമായ സ്വയംഭരണമുള്ള വകുപ്പാണ് വിദ്യാഭ്യാസം. വ്യക്തികേന്ദ്രിത ഭരണവ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള വിവേചനാധികാരത്തിനു കാര്യമായ കോട്ടം തട്ടുമെന്ന ഭയം അക്കാദമിക് സാംസ്‌കാരിക മേഖലകളിൽ ശക്തമാണ്. സർവകലാശാലകൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കുമുള്ള സ്വയംഭരണവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കി ഈ മേഖലയിലും പൂർണമായ സ്വകാര്യവൽക്കരണമാണ് വലതുപക്ഷ വിദ്യാഭ്യാസനയം. മതവും സമുദായങ്ങളും സർക്കാർ നിയന്ത്രണമില്ലാതെ അക്കാദമിക് മേഖലയിൽ കൈകടത്തുന്നത് വിപണി താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് എന്ന് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഏകാധിപത്യവും, മതസമുദായ താല്പര്യങ്ങളും, വിപണിയുടെ യുക്തിയും മേൽക്കൈ നേടുന്നത് മതേതര സമൂഹ രൂപികരണമെന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യത്തെ ഇല്ലാതാക്കും.
മൂന്നാം മുന്നണിയെന്ന ഇപ്പോഴും നിലവിൽ വന്നിട്ടില്ലാത്ത ആശയത്തിലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീക്ഷ. കുറഞ്ഞപക്ഷം മതേതര കാഴ്ചപ്പാടും, വിദ്യാഭ്യാസ സ്വകാര്യവൽക്കരണവും ഒരുപരിധിവരെയെങ്കിലും തടഞ്ഞുനിറുത്താൻ പറ്റുന്ന കുറച്ചുപേർക്കെങ്കിലും സർക്കാരിന്റെ നയനിർമ്മാണത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്ന പ്രതീക്ഷയെങ്കിലും മൂന്നാംമുന്നണി ആശയത്തിൽ ഇപ്പോഴും ബാക്കിയുണ്ട്. ആം ആദ്മി പാർട്ടിയുടെ രാജ്‌മോഹൻ ഗാന്ധി (കിഴക്കൻ ദില്ലി) ജെ എൻ യു പ്രൊഫസർ ആനന്ദ് കുമാർ (വടക്കുകിഴക്കൻ ദില്ലി) യോഗേന്ദ്ര യാദവ് (ഗുഡ്ഗാവ്) മേധാ പട്കർ (വടക്കുകിഴക്ക് മുംബൈ) സിപിഎമ്മിന്റെ പി കെ ബിജു (ആലത്തൂർ) തുടങ്ങിയ സ്ഥാനാർഥികൾ ജയിച്ചു പ്രതിപക്ഷത്തെങ്കിലുമിരിക്കേണ്ടത് ഇന്ത്യയുടെ സ്വതന്ത്ര മതേതര വിദ്യാഭ്യസത്തിന് ആവശ്യമാണ്. പാർലമെന്റിനുള്ളിൽ ഇവരുടെ ഇടപെടലുകളിലാണ് പ്രതീക്ഷ.
(Published in newsmoments online portal: http://www.newsmoments.in/COLUMNS/2732/) 

Friday, April 4, 2014

ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്: അതിന്റെ കൗതുകം നിറഞ്ഞ കഥകൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണമെന്നാണ് ലോക മാധ്യമങ്ങൾ ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. പ്രാതിനിധ്യ സർക്കാർ എന്ന ആശയത്തിന് ഇന്ത്യയിൽ 1861ലെ ഇന്ത്യൻ കൌൺസിൽ ആക്ടിനോളം പഴക്കമുണ്ടെങ്കിലും പ്രായപൂർത്തിവോട്ടവകാശം ആദ്യമായി നടപ്പാക്കപ്പെടുന്നത് 1951-52 കാലത്താണ്.
ഈ വലിയ ദേശത്തെ ഒന്നിച്ചുനിറുത്തുക എന്നതായിരുന്നു പുതിയ സർക്കാർ നേരിടാനിരുന്ന പ്രധാന പ്രശ്‌നം. ദാരിദ്ര്യം, നിരക്ഷരത, വർഗീയത തുടങ്ങി രണ്ടു നൂറ്റാണ്ടിന്റെ കോളനി ഭരണം നൽകിയ പലതരം പ്രശ്‌നങ്ങൾ വേറെ. എല്ലാ വെല്ലുവിളികളേയും അതിജീവിക്കും വിധം ജനാധിപത്യത്തിൽ അടിയുറച്ച വിശ്വാസമുള്ള നേതാക്കളും പാർട്ടികളുമായിരുന്നു ആദ്യ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ഇടതുപാർട്ടികളും, കർഷകതൊഴിലാളി പ്രസ്ഥാനങ്ങളും ഈ ജനാധിപത്യപരീക്ഷണത്തിൽ ക്രിയാത്മകമായി പങ്കെടുത്തു. കാരണം, രാജ്യത്തിന്റെ ഫെഡറൽ ഭരണയന്ത്രം നാട്ടുകാരായ വരേണ്യവർഗത്തിന്റെ കയ്യിലേക്ക് പൂർണമായും മാറ്റപ്പെടുന്ന കാലത്തെ സാധാരണക്കാരന്റെ പ്രതീക്ഷയായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്.
ജവഹർലാൽ നെഹ്രുവായിരുന്നു തിരഞ്ഞെടുപ്പിന്റെ മുഖം. എസ്.എ.ഡാങ്കേയുടെയും അജയ് ഘോഷിന്റെയും നേതൃത്വത്തിലുള്ള സിപിഐയും, ജെ.ബി.ക്രിപലാനിയുടെ നേതൃത്വത്തിലുള്ള കിസ്സാൻ മസ്ദൂർ പ്രജാപാർട്ടിയും, സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. കോൺഗ്രസ്സും, ഇടതുപാർട്ടികളും, ഹിന്ദു മഹാസഭയുൾപ്പെടെയുള്ള വർഗീയ പാർട്ടികളും ഉൾപ്പെടെ പതിനാല് ദേശീയ പാർട്ടികളും, കൊച്ചിൻ പാർട്ടിയും കേരള സോഷ്യലിസ്റ്റു പാർട്ടിയുമുൾപ്പെടെ ഇരുപത്തിയഞ്ചിലധികം പ്രാദേശികപാർട്ടികളും ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെച്ചത്.
ഗാന്ധി കൊല്ലപ്പെട്ടതും നെഹ്‌റുവിനുള്ള പൊതുസമ്മതിയും സ്വാതന്ത്ര്യസമത്തിന്റെ ഓർമകളും കൊൺഗ്രസ്സിനു കൊടുത്ത മുൻതൂക്കം മാറ്റിനിറുത്തിയാൽ കർഷക പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് പാർട്ടികൾക്കും പിന്നീടൊരിക്കലും കിട്ടാത്ത പ്രാധാന്യമാണ് ആ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. എഴുപതു ശതമാനതിലധികം വരുന്ന നിരക്ഷരരായ ജനങ്ങളെ വോട്ടുചെയ്യിക്കുക എന്നതായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെയും സുകുമാർ സെൻ എന്ന ഇലക്ഷൻ കമ്മിഷണറുടേയും ഏറ്റവും വലിയ വെല്ലുവിളി. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കാഴ്ചയിൽ വ്യത്യാസമുള്ള ചിഹ്നങ്ങളും പ്രത്യേകം ബാലറ്റ് പെട്ടികളും നൽകുകയായിരുന്നു സുകുമാർ സെൻ ഇതിനു കണ്ട പരിഹാരം.
പ്രായപൂർത്തിയായ (ഇരുപത്തിയൊന്നു വയസ്സ്) 176 മില്ല്യൻ ആളുകൾക്ക് വോട്ടവകാശം നൽകിയെങ്കിലും എല്ലാവരുടെയും പേരു വിവരങ്ങൾ വോട്ടർ പട്ടികയിൽ ചേർക്കുകയെന്നത് അത്ര നിസ്സാരമായിരുന്നില്ല. വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക എന്നതിനപ്പുറം നിരവധി വെല്ലുവിളികൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നേരിടേണ്ടിവന്നു. മുപ്പതുലക്ഷം സ്ത്രീകൾ അവരുടെ സ്വന്തം പേര് വോട്ടർപട്ടികയിൽ ചേർക്കാൻ വിസമ്മതിച്ചുവെന്നാണ് കണക്ക്. അച്ഛന്റെയോ, ഭർത്താവിന്റെയോ, മകന്റെയോ പേരിൽ പട്ടികയിൽ ചേർത്താൽ മതിയന്ന ഈ വാശി കൂടുതലും വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു. സാമന്ത വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ആളുകളെ ജാതി, ലിംഗ വിഭജനങ്ങൾക്കപ്പുറം പോളിംഗ് ബൂത്തുകളിലെത്തിച്ചതിൽ പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്ക് വളരെ വലുതാണ്. ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാർപ്പിടം, വിദ്യാഭ്യസം തുടങ്ങിയ കാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പാർട്ടികളിൽ വലിയ പ്രതീക്ഷവെച്ച ഗ്രാമീണരാണ് വോട്ടുചെയ്തവരിൽ ഭൂരിഭാഗവും.
റേഡിയോ, ടെലിഫോൺ തുടങ്ങിയ മാധ്യമങ്ങൾ അത്ര പ്രചാരത്തിലല്ലാതിരുന്ന ഈ കാലത്ത് രണ്ടുലക്ഷത്തോളം വരുന്ന പോളിംഗ് ബൂത്തുകളെ നിയന്ത്രിക്കുക വലിയ വെല്ലുവിളിതന്നെയായിരുന്നു. രാജസ്ഥാൻ മരുഭൂമിയിൽ പട്ടാളവാഹനത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്ക് നേവിയുടെ പടക്കപ്പലുകളിലും മലയോരങ്ങളിൽ കാളവണ്ടികളിലും ആനപ്പുറത്തും വള്ളങ്ങളിൽ നദികടന്നുമൊക്കെയാണ് തിരഞ്ഞെടുപ്പു സാമഗ്രികൾ ബൂത്തുകളിലെത്തിച്ചത്. പ്രചാരണ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മികച്ച മാർഗം ദിനപ്പത്രങ്ങളായിരുന്നു. ഇലക്ഷൻ കമ്മിഷന്റെ കണക്കുപ്രകാരം 397 പത്രങ്ങളാണ് ആദ്യ പൊതുതിരഞ്ഞിടപ്പുകാലത്ത് ആരംഭിച്ചത്. ദേശിയ നേതാക്കളുടെ പൊതുസമ്മേളനങ്ങളും ആരോപണങ്ങളുമെല്ലാം വലിയ വാർത്തയായി പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു.
കേരളം ആദ്യപൊതുതിരഞ്ഞെടുപ്പിൽ:
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശവും നാട്ടുരാജ്യങ്ങൾ ചേർന്നുണ്ടായ തിരുക്കൊച്ചിയുമായിരുന്നു അന്ന് കേരളം. നിവർത്തന പ്രസ്ഥാനത്തിലൂടെ കരം തീരുവയുടെ പരിധി കുറച്ചുകൊണ്ടുവന്നു കൂടുതൽ ആളുകൾക്ക് വോട്ടവകാശം നേടിയതും പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം പരിഗണിച്ച് ദ്വയാംഗമണ്ഡലങ്ങൾ രൂപികരിക്കുന്നതും തിരുവിതാംകൂറിനു പുതുമയായിരുന്നില്ല. എന്നാൽ, ഫെഡറൽ സർക്കാരിനെ തിരഞ്ഞെടുക്കുന്നതും പ്രായപൂർത്തി വോട്ടവകാശവും ആദ്യത്തെ ജനാധിപത്യാനുഭവമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന നവോത്ഥാന, കർഷക, തൊഴിലാളി മുന്നേറ്റങ്ങൾ നൽകിയ ജനാധിപത്യബോധം ആദ്യപൊതുതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 71 ശതമാനം വോട്ടുരേഖപ്പെടുത്തിയ തിരുകൊച്ചിയാണ് പോളിംഗ് ശതമാനത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം.
ആദ്യ ലോക്‌സഭയുടെ പ്രതിപക്ഷ നേതായിരുന്ന എ കെ ഗോപാലൻ ജയിച്ച കണ്ണൂരായിരുന്നു കേരളത്തിൽ (അന്നത്തെ മദ്രാസ് സംസ്ഥാനം) ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലം. രാജ്യത്തെ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമായ 80.5 രേഖപ്പെടുത്തിയ കോട്ടയമായിരുന്നു ചരിത്രത്തിലിടം പിടിച്ച മറ്റൊരു മണ്ഡലം. കോൺഗ്രസ്സിന്റെ സി.പി.മാത്യുവായിരുന്നു 170654 വോട്ടുകളോടെ കോട്ടയത്ത് ജയിച്ചത് (ആകെ വോട്ടിന്റെ 59.89%). സിപിഐയുടെ എ.കെ.ജിയും, കിസ്സാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ സ്ഥാനാർഥിയായി പൊന്നാനിയിൽ വിജയിച്ച കെ.കേളപ്പനും മീനച്ചിലിൽ വിജയിച്ച പി.ടി.ചാക്കോമുൾപ്പെടെ പ്രദേശിക തലത്തിൽ ജനകീയരായ നേതാക്കളായിരുന്നു കേരളത്തിൽനിന്നു മത്സരിച്ചവരിൽ ഭൂരിപക്ഷവും.
കേരളത്തിൽ നിന്നുള്ള ആദ്യവനിത എം.പി.യായ ആനി മസ്‌ക്രീൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ നാഗർകോവിൽ പ്രദേശം തിരുകൊച്ചിയുടെ ഭാഗമായാണ് ആദ്യപൊതുതിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ചിറയിൻകീഴ്, കൊല്ലം മാവേലിക്കര, ആലപ്പുഴ, തിരുവല്ല, മീനച്ചിൽ, എറണാകുളം, കൊടുങ്ങല്ലൂർ, തൃശൂർ തുടങ്ങിയവയായിരുന്നു തിരുകൊച്ചിയിൽ നിന്നുള്ള മറ്റുമണ്ഡലങ്ങൾ.
കൂടുതൽ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചതെങ്കിലും സിപിഐയുടെ പിന്തുണയുണ്ടായിരുന്ന ആർഎസ്പി സ്ഥാനാർഥി ശ്രീകൺഠൻ നായർ കൊല്ലംമാവേലിക്കര മണ്ഡലത്തിൽ നേടിയ വിജയവും, തലശ്ശേരി, കോഴിക്കോട് മണ്ഡലങ്ങളിൽ കിസ്സാൻ മസ്ദൂർ പ്രജാപാർട്ടി നേടിയ വിജയവും കേരളത്തിന്റെ ഇടതുപക്ഷചായ്‌വിനെ കാണിക്കുന്നതായിരുന്നു. എ.കെ.ജി കണ്ണൂരിൽ നേടിയത് 65 ശതമാനം വോട്ടുകളായിരുന്നു. എതിർസ്ഥാനാർഥി കോൺഗ്രസ്സിലെ ഗോവിന്ദൻ നായർക്ക് ലഭിച്ചതു 31 ശതമാനം വോട്ടുകൾ മാത്രം. കേരളത്തിന്റെ പിന്നീടുള്ള കാലത്തെ പാർട്ടി മുന്നണി രാഷ്ട്രീയത്തിന്റെ പ്രവണതകൾ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ (നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടന്നിരുന്നു) വ്യക്തമാണ്. ഫാദർ വടക്കൻ 'എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥയിൽ 1951-52ലെ തിരുകൊച്ചി തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു വിരുദ്ധ മുന്നണിയിൽ പ്രവർത്തിച്ചത് അനുസ്മരിക്കുന്നുണ്ട്. സ്റ്റാലിൻ റഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന എകാതിപത്യ ഭരണരീതിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വടക്കൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വിമർശിച്ചുകൊണ്ടിരുന്നത്.
*ഡൽഹി സർവ്വകലാശാലയിൽ ചരിത്രാധ്യാപകനാണ് ലേഖകൻ.
(Published in News Moments Portal: http://www.newsmoments.in/COLUMNS/2389/) 

സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍

ജസ്റ്റിന്‍ മാത്യു
 
ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഡല്‍ഹിയിലെ നാഷണല്‍ മ്യുസിയത്തില്‍ ചരിത്രവിദ്യാര്‍ഥികളോടൊപ്പം പോയപ്പോള്‍ മ്യുസിയത്തോടു ചേര്‍ന്ന് ഇടത്തുവശത്തു തലയുയര്‍ത്തി നില്‍ക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) ആസ്ഥാനമന്ദിരം അഭിമാനത്തോടെയാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തത്. കാരണം, ഇന്ത്യയിലെ ചരിത്രരചനയില്‍, പ്രത്യേകിച്ചും പുരാതന ചരിത്രഗവേഷണത്തില്‍ ഈ സ്ഥാപനം നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഇപ്പോള്‍ എഎസ്ഐ എന്ന പേരു തന്നെ തമാശയായി തീര്‍ന്നിരിക്കുകയാണ്. ഒരു സന്യാസിയുടെയും അദ്ദേഹത്തിന്‍റെ ഭക്തനായ ഒരു കേന്ദ്രമന്ത്രിയുടെയും യുക്തിരാഹിത്യത്തിനു ചെവികൊടുത്ത്‌ എഎസ്ഐ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നടത്തിയ നിധിവേട്ട പുരാവസ്തുഗവേഷണത്തെ അത്രയേറെ തമാശവല്‍ക്കരിച്ചിരിക്കുകയാണ്.
 
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ രാജാറാം ബുക്സ്‌, ഉന്നോവയില്‍ തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോട്ടയില്‍ കുഴിച്ചുമൂടി സംരക്ഷിച്ചിട്ടുള്ള ആയിരം ടണ്‍ സ്വര്‍ണത്തെപ്പറ്റി സ്വപ്നത്തില്‍ വന്നു വെളിപ്പെടുത്തിയതായി ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസി അവകാശപ്പെട്ടു. കേന്ദ്രസഹമന്ത്രി ചരണ്‍ദാസ് മഹന്ത് ഈ അവകാശവാദത്തെ വളരെ കാര്യമായെടുത്തു ശോഭന്‍ സര്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വര്‍ണവേട്ടക്കിറങ്ങാന്‍ Geological Survey of India, Archaeological Survey of India തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളെ ഈ അന്ധവിശ്വസത്തിന്‍റെ പങ്കാളികളാക്കി മാറ്റി. പുരാവസ്തു ശാസ്ത്രമെന്നാല്‍ നിധിവേട്ടയാണെന്ന ഈ ധാരണ സ്വത്തുമോഹത്തിന്റെ ആവേശത്തില്‍ യൂറോപ്യന്‍ അധിനിവേശകാലത്ത് ഇവിടെ നടന്നിട്ടുള്ള  ഉത്ഖനനങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്‌.
 
എഎസ്ഐ നടത്തിയ ഈ നിധിവേട്ടവഴി ആര്‍ക്കിയോളജി ഒരു മാനുഷിക-ശാസ്ത്രമെന്ന (human science) രീതിയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എഎസ്ഐയുടെ ഈ നിധിവേട്ട ഓര്‍മിപ്പിക്കുന്നത്‌ പുരാവസ്തുഗവേഷണമെന്ന പേരില്‍ ഹോമറിന്റെ ഗ്രീക്ക് ഇതിഹാസകാവ്യത്തിലെ ട്രോയ് നഗരത്തില്‍ സ്വര്‍ണവേട്ടക്കിറങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ കുറെ ‘ഗവേഷണകുതുകി'കളെയാണ്. ഹോമറിന്റെ ഇതിഹാസത്തിലെ പ്രിയം (Priam) രാജാവിന്റെ നിധിക്കുപിന്നാലെ പോയ Heinrich Schliemann ഉള്‍പ്പെടെയുള്ള പുരാവസ്തുഗവേഷകര്‍ക്ക്‌ ആകെ താല്‍പ്പര്യം ട്രോയ് നിലനിന്നിരുന്നുവെന്ന് പറയുന്ന തുര്‍ക്കിയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാമെന്ന് പ്രതീക്ഷിച്ച അമൂല്യവസ്തുക്കളില്‍ മാത്രമായിരുന്നു. അല്ലാതെ 1200-800 BCE (Before Common Era) കാലത്തെ സമൂഹത്തെയോ, സംസ്ക്കാരത്തെയോ മനസ്സിലാക്കാനുള്ള താല്പര്യം തീരെ ഉണ്ടായിരുന്നില്ല.
 

 
ഇന്നത്തെ പുരാവസ്തുഗവേഷണം ഇത്തരത്തിലുള്ള നിധിവേട്ടയല്ല. അടിമത്തം, ജാതിവ്യവസ്ഥ, പുരുഷാധിപത്യം തുടങ്ങിയ ചൂഷണ വ്യവസ്ഥകളെയും കൃഷി, മൃഗപരിപാലനം, കച്ചവടം, ജലസേചനം, കുടിയേറ്റം, ഭരണസംവിധാനങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങിയവയുടെ തുടക്കവും വളര്‍ച്ചയും പരിണാമവും കഴിഞ്ഞുപോയ കാലങ്ങളിലെ മനുഷ്യരുടെ നിത്യജീവിതവുമൊക്കെയാണ് ഇന്നത്തെ പുരാവസ്തുഗവേഷകര്‍ പഠിക്കുന്നത് അഥവാ പഠിക്കേണ്ടത്. ഒരു നഖത്തില്‍നിന്ന് സിംഹത്തെ മനസ്സിലാക്കിയെടുക്കുന്ന അതിസൂക്ഷ്മമായ, സമയവും ക്ഷമയും ആവശ്യമുള്ള ഒരു മേഖലയാണ് പുരാവസ്തുഗവേഷണം. മറിച്ച്, മണ്ണുമാന്തിയന്ത്രങ്ങളുമായി പോയി തോണ്ടിയെടുക്കുന്ന അമൂല്യവസ്തുക്കളുടെ അനുക്രമണികയല്ല പുരാവസ്തുശാസ്ത്രം.
 
പ്രശസ്ത പുരാവസ്തുഗവേഷകന്‍ ലൂയി ബിന്‍ഫോര്‍ഡ് നരവംശശാസ്ത്രമായാണ് പുരാവസ്തുശാസ്ത്രത്തെ നിര്‍വചിക്കുന്നത്. കഴിഞ്ഞകാലത്തെ മനുഷ്യസംസ്ക്കാരങ്ങളുടെ താരതമ്യപഠനവും വിശകലനവും നടത്തുകയെന്നതാണ് പുരാവസ്തുശാത്രഗവേഷകരും സ്ഥാപനങ്ങളും ചെയ്യേണ്ടത്. സമൂഹപരിണാമത്തെ പഠിക്കാന്‍ ചരിത്രഗവേഷകര്‍ ഏറ്റവും കൂടതല്‍ ആശ്രയിക്കുന്ന ഒരു പഠനശാഖയാണ് പുരാവസ്തുഗവേഷണം. അതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും സംസ്കാരങ്ങളുടെ തെളിവുകളെ കണ്ടെത്തുകയും സംരക്ഷിച്ചുനിറുത്തുകയുമൊക്കെയാണ് എഎസ്ഐ ചെയ്യേണ്ടത്. അതിനാണ് പൊതുഖജനാവില്‍നിന്ന് പണം മുടക്കി ഇത്തരമൊരു സ്ഥാപനത്തെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും പുരാവസ്തുഗവേഷണത്തിന്‍റെ മേലധികാരസ്ഥാനം നല്‍കിയിരിക്കുന്നതും. എന്നാല്‍ സംസ്കാരപഠനത്തിനുപകരം രാമന്‍ ജനിച്ചത്‌ അയോധ്യയിലാണോ, സേതുബന്ധനത്തിന്റെ ചരിത്രവസ്തുത എന്താണ് തുടങ്ങി പലതിനും മറുപടി പറയേണ്ട അവസ്ഥയിലാണ് എഎസ്ഐ. അതിനുമപ്പുറം ഏതോ ഒരു സ്വാമിയുടെ സ്വപ്നത്തിനും അയുക്തിക്കും എഎസ്ഐ വശംവദരാകേണ്ടിവന്നിരിക്കുന്നു.
 
എഎസ്ഐയെപ്പറ്റിയും പുരവസ്തുഗവേഷണത്തെപ്പറ്റിയുമുള്ള ഇത്തരം തെറ്റിദ്ധാരണകളെ പിന്താങ്ങുകയാണ് ഉന്നോവയില് നടന്ന നിധിവേട്ട. സര്‍ക്കാര്‍ സവിധാനങ്ങളെ ഉപയോഗപ്പെടുത്തി നടത്താന്‍ ശ്രമിച്ച സ്വര്‍ണവേട്ടയാണ്  അല്ലെങ്കില്‍ സ്വര്‍ണക്കൊള്ളയാണ് ഉന്നോവയില്‍ നടന്നത്. അതിനു പുരാവസ്തുഗവേഷണവുമായോ, പുരാവസ്തുവകുപ്പുമായോ യാതൊരു ബന്ധവുമില്ല.
 

 
സ്വാമി സ്വപ്നം കണ്ട സ്ഥലത്ത് ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഈ എടുത്തുചാട്ടത്തിനു ന്യായീകാരണമായി എഎസ്ഐയുടെ ജിയോളജിക്കല്‍ സര്‍വ്വേ വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഗവേഷണത്തിനു സാധ്യതയുള്ള ഒരു ‘സൈറ്റ്’ കണ്ടെത്തുന്നതിന് വിപുലമായ പദ്ധതിശാസ്ത്രം പുരാവസ്തുഗവേഷകര്‍ക്കുണ്ട്. അതിലൊന്നുമാത്രമായി ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിനെ കാണാം. എഎസ്ഐയുടെ ആര്‍ക്കിയോളജി ഗവേഷകര്‍ക്ക് ജിയോളജിക്കല്‍ സര്‍വേയുടെ സഹായമില്ലാതെ തന്നെ ഒരു ‘സൈറ്റ്’ കണ്ടാല്‍ തിരിച്ചറിയാം. അതിനാവശ്യം ഗവേഷണപരിചയമാണ്. ചരിത്രം ഭൂമിശാത്രത്തോട് എങ്ങനെയാണ് ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തോടും ബന്ധപ്പെട്ടിരിക്കുന്നത് എന്നുമനസ്സിലാക്കാനുള്ള കഴിവാണ് ഒരു പുരവസ്തുഗവേഷകന്‍ ആദ്യമുപയോഗിക്കുന്നത്. അല്ലാതെ ആരെങ്കിലും കാണുന്ന സ്വപ്നമല്ല.
 
കൊച്ചിക്കായലിനടിയിലാണ് സ്വര്‍ണമുള്ളതെന്നു ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടിരുന്നെതെങ്കിലും ജിയോളജിക്കല്‍ സര്‍വ്വേ ലോഹസാന്നിധ്യം കണ്ടെത്തിയേനെ. അതുകേട്ടു ഗവേഷണപരിചയമുള്ള ഒരു പുരാവസ്തുഗവേഷകനും കായലില്‍ ചാടില്ല. കാരണം, നൂറ്റാണ്ടുകളായി നടക്കുന്ന അധിനിവേശ യുദ്ധങ്ങളും കപ്പലുകളും, കച്ചവടവുമെല്ലാം കായലില്‍ ലോഹസാന്നിധ്യമുണ്ടാക്കുമെന്ന ചരിത്രബോധം ഏതു പുരാവസ്തുഗവേഷകനുമുണ്ടാകും.

കുഴിച്ചുമൂടിയ ആയിരം ടണ്‍ സ്വര്‍ണം നാട്ടുകാരോ, ബ്രട്ടിഷുകാരോ അറിഞ്ഞില്ലെന്നോ കുറഞ്ഞപക്ഷം ഈ ഉദ്യമത്തില്‍ പങ്കെടുത്ത രാജറാം ബക്സിന്‍റെ സഹായികള്‍ അങ്ങനെയങ്ങ് മറന്നുകളഞ്ഞുവെന്നോ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ, ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിച്ചവര്‍ വാദത്തിനു വേണ്ടിപ്പോലും വിചാരിക്കാന്‍ സാധ്യതയില്ല. അതൊന്നുമാലോചിക്കാതെ, എഎസ്ഐ സ്വര്‍ണവേട്ടക്കുകാണിച്ച ശുഷ്ക്കാന്തി പശ്ചിമഘട്ടമലനിരകളിലെ പുരാതനകാലത്തെ മനുഷ്യസാന്നിധ്യത്തിന്റെ തെളിവുകള്‍ സംരക്ഷിക്കാനും വിശകലനം ചെയ്യാനും കാണിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.
 

 
നമ്മുടെ കാലഘട്ടത്തിലെ കുറെ ആളുകളുടെ സ്വര്‍ണക്കൊതിക്കൊത്തു താളം തുള്ളാനുള്ള ഒരു സ്ഥാപനമാക്കി എഎസ്ഐയെ മാറ്റരുത്. ആയിരം ടണ്‍ സ്വര്‍ണത്തിന്റെ സ്ഥാനത്ത് നിയോലിത്തിക് കാലത്തെ ഒരു ആയുധമോ, ഒരു ധാന്യമണിയോ കണ്ടെത്തുക. നിലവിലുള്ള ചരിത്രധാരണകളെത്തന്നെ അത് മാറ്റിമറിച്ചേക്കാം. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം ശോഭന്‍ സര്‍ക്കാരിനെപ്പോലുള്ള സ്വാമികള്‍ക്കും അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലം മാന്തി സ്വര്‍ണം സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം സ്വാമിഭക്തര്‍ക്കും വിട്ടുകൊടുക്കുക. എഎസ്ഐക്ക് ഒരുപാട് കാര്യങ്ങള്‍ അല്ലാതെ ചെയ്യാനുണ്ട്. മലകളും, കാടുകളും, തീരദേശങ്ങളുമെല്ലാം വെട്ടിവില്‍ക്കുമ്പോള്‍ പോയകാലത്തെ അറിയാനുള്ള പല തെളിവുകളും മുച്ചൂടും നശിപ്പിക്കുകയാണ്. കുടക്കല്ലുകളും, തൊപ്പിക്കല്ലുകളും, നന്നങ്ങാടികളും, ഗുഹകളും, തുടങ്ങി മധ്യകാലഘട്ടത്തിലെ ചിത്രങ്ങളും, പുതിക്കിപ്പണിയാന്‍വേണ്ടി പൊളിച്ചുകളയുന്ന പള്ളികളും, അങ്ങാടികളും, ജലാശയങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനെപ്പറ്റി എഎസ്ഐ ആലോചിക്കുക.
 
ഹാരപ്പന്‍ സംസ്കാരത്തിന്റെ നല്ലൊരുപങ്കു തെളിവുകളും നശിപ്പിക്കപ്പെട്ടത് വലിയ വേദനയോടെയാണ് പുരാവസ്തുഗവേഷകരും ചരിത്രഗവേഷകരും ഓര്‍ക്കുന്നത്. പാലിയോലിതിക് കാലത്തെ ഹോമോ ഇറക്റ്റസ് പണിതെടുത്ത ഒരു കല്ലായുധത്തിന് ഉന്നോവയിലെ ആയിരം ടണ്‍ സ്വര്‍ണത്തേക്കാള്‍ വില എഎസ്ഐ നല്‍കേണ്ടിയിരിക്കുന്നു. മൂലധനയുക്തിയല്ല പുരാവസ്തുഗവേഷണം.
 
(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനാണ് ജസ്റ്റിന്‍ മാത്യു)
Published in Azhimukham portal: 
http://azhimukham.com/secondtopnews-332.html

കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല


- ജസ്റ്റിൻ മാത്യു
Story Dated: Sunday , March 23 , 2014 21:29 hrs IST
കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ കെട്ടുറപ്പും, ബലഹീനതകളും പുറത്തുവരുന്ന അവസരമാണ് ഓരോ അഞ്ചുവർഷം കൂടുമ്പോഴും നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ജാതിയും മതവും പ്രാദേശികവാദവും പണവും ബലാബലം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിൽ ജമ്മുകാശ്മീർ വ്യത്യസ്ഥമായ കാഴ്ചയാണ്. ഒരു സംസ്ഥാനമെന്നതിലുപരി ജമ്മു, കാശ്മീർ, ലഡാക്ക് എന്നീ മൂന്നു മേഖലകളുടെ വ്യത്യസ്തമായ ചരിത്രം, ഭാഷ, ജാതി, മതം, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്. താഴ്‌വരയിലെ കാശ്മീർ ദേശീയവാദവും ലഡാക്കിലെ പ്രത്യേക ഭരണമേഖലക്കുവേണ്ടിയുള്ള ആവശ്യവും ജമ്മുമേഖലയിൽ വേരുറച്ചുവരുന്ന വലതുപക്ഷ തീവ്രനിലപാടുകളുമാണ് നാളുകളായി ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ നിർണയിക്കുന്നത്.
ഇത്തവണയും കാശ്മീർ താഴ്‌വരയിൽ കാശ്മീർ വിമോചന മുന്നണി (JKLF) തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നൽകിക്കഴിഞ്ഞു. കാശ്മീരിന്റെ പ്രശ്ങ്ങൾക്ക് ജനാധിപത്യ രീതിയ്ൽ പരിഹാരം കാണാം എന്ന് വാഗ്ദാനം നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങുന്നുണ്ട്. അഴിമതിയുടെയും അവസരവാദ നിലപാടുകളുടെയും പേരിൽ ജനപിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയ നാഷണൽ കോൺഫറൺസിന് ഈ തിരഞ്ഞെടുപ്പ് ഒരു ബാലികേറാമലയാണ്. ജമ്മു, ഉദംപുർ മണ്ഡലങ്ങൾ സ്വപ്നം കാണുന്ന ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സംസ്ഥാനത്ത് മോദി മോഡൽ വികസന വാഗ്ദാനം നൽകാൻ വലിയ പ്രയാസമില്ല. അതേസമയം ജമ്മുവിനെയും കാശ്മീരിനെയും സമാധാനപരമായ സഹവർത്തിത്വത്തിൽ മുന്നോട്ടു നയിക്കാൻ കൊൺഗ്രസ്സിനു മാത്രമേ സാധിക്കൂ എന്നാണ് ആ പാർട്ടി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. ഇടതുപക്ഷം പേരിനുപോലുമില്ലാത്ത അവസ്ഥയാണ് ഇത്തവണ ജമ്മുകാശ്മീരിൽ.
പാകിസ്ഥാൻ ക്രിക്കറ്റും, കാശ്മീർ യുവത്വവും ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പും:
സർക്കാരുകൾ ജനപ്രിയ നടപടികൾ മാത്രമെടുക്കുന്ന ഈ ഇലക്ഷൻ കാലത്താണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചത് വലിയ രാജ്യദ്രോഹക്കുറ്റമായിക്കണ്ട് മീററ്റ് സർവകലാശാലാ വിദ്യാർത്ഥികളായ ഒരുകൂട്ടം കാശ്മീരി ചെറുപ്പക്കാരെ ജയിലിലടച്ചത്. പൊതു തിരഞ്ഞെടുപ്പിലെ മുന്നണിക്കൂട്ടുകെട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദേശീയപ്പാർട്ടികൾക്ക് ആറു ലോക്‌സഭാ സീറ്റുകൾ മാത്രമുള്ള ജമ്മുകാശ്മീർ അപ്രസക്തമാണ്. ഗ്രാമീണരോടും അവികസിത മേഖലകളോടും ന്യൂനപക്ഷ സമൂഹങ്ങളോടുമുള്ള അസഹിഷ്ണുത നിറഞ്ഞ നഗരകേന്ദ്രിതമായ ദേശിയബോധത്തിന്റെ പ്രതിഫലനമാണിത്.
വിഘടനവാദം മാത്രമായി വാർത്തകളിൽ ചുരുങ്ങിപ്പോകുന്ന കാശ്മീർ ജീവിതമാണ് ഈ തിരഞ്ഞെടുപ്പിനെ നിർണയിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യ പരീക്ഷണം കൂടിയായ ഈ സംസ്ഥാനത്ത് ഓരോ തവണയും കൂടിവരുന്ന പോളിംഗ് ശതമാനം കാണിക്കുന്നത് ജനാധിപത്യത്തിൽക്കൂടി കാശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആ സമൂഹത്തിൻറെ താൽപ്പര്യം തന്നെയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാവാത്ത ഒട്ടേറെ സംഭവങ്ങളിൽ കൂടിയാണ് ദേശീയതയുടെ ചിഹ്നമായി മാറിയ ഈ നാട് ലോകത്തെ കാണുന്നത്. പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ ശവമഞ്ചവുമായി നൂറുകണക്കിനാളുകൾ പ്രകടനം നടത്തുന്നതും, ഷോപ്പിയാനിൽ നടന്ന ബലാത്സംഗവും കിഷ്തുവാറിലെ വർഗീയലഹളകളും , കസ്റ്റഡി മരണങ്ങളും, കാണാതാകുന്ന ചെറുപ്പക്കാരും, അനധികൃത അറസ്റ്റുകളും, ദിനംപ്രതി നടക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കാൻ പോകുന്നത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അവരിൽ ഉണ്ടാക്കിയ ചലനം തീർച്ചയായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ഇനി വികസനത്തിന്റെ കാര്യമെടുക്കാം. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, ദേശീയ നിലവാരത്തിലും താഴ്ന്ന സാക്ഷരത (national literacy average : 74%. J&K: 68%), കാർഷികപ്രതിസന്ധി, ചികിത്സാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം, താഴ്‌വരയിൽ നിന്ന് ജമ്മു മേഖലയിലേക്ക് പലായനം ചെയ്ത പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങൾ, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ ചർച്ചയാവാതെ കിടക്കുകയാണ്.
പാർട്ടികളും വെല്ലുവിളികളും:
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജമ്മുകാശ്മീർ നാഷണൽ കോൺഫറൺസ്(എൻ.സി.) ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയവയാണ് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ. ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ് മണ്ഡലങ്ങളെ എൻ.സി.യും, ലഡാക്കിൽ സ്വതന്ത്രനും, ഉദംപൂർ, ജമ്മു മണ്ഡലങ്ങളെ കോണ്ഗ്രസ്സുമാണ് ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്. ഇതിൽ താഴ്‌വരയുടെ ഭാഗമായി വരുന്നത് ബാരമുള്ള, ശ്രീനഗർ, അനന്ത്‌നാഗ് മണ്ഡലങ്ങളാണ്. ഇവിടെ പ്രധാനപോരാട്ടം പിഡിപിയും, എൻസിയും തമ്മിലാണ്.
എൻ.സി. നിലവിലുള്ള എംപിമാരെത്തന്നെ അങ്കത്തിനിറക്കുമ്പോൾ അനന്ത്‌നാഗിൽ നിന്നുമത്സരിക്കുന്ന മെഹബൂബ മുഫ്തിയിലാണ് പിഡിപിയുടെ പ്രതീക്ഷ. ശ്രീനഗറിൽ ഫാറൂക്ക് അബ്ദുള്ളയെന്ന കാശ്മീർ രാഷ്ട്രീയത്തിലെ അതികായനെയാണ് എൻ.സി. മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയും (ആപ്) താഴ്‌വാരത്ത് ഒരു കൈ നോക്കാനിറങ്ങിയിട്ടുണ്ട്. ശ്രീനഗറിൽനിന്നു മത്സരിക്കുന്ന വിവരാവകാശ പ്രവർത്തകൻ രാജാ മുസഫർ ഭട്ട് ആണ് ആപ് സ്ഥാനാർഥി.
കിട്ടിയേക്കാവുന്ന രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകൾ ഒരു തരത്തിലുമുള്ള അധികാര വിലപേശലിനും പാർട്ടികൾക്ക് സാധ്യത നൽകുന്നില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന സർക്കാരിനോട് പാർട്ടി നോക്കാതെ സഖ്യമുണ്ടാക്കുകയാണ് നാഷണൽ കോൺഫറൺസ് കുറച്ചു കാലങ്ങളായി ചെയ്തുവരുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായ എൻ.സി. കഴിഞ്ഞ എൻഡിഎ സർക്കാറിലുമുണ്ടായിരുന്നു. കാശ്മീരിൽ എൻ.സി്. എടുക്കുന്ന നിലപാടുകൾക്ക് നേരെ വിരുദ്ധമാണ് ദേശീയ തലത്തിൽ ഹിന്ദു വർഗീയതയുടെ മുഖമായ ബിജെപിയുമായി സഖ്യം ചേരുന്നത്. കാശ്മീർ ദേശീയതയുടെ കാര്യത്തിൽ അതിതീവ്ര നിലപാടുകളെടുത്തിരുന്ന ഒരു പാർട്ടിയുടെ അധഃപതനമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്നത്.
കാലങ്ങളായി കാശ്മീർ വിഷയത്തിൽ ഇന്ത്യ കടുത്ത നിലപാടുകളെടുക്കണമെന്നും ഭരണഘടനയുടെ 370ാം വകുപ്പ എടുത്തുകളയണമെന്നും വാദിക്കുന്ന പാർട്ടിയാണ് ബിജെപി. എൻ.സി.യാവട്ടെ ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്ന പാർട്ടിയും. 1982ൽ നടന്ന ജമ്മു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചുകൊണ്ടാണ് നാഷണൽ കോൺഫറൻസ് ബിജെപി സഹകരണം തുടങ്ങുന്നത്. 1998ൽ എൻഡിഎ സർക്കാരിൽ ചേർന്നത് വഴി അത് താഴ്‌വരയിലെ എല്ലാവിഭാഗം ആളുകളിൽനിന്നും വലിയ വിമർശനങ്ങളാണ് നേരിട്ടത്. കാശ്മീരിലെ ജനവികാരം മുതലെടുത്ത് വോട്ടു നേടുകയും ആശയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ബിജെപിയെ പിന്തുയ്ക്കുകയും വഴി കാശ്മീരിലെ ജനങ്ങളുടെ തിഞ്ഞെടുക്കാനുള്ള അവകാശത്തെയാണ് എൻ.സി.യും അതിന്റെ നേതാവ് ഫാറൂഖ് അബ്ദുള്ളയും ഇല്ലാതാക്കിയത്.
എന്നാൽ, ഇത്തവണ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നത്. ജനങ്ങൾ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന നരേന്ദ്ര മോഡി നയിക്കുന്ന പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് കാശ്മീരിൽ വിജയിക്കാനാകില്ലെന്ന് ഒമറിന് നല്ല ഉറപ്പുണ്ട്. യു.പി.എ.യുടെ അവിഭാജ്യ ഘടകമാണ് എൻ.സി. എന്നാണ് ഒമർ ഇപ്പോൾ അവകാശപ്പെടുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായിരുന്നിട്ടും കാശ്മീരിനുവേണ്ടി കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ഒമറിന് കഴിഞ്ഞില്ല. അത് എൻ.സി.യുടെ തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേക്കാം.
ഒമർ അബ്ദുള്ളയുടെ ബിജെപിയോടുള്ള നിലപാടിൽ മാറ്റംവരുമോ എന്ന് മെയ് മാസം അവസാനംവരെ കാത്തിരുന്നു കാണണം. എൻ.സി.ക്ക് മൂന്നു സീറ്റുകൾ കിട്ടുകയും കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതിനു അവ നിർണായകമാകുകയും ചെയ്താൽ കാര്യങ്ങൾ മറ്റൊരു വിധമാകും സംഭവിക്കുക. മോഡിയെ മാറ്റിനിർത്തിയാൽ എൻഡിഎ സർക്കാറിനെ പിന്തുണക്കാം എന്ന നിബന്ധന മുന്നോട്ടുവെക്കുന്ന പ്രാദേശിക പാർട്ടികളിൽ എൻ.സി.യെയും പ്രതീക്ഷിക്കാം.
കഴിഞ്ഞ എൻഡിഎ സർക്കാരിൽ ബിജെപിയെയല്ല മറിച്ച് വാജ്‌പേയിയാണ് പിന്തുണച്ചത് എന്നാണ് ഇപ്പോൾ ഒമർ പറയുന്നത്. മോഡിയല്ലാതെ മിതവാദിയായ ഒരു ബിജെപി നേതാവിനെ എൻ.സി. പിന്തുണക്കാനുള്ള സാധ്യത ഇത്‌നാൽ തള്ളിക്കളയാനാവില്ല. എന്നാൽ, എതെങ്കിലും മുന്നണിയുമായി വിലപേശൽ നടത്താൻ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുഫലം ഒമർ അബ്ദുള്ള പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സംസ്ഥാന മുഖ്യമന്ത്രിയായ ഒമറിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് കാര്യമായ കോട്ടം തട്ടിയിട്ടുണ്ട്. ഒമർ അബ്ദുള്ളയെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കൂട്ടത്തിലാണ് അരവിന്ദ് കേജരിവാൾ ഉൾപെടുത്തിയിരിക്കുന്നത്.
സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുന്ന മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത പ്രതീക്ഷയാണുള്ളത്. ഷെയ്ക്ക് ഫാറൂഖ്, ഒമർ അബ്ദുള്ളമാരുടെ രാജവാഴ്ചക്ക് പൂർണ വിരാമമിടാൻ പിഡിപിക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കാശ്മീരിന്റെ ആവശ്യങ്ങൾ പാർലമെന്റിനുള്ളിൽ കൂടുതൽ ശക്തിയോടെ വാദിച്ചു നേടാൻ മെഹബൂബക്കും പിഡിപിക്കും സാധിച്ചേക്കും. സംസ്ഥാനത്തെ പ്രാദേശിക പ്രശ്‌നങ്ങളിലാണ് പാർട്ടിക്ക് താൽപര്യമെന്നും ബിജെപിയുമായോ കൊൺഗ്രസ്സുമായോ യാതൊരുതരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നും മെഹബൂബ പറയുന്നു. ഇതിനിടയിൽത്തന്നെ പാർട്ടി നേതൃത്വം ബി ജെ പിയോട് കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. അധികാരത്തിൽ വരുന്നവരോട്, അവർ ഏതു നിലപാട് എടുക്കുന്നവരായാലും കൂട്ടുചേരാൻ പിഡിപി തയ്യാറാണ് എന്നാണ് ഈ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കുന്നത്. മൂന്നാംമുന്നണി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാലുള്ള സാധ്യതകളെ പിഡിപി പൂർണമായും തള്ളിക്കളയുന്നുമില്ല.
ജമ്മുമേഖലയിലാണ് കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഉദംപൂർ, ജമ്മു മണ്ഡലങ്ങളിൽ ഈ രണ്ടു ദേശീയപ്പാർട്ടികളും ശക്തമായ മത്സരമാണ് നടത്താൻ പോകുന്നത്. ഉദംപുർ മണ്ഡലത്തിൽ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവുമായ ഗുലാം നബി ആസാദിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കിഷ്തുവാറിൽ കഴിഞ്ഞ വർഷം ഈദ് ആഘോഷങ്ങളെത്തുടർന്ന് നടന്ന ഹിന്ദു മുസ്ലിം വർഗീയലഹളയെ വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് ബിജെപിയും, പിഡിപിയും. കാശ്മീർ വിഘടനവാദം വോട്ടാക്കി മാറ്റാൻ കഴിഞ്ഞതിൽ വിജയിച്ച പാർട്ടിയാണ് ബിജെപി. അത് കിഷ്തുവാറിലും തുടരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ കോൺഗ്രസ് ആസാദെന്ന അതിശക്തനായ കരുവിനെയിറക്കിയത് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടുണ്ട്.
ലഡാക്ക് മണ്ഡലത്തിൽ ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള ലെ ജില്ലയും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാർഗിൽ ജില്ലയും മറ്റൊരു രാഷ്ട്രീയ ചിത്രമാണ് നൽകുന്നത്.
published in Newsmoments Portal http://www.newsmoments.in/COLUMNS/1942/) 

എറിക് ഹോബ്സ്ബോം: ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ്‌ വഴി

ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോമിന്റെ ചരിത്ര വഴികള്‍. ജസ്റ്റിന്‍ മാത്യു എഴുതുന്നു

 
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ്‌ ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്- ജസ്റ്റിന്‍ മാത്യു എഴുതുന്നു


 
സാധാരണക്കാരന്റെ ചരിത്രം ലോകചരിത്രത്തിന്റെ വലിയ ക്യാന്‍വാസിലേക്ക് ഏറ്റവും ലളിതമായ ഭാഷയില്‍ എഴുതിചേര്‍ത്താണ് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോം ഇക്കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് അക്കാദമിക സമൂഹം അദ്ദേഹത്തെ ‘ചരിത്രകാരന്‍മാരുടെ ചരിത്രകാരന്‍’ എന്ന് വിശേഷിപ്പിക്കാറുള്ളത്.
സോഷ്യലിസത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കു സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുക എന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്റെ അക്കാദമിക ജീവിതത്തില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തിയത്. ലോകം സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠകള്‍ ചൊരിഞ്ഞപ്പോള്‍ ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയൊപ്പം അവസാനം വരെ നിലകൊണ്ടു, അദ്ദേഹം.
ലോകചരിത്രത്തില്‍ കുതുകിയായ ഏതൊരാള്‍ക്കും സുപരിചിതനാണ് ഹോബ്സ്ബോം. പത്തൊന്‍പത്, ഇരുപതു നൂറ്റാണ്ടുകളിലെ ചരിത്രസംഭവങ്ങളെ മനസ്സിലാക്കാന്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ളവരും ആദ്യം വായിക്കുക ഹോബ്സ്ബോമിന്റെ ‘Age Series’ എന്നറിയപ്പെടുന്ന Age of Revolution, Age of Capital, Age of Empire, Age of Extremes എന്നീ പുസ്തകങ്ങളാണ്.
ഇതില്‍തന്നെ ആദ്യ മൂന്നു പുസ്തകങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി ഒന്നാം ലോകമഹായുദ്ധം വരെ നീളുന്ന ദീര്‍ഘമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചരിത്രം വിശദമായി പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഹോബ്സ്ബോം വായന ഒഴിവാക്കാനാവില്ല. വിപ്ലവങ്ങളും യുദ്ധങ്ങളും ക്ഷാമങ്ങളും അനുഭവിച്ച സാധാരണ ജനസമൂഹത്തിന്റെ അനുഭവത്തില്‍ക്കൂടിയാണ് ഹോബ്സ്ബോം ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ചരിത്രം മഹാന്‍മാരുടെ ജീവിതനുഭവങ്ങളല്ല എന്ന് ഒന്നാം വര്‍ഷചരിത്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുമ്പോള്‍ ഉദാഹരണമായി ആദ്യം പറയുന്ന പേരാണ് എറിക് ഹോബ്സ്ബോം.
ദീര്‍ഘകാലം ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അംഗമായിരുന്നു ഹോബ്സ്ബോം. എന്നാല്‍ അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തെ അതിനെല്ലാം മുകളില്‍ക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ‘ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ’ എറിക് ഹോബ്സ്ബോം എന്ന വിശേഷണം തന്നെ ജീവചരിത്രപരമാണ്. ഇടതുപക്ഷ അക്കാദമിക് സമൂഹം ചരിത്രവിശകലനത്തിന് ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ചരിത്ര രചനാപാരമ്പര്യമാണ് ‘British Marxist Historiography.’ (ഇന്ത്യന്‍ ചരിത്രപഠനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ ‘കീഴാളചരിത്ര രചനാപാരമ്പര്യത്തില്‍’ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രപഠനങ്ങളുടെ ശക്തമായ സ്വാധീനം കാണാം).
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ്‌ ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്.


 
‘British Marxist Historiography’ എന്ന ചരിത്രചനാപാരമ്പര്യത്തിന്റെ ഭാഗമായി വേണം ഹോബ്സ്ബോമിനെ മനസ്സിലാക്കാന്‍. പുരാതന ഗ്രീക്കോറോമന്‍ കാലത്തെ അടിമത്തത്തിന്റെ (Slavery) ചരിത്രം വിശകലനം ചെയ്ത Geoffrey de Ste Croix, സാമ്പത്തിക ചരിത്രപഠനത്തെ മാറ്റിമറിച്ച മോറിസ് ഡോബ്, മധ്യകാല ഫ്യൂഡല്‍ യൂറോപ്പിനെ ആഴത്തില്‍ പഠിച്ച റോഡ്നി ഹില്‍ട്ടണ്‍, യൂറോപ്പിന്റെ ആധുനിക കാലത്തിന്റെ തുടക്കത്തെയും പതിനേഴാം നൂറ്റാണ്ടില്‍ നടന്ന പരിവര്‍ത്തനങ്ങളെയും ലോകത്തിനെ വിവരിച്ചു കൊടുത്ത ക്രിസ്റ്റഫര്‍ ഹില്‍സ്, ആധുനിക ബ്രിട്ടിഷ് ചരിത്രത്തെ ജനകീയവല്ക്കരിച്ച ഇ പി തോംസണ്‍ തുടങ്ങിയവരുടെ അവസാന കണ്ണിയായിരുന്നു ഹോബ്സ്ബോം. ഇവരെല്ലാവരും ചരിത്രത്തെ വര്‍ഗസമരമായും സാധാരണക്കാരുടെ അനുഭവങ്ങളായും കണ്ടവരാണ്.
ഹോബ്സ്ബോം ചിന്തിക്കുകയും എഴുതുകയും ചെയ്യാത്ത ആധുനിക ചരിത്രപഠനമേഖലകള്‍ വിരളമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന പട്ടിണിയും, ക്ഷാമവും, യുദ്ധങ്ങളും, വിപ്ലവങ്ങളുമെല്ലാം തൊഴിലാളികളുടെയും കര്‍ഷകരുടെയും വിപ്ലവകാരികളുടെയും ജീവിതാനുഭവങ്ങളില്‍ക്കൂടി ഹോബ്സ്ബോം പറഞ്ഞു. ലോകത്തിലെ എല്ലാ സര്‍വകലാശാലകളിലും ‘Age series’ സിലബസ്സിന്റെ ഭാഗമാണ്. Age of Extremes’ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമാവണം ഹോബ്സ്ബോമിന്റെ ഏറ്റവും കൂടുതല്‍ വായിക്കുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത ഒരു പഠനം.
ക്യാപ്പിറ്റലിസത്തിന്‍റെയും സാമ്രാജ്യത്വ അതിമോഹങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളായ രണ്ടു മഹായുദ്ധങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയുടേയും മാനവരാശി അതിന്റെ വികൃതമുഖം കാട്ടിയ നാസിസത്തിന്റെയും ഫാസിസത്തിന്റെയും നൂറ്റാണ്ടിനെ class experience ന്‍റെ ഭാഷയില്‍ ഹോബ്സ്ബോം തന്റെ പഠനങ്ങളിലൂടെ വിശകലനം ചെയ്യുന്നു. 187 മില്ല്യന്‍ ആളുകള്‍ യുദ്ധങ്ങളിലും കലാപങ്ങളിലുമായി കൊല്ലപ്പെട്ട ഇരുപതാം നൂറ്റാണ്ടിനെ (1914- 1990) രക്തച്ചൊരിച്ചിലിന്റെ നൂറ്റാണ്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ജൂതവംശത്തില്‍ പിറന്നതും ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയില്‍ നിന്ന് പാലായനം ചെയതതുമെല്ലാം തീവ്രമായിത്തന്നെ ഹോബ്സ്ബോം Age of Extremes ല്‍ വിവരിക്കുന്നു. ഹോബ്സ്ബോം നേരിട്ടു അനുഭവിച്ച ലോകം കൂടിയാണ് Age of Extremes.
ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദക്ലാസ്സില്‍ പഠിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം (Issues in the Twentieth Century World History) ഒരു ഹോബ്സ്ബോം വായനാനുഭവം തന്നെയാണ്. ഈ കോഴ്സ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി Age of Extremes ഉം ഒപ്പം ഹോബ്സ്ബോമിന്റെ ജീവചരിത്രപരമായ പഠനം Interesting Timesഉം ചരിത്രവിദ്യാര്‍ത്ഥികളില്‍ താല്പര്യം ജനിപ്പിക്കുന്നതും സ്ഥിരമായി കാണാറുണ്ട്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മൂന്നാം വര്‍ഷ English ക്ലാസ്സിലെ കുട്ടികളുടെ ഇടയില്‍ നിന്നും ‘മാര്‍ക്സിയന്‍ സമ്പദ്ശാസ്ത്രത്തിന്റെ പ്രധാന്യമെന്ത്’ എന്ന ചോദ്യമുയര്‍ന്നു വന്നത്. അതിനുത്തരമായി ഹോബ്സ്ബോം തന്റെ തൊണ്ണൂറാം വയസ്സില്‍ എഴുതിയ അവസാന പുസ്തകം ഉയര്‍ത്തിക്കാണിച്ചു; ‘How to change the World: Tales of Marx and Marxism 1840-2011’. പ്രൊഫസര്‍ ഹോബ്സ്ബോം തന്റെ അറുപതുവര്‍ഷത്തിലധികം നീണ്ട ചരിത്രപഠനങ്ങളിലൂടെ അന്വേഷിച്ചതും ഈ ചോദ്യത്തിന്‍റെ ഉത്തരം തന്നെയാവും.


 (Published in Naalaamidam Portal) 

അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

ല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു


കേജ് രിവാള്‍മാര്‍ ഒറ്റപ്പെട്ട ഒരിന്ത്യന്‍ പ്രതിഭാസമല്ല. ചരിത്രം എന്നത് പിന്നോട്ടും വായിക്കാവുന്ന ഒന്നാണ്. അങ്ങനെ എങ്കില്‍ അരവിന്ദ് കേജ് രിവാള്‍മാരെ നമുക്ക് പല കാലങ്ങളില്‍, പല ദേശങ്ങളില്‍ കാണാവുന്നതാണ്. ഏറിയോ കുറഞ്ഞോ ആ കേജ് രിവാള്‍മാരെല്ലാം, ആ കാലങ്ങളെല്ലാം നിര്‍ണായകവുമായിരുന്നു എന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് പറയണമെങ്കില്‍ പുരാതന ഗ്രീക്ക് കാലത്തോളം പിന്നോട്ട് പോകേണ്ടി വരും. അത് ഒരു അടയാളപ്പെടുത്തലിനു വേണ്ടിയാണ്, ചരിത്രം ഏകതാത്മകമല്ല എന്ന് പറയാന്‍ വേണ്ടി എങ്കിലും.
ഭൂപ്രഭുക്കന്‍മാരുടെ കെടുകാര്യസ്ഥതക്കെതിരെ സമരത്തിനിറങ്ങിയ കര്‍ഷകരുടെയും, കുടിയേറ്റക്കാരുടെയും കൈകളിലൂടെയാണ് പുരാതന ഏഥന്‍സില്‍ ജനാധിപത്യം വേരുപിടിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരുപാട് ഒറ്റപ്പെട്ട സമരങ്ങളിലൂടെയാണ് ഏഥന്‍സിലെ Oligarchy യും പിന്നീട് വന്ന Tyrannyയും ജനാധിപത്യത്തിന് വഴിമാറുന്നത്. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ മത മേധാവിത്വങ്ങളുടെ കിരാതവാഴ്ചക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ആധുനികകാലത്തിന്റെ തുടക്കമിട്ട ചിന്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. അതും നൂറ്റാണ്ട് നീണ്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളില്‍ക്കൂടെത്തന്നെയാണ്.
ആ സ്ഥിതിക്ക് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അഴിമതിക്കെതിരെയുള്ള മുന്നേറ്റങ്ങളിലും, അതെത്ര ചെറുതായാലും പ്രതീക്ഷ വെയ്ക്കാവുന്നതാണ്. കുറച്ചു വ്യക്തികളെയോ സംഭവങ്ങളെയോ വെളിച്ചത്ത് കൊണ്ടുവരുന്നതിലൂടെ വ്യവസ്ഥിതി മാറിയെന്നു വരില്ല. എങ്കിലും ഇത്തരം ചില എതിര്‍പ്പുകള്‍ നിലനില്‍ക്കു ന്നതുകൊണ്ടുകൂടിയാണ് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമായ ജനാധിപത്യം ലോകത്തോട് ചില മര്യാദകളെങ്കിലും കാണിക്കുന്നത്. ഒന്‍പതു മണി വാര്‍ത്ത കണ്ടെത്തുന്ന ‘ബ്രേക്കിംഗ് ന്യൂസുകളുടെ’ പരിസമാപ്തി അടുത്ത ദിവസം രാവിലെ പത്രത്തില്‍ തേടുമ്പോഴാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയമാണെന്ന് തോന്നുന്നത്.
ഒരു ചെറിയ പ്രസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് വളരേണ്ട ഒരു വലിയ മുന്നേറ്റമായി വിലയിരുത്തേണ്ടതില്ല. സഭക്കും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരെ യൂറോപ്പില്‍ നടന്ന മുന്നേറ്റങ്ങള്‍ നൂറ്റാണ്ടുകളെടുത്താണ് ഫലം കണ്ടത്. മധ്യകാല വ്യവസ്ഥിതിക്കെതിരെ യൂറോപ്പിലാകെ അടിച്ചമര്‍ത്തി വെച്ചിരുന്ന അമര്‍ഷം പുറത്തുവന്നുതുടങ്ങുന്നത് മാര്‍ട്ടിന്‍ ലൂതറെന്ന ചെറുപ്പക്കാരന്‍ ജീവന്‍ പണയംവെച്ചു സമരത്തിനിറങ്ങിയപ്പോഴാണ്.


 
അമേരിക്കയില്‍നിന്നുള്ള ഓര്‍മ്മകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു.
അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഐഡ റ്റാര്‍ബെല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ ‘സ്റ്റാന്‍ഡേര്‍ട് ഓയില്‍ കമ്പനിയുടെ ചരിത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യവസായി ജോണ്‍ റോക്ക്ഫെല്ലറെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിളിപ്പുറത്തുനിറുത്തിയിരുന്ന, അമേരിക്കയുടെ രക്ഷകനെന്നുവരെ ലോകം വാഴ്ത്തിപ്പാടിയ റോക്ഫെല്ലറെ ശത്രുവാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത മുതലാളിത്ത തേര്‍വാഴ്ചയുടെ കാലത്താണ് Muckrakers എന്ന വിളിപ്പേരില്‍ അഴിമതിക്കെതിരെ എഴുതുന്ന പത്രക്കാരുടെ കൂട്ടത്തില്‍ റ്റാര്‍ബെല്‍ പേരെടുത്തു തുടങ്ങിയത്.
ഒരുചെറുകിട ബുക്കീപ്പറായി തുടങ്ങിയ റോക്ഫെല്ലര്‍ 1899ലെത്തിയപ്പോള്‍ 200 മില്യണ്‍ ഡോളര്‍ മതിപ്പുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം പണിതുയര്‍ത്തി . അതിനുപിന്നിലെ അഴിമതിയും നെറികേടുകളും പുറത്തുകൊണ്ടുവരാനാണ് റ്റാര്‍ബെല്‍ മാക് ലയര്‍ മാഗസിനിലെ പംക്തിയിലൂടെ ശ്രമിച്ചത്. റോക്ഫെല്ലര്‍, കാര്‍നെഗി, ഫിലിപ്പ് അര്‍മൌര്‍, Jay Gould, James Mellon തുടങ്ങിയ ഏതാനും വ്യവസായികള്‍ ചേര്‍ന്നാല്‍ രാജ്യംതന്നെ വിലക്ക് വാങ്ങാം എന്ന സാഹചര്യം ഉടലെടുത്തു തുടങ്ങിയപ്പോഴാണ് റ്റാര്‍ബെല്ലും ലിങ്കന്‍ സ്റെറഫന്‍സ് ഉള്‍പ്പെടുന്ന പത്രപ്രവത്തകരും എഴുത്തുകാരും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവരുന്നത്.
 
ജോണ്‍ റോക്ഫെല്ലര്‍

 
അഴിമതിയുടെ കോര്‍പറേറ്റു വേരുകള്‍
മധ്യകാല യൂറോപ്പിലെ റോബര്‍ ബാരണ്‍മാരോടാണ് (robber barons) ഈ അമേരിക്കന്‍ ബിസിനസ് മേധാവികളെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ താരതമ്യം ചെയ്യുന്നത്. ആധുനിക കാലത്തെ കിരാതന്‍മാര്‍ എന്നാണ് Henry Demarest Lloyds അമേരിക്കന്‍ മുതലാളിമാരെ തന്റെ 1894ല്‍ പ്രസിദ്ധികരിച്ച Wealth against Commonwealth എന്ന പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഹോവാര്‍ഡ് സിന്നിന്റെ Peoples History of the United Statesല്‍ പറയുന്നത് സെന്‍ട്രല്‍ പസഫിക് റെയില്‍ റോഡുകമ്പനി രണ്ടുലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് അമേരിക്കയില്‍ ഒമ്പതു മില്യണ്‍ ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്ന് സൌജന്യമായി സ്വന്തമാക്കിയതെന്നാണ്. ഇത് ആറ് സ്വകാര്യ റെയില്‍ റോഡു കമ്പനികള്‍ സൌജന്യമായി നേടിയെടുത്ത കൃഷിഭൂമിയുടെ ചെറിയൊരംശം മാത്രമാണ്. 1870കളുടെ തുടക്കത്തില്‍ ഒരു ഗുമസ്തനായിരുന്ന കാര്‍നൈഗി 1880ലെത്തുമ്പോള്‍ പതിനായിരം ടണ്‍ സ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍ വ്യവസായിയായി മാറിയിരുന്നു. ഇതൊന്നും ദീര്‍ഘവീക്ഷണമോ ഭാഗ്യമോ അല്ലെന്നും മറിച്ച് അനേകായിരങ്ങളുടെ ജീവനും അധ്വാനവുമാണെന്നു വിളിച്ചുപറയാന്‍ ആളുകളുണ്ടായി എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രത്തെ നിയന്ത്രിച്ച പ്രധാന സംഭവം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുറത്തുവന്ന ലിങ്കന്‍ സ്റ്റെഫന്‍സിന്റെ അഴിമതിയെക്കുറിച്ചുള്ള പഠനമായ ‘The Shame of the City’ മുനിസിപ്പാലിറ്റികളില്‍ തുടങ്ങി സര്‍ക്കാറിന്റെ എല്ലാ തലത്തിലും പകര്‍ച്ചവ്യാധിയായി മാറിയ അഴിമതിയുടെ കാരണത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ ഓഫീസുകളില്‍ നിങ്ങള്‍ പോയി നോക്കുക, വ്യവസായികള്‍ അല്ലാത്ത ആരെയും അവിടെ കാണില്ല. കാരണം ഇവിടെ രാഷ്ട്രീയം ബിസിനസ്സാണ്. ഇവിടെ സാഹിത്യവും, മതവും, പത്രപ്രവര്‍ത്തനവും, നിയമവും, ആതുരസേവനവുമെല്ലാം ബിസിനസാണ്. ബിസിനസ് മോഹം എന്നാല്‍ ലാഭക്കൊതിയാണ്, ഒരിക്കലും ദേശതാല്‍പര്യമാകില്ല, കറതീര്‍ന്ന ആദര്‍ശമാകില്ല, അത് സ്വന്തം നേട്ടത്തിനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെ നമ്മള്‍ കാണുന്നത് കൂടുതലും രാഷ്ട്രീയക്കാരെയല്ല, രാഷ്രീയ വ്യവസായികളെയാണ്’.


 
അഴുകിയ ഒരു കാലം
അമേരിക്കന്‍ ചരിത്രകാരന്‍ ഡേവിഡ് മാക് ക്ലു ‘guilded age’ എന്ന് വിളിക്കുന്ന, അഴിമതിയില്‍ മുങ്ങിയ, അമേരിക്കന്‍ മുതലാളിത്ത എകാധിപത്യത്തിന്റെ തുടക്കകാലത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഭീകരമായിരുന്നു ആ സമയം. ചീഞ്ഞുനാറുന്ന രാഷ്ട്രിയ അന്തരീക്ഷം, വനങ്ങളും, വന്യജീവികളും, ആദിവാസികളും ഭീകരമായി നശിപ്പിക്കപ്പെടുന്നു, അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ബാലവേലയും, ചീഞ്ഞ ജോലിസ്ഥലവും, ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, നഗരങ്ങളില്‍ കണ്ടാല്‍ നടുക്കം തോന്നുന്ന ചേരികളും. ജനങ്ങള്‍ ആകെ സംസാരിക്കുന്നത് ഈ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെപ്പറ്റി മാത്രമാണ്’.
രാജ്യത്തെ സാധാരണ ജനങ്ങള്‍ നഗരങ്ങളിലെ തൊഴിലാളി സമരങ്ങളും, തകര്‍ന്നടിയുന്ന കാര്‍ഷിക പ്രശനങ്ങളും, ദാരിദ്യ്രവും, കുടിയേറ്റവും വര്‍ഗവിവേചനവും തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടുമ്പോള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ അധികാര ശ്രേണിയില്‍ അവരവരുടെ ആളുകളെ കയറ്റാനും, വ്യവസായികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാനും, വന്‍ മുതല്‍മുടക്കുള്ള വലിയ വ്യവസായ പദ്ധതികളുടെ കരാറുകള്‍ സ്വന്തം ആളുകള്‍ക്ക് വാങ്ങിക്കൊടുക്കാനുമുള്ള തിരക്കിലായിരുന്നു.
1905ല്‍ പ്രസിദ്ധികരിച്ച അമേരിക്കന്‍ സോഷ്യലിസ്റ് Upton Sinclair എഴുതിയ The Jungle എന്ന നോവല്‍ ഒരു കുത്തക മാംസസംസ്കരണ ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഈ അവസ്ഥ വിവരിക്കുന്നുണ്ട്. ആ നോവല്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ഒരു ജനാധിപത്യത്തില്‍ മുതലാളിത്തത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത സഹചാരിയാണ് രാഷ്ട്രീയ അഴിമതി; അജ്ഞതയും ക്രൂരതയും നിറഞ്ഞ രാഷ്ട്രീയക്കാര്‍ പൌരഭരണം നടത്തുന്നതിന്റെ പരിണിതഫലമായി പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ പോലും ജനസംഖ്യയുടെ പാതിയും മൃതിയടയുന്നു. ശാസ്ത്രത്തിനു പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതികൊടുത്താല്‍ പോലും അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, കാരണംമറ്റുള്ളവര്‍ക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രങ്ങളായി മനുഷ്യരില്‍ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരിക്കുന്നു. വൃത്തിഹീനമായവീടുകള്‍ക്കുള്ളില്‍ ദുരിതത്തില്‍ അഴുകിത്തീരാനായി അവര്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ഡോക്റ്റര്‍മാരും ഒരുമിച്ചു പരിശ്രമിച്ചാലും സുഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ അവരുടെ ജീവിതാവസ്ഥ അവരെ രോഗാകുലരാക്കും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവര്‍ രോഗവാഹകരായി മാറുന്നു, നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ വിഷം പരത്തുന്നു, ഏറ്റവും സ്വാര്‍ത്ഥരായവര്‍ക്കു പോലും സന്തോഷം അസാധ്യമാക്കിത്തീര്‍ക്കുന്നു. ശാസ്ത്രത്തിനു വരും ഭാവിയില്‍ സാധ്യമാവുന്ന എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളും പ്രാധാന്യം കുറഞ്ഞവയാണെന്നു തന്നെ ഞാന്‍ പറയും, അതിലും പ്രധാനം നമുക്ക് ഇപ്പോള്‍ അറിവുള്ള ഒന്ന് പ്രാവര്‍ത്തികമാക്കുകയാണ്, ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശമില്ലാത്തവര്‍ക്ക് കൂടി മനുഷ്യജീവിതത്തിനുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. (p.37071).
ബെഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ നോറിസിന്റെ The Octopus: The Story of California (1903) ഗോതമ്പ് കര്‍ഷകരും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കുത്തകയായ റെയില്‍റോഡ് കമ്പനിയും തമ്മിലുള്ള പ്രശനങ്ങളെ തീവ്രമായി വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോര്‍പറേറ്റ് മാഫിയക്കും അവരുടെ പിണിയാളുകള്‍ നയിക്കുന്ന സര്‍ക്കാറിനുമെതിരെ കര്‍ഷകര്‍ തുടങ്ങിയ രാഷ്ട്രിയ മുന്നേറ്റത്തിനു കരുത്തു പകരുന്നതായിരുന്നു ഈ നോവല്‍.


 
അന്വേഷണാത്മക പത്രപ്രവര്‍ത്തനം
ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ലാഭം കൊയ്യാം എന്ന ബോധ്യം പത്രമുതലാളിമാര്‍ക്ക് വന്നു തുടങ്ങിയപ്പോഴാണ് ‘അന്വേഷണത്മക പത്രപ്രവര്‍ത്തനം’ അമേരിക്കയില്‍ വേരുപിടിച്ചുതുടങ്ങിയത്. എങ്കിലും താല്‍ക്കാലിക ലാഭക്കൊതിയുടെ അപ്പുറത്തേക്ക് അവര്‍ വളര്‍ത്തി വിട്ട ആശയങ്ങള്‍ കടന്നുപോയി. അമേരിക്കന്‍ ചിന്തകരുടെയും, റിബലുകളുടെയും എഴുത്തും ഇടപെടലുകളും ഇരുട്ടി വെളുത്തപ്പോഴും അമേരിക്കന്‍ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍, തിയഡോര്‍ റൂസ് വെല്‍റ്റ് വൂഡ്രോ വില്‍സണ്‍ തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരായ പ്രസിഡന്റുമാരെ വരെ പിടിച്ചുലക്കാന്‍ വരെ ശക്തമായിരുന്നു ഇവരുടെ ഇടപെടലുകള്‍.
കോര്‍പ്പറേറ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന വിഷയം ഒരു ദേശീയപ്രശ്നമാക്കാന്‍ muckrakers എന്നറിയപ്പെട്ടിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കും സോഷ്യലിസ്റുകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാധിച്ചു. കുറഞ്ഞപക്ഷം രാജ്യരക്ഷകരായും ദാര്‍ശനികരായും വാഴ്ത്തപ്പെട്ടിരുന്ന ബിസിനസ് മേധാവികളെ സംശയത്തോടെ നോക്കാനെങ്കിലും ഇവര്‍ ജനങ്ങളെ പഠിപ്പിച്ചു.


 
കേജ് രിവാള്‍ അനിവാര്യത
അഴിമതിക്കെതിരെ ഉയരുന്ന ഏതു ശബ്ദത്തെയും, ഉറച്ച നിലപാടെടുക്കുന്ന ഏതു പ്രസ്ഥാനത്തെയും നമ്മുടെ ദേശവും കാലവും സ്വാഗതം ചെയ്യേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരനും റെഡ് ഇന്ത്യനും ഇന്നും പുറത്തു നില്‍ക്കുന്ന ‘അമേരിക്കന്‍ മോഡല്‍’ വികസനം നമ്മുടെ വിദ്യാഭ്യാസത്തിലോ, ചെറുകിട വ്യപാരമേഖലയിലോ വരുന്നതുപോലെ തന്നെയാണ് അമേരിക്കന്‍ മോഡല്‍ കോര്‍പ്പറേറ്റ് അഴിമതിയും. അഴിമതിക്കും വിവേചനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന അമേരിക്കയിലെ സാധാരണക്കാരുടെ ശബ്ദവും നമ്മള്‍ കേള്‍ക്കേണ്ടിയിരിക്കുന്നു.
അഴിമതിവിരുദ്ധതയുടെ അമേരിക്കന്‍ ചരിത്രപാഠങ്ങളില്‍ നിറയെ അരുണാ റോയിമാരെയും കേജ് രിവാള്‍മാരെയും, ഹര്‍ഷ് മന്ദര്‍മാരെയും കാണാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വെടിവെക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെയും പേരില്‍ മാത്രം സോഷ്യലിസം വിളമ്പുന്ന, കാര്യത്തോടടുക്കുമ്പോള്‍ അഴിമതിയുടെ പാര്‍ലമെന്റിലെ രക്ഷകരായ സാമ്രാജ്യവാദികളുടെയും നാട്ടില്‍ കേജ് രിവാള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേജ് രിവാളിന്റെ ശരിതെറ്റുകള്‍ വരും തലമുറ തീരുമാനിക്കട്ടെ.

 (Published in Naalaamidam Portal)

 

ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ മാത്യു എഴുതുന്നു


ബീഫ് എന്ന ആംഗലേയ വാക്ക് ഡല്‍ഹി മലയാളികള്‍ അധികം ഉപയോഗിക്കാറില്ല, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. പകരം പോത്ത് /പോത്തിറച്ചി എന്നാണ് പ്രയോഗം. ചുറ്റും നില്ക്കു ന്നവര്‍ കേട്ടാലോ എന്ന ശങ്കയാണ് ഈ ഭാഷ സ്നേഹത്തിനു പുറകില്‍. ഭക്ഷണവും, ജാതിയും, മതവും ദേശിയതയുമെല്ലാം ചേര്‍ന്നു കിടക്കുന്ന മനഃസ്ഥിതി ഭൂരിഭാഗവും പേറുന്ന ഒരു ദേശത്ത് ബീഫ് കഴിക്കുന്നത് ശിക്ഷാര്‍ഹവും തിന്മയുമാകുമ്പോള്‍ അത് ലംഘിക്കുക എന്നത് ഏറ്റവും സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യംകൂടിയാണ്. പശുക്കളെ സമ്പദ് സ്രോതസ്സും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി കണ്ടിരുന്ന ദേശമായിരുന്നു ഉത്തരേന്ത്യന്‍ സമതലം. നൂറ്റാണ്ടുകള്‍ക്കിപ്പുറം പശുകേന്ദ്രിത സമ്പദ് വ്യവസ്ഥ ഇല്ലതായിട്ടും മനഃസ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബീഫ് വര്‍ഗീയ രാഷ്ട്രിയത്തിന്‍്റെ പ്രിയപ്പെട്ട ആയുധമായി മാറിക്കോണ്ടിരിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്. പശുക്കളെ കൊന്നാല്‍ അതിന്‍്റെ പേരില്‍ കലാപം വരെ നടക്കുന്ന ഒരു ദേശത്തിന്‍്റെ ‘ആധുനികകാലത്തോട് ‘ ചേര്ന്ന് ജീവിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയ മിക്ക മലയാളികളും, ഒരിക്കലെങ്കിലും, ‘പോത്ത്’ എന്ന മലയാള വാക്ക് ഉപയോഗിക്കേണ്ടിവരുന്ന സൂക്ഷ്മതയുടെ ഒരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാവണം .
ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍
അതേ രാഷ്ട്രിയം വീണ്ടും
പോത്തിറച്ചിയുടെ രാഷ്ട്രിയം നേരത്തെയും നാലാമിടത്തില്‍ പലതവണ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ അടുത്ത് കുറച്ചു നാളുകളായി ഇന്ത്യയിലെ ചില പ്രമുഖ സര്‍വകലാശാല ക്യംപസ്സുകളില്‍ ബീഫ് വീണ്ടും ഒരു രാഷ്ട്രിയവിഷയമായി മാറിയിരിക്കുകയാണ് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ്, ഗോമാംസം ക്യംപസ്സുകളില്‍ അനുവദിക്കപ്പെടേണ്ടതാണോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെ.എന്‍.യുവിലെ ബീഫ് അനുകൂല വിഭാഗം കാമ്പസിനുള്ളില്‍ ഏതെങ്കിലും ആഹാരസാധനം നിരോധിക്കുന്നത് ജനാധിപത്യ ലംഘനമാണ് എന്ന വാദം മുന്നോട്ടു വെച്ച് ബീഫ് ഭക്ഷണം നിയമപരമായി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയിരുന്നു, മാധ്യമശ്രദ്ധ ആകര്‍ഷിരുന്നു. ഒടുവില്‍ കാര്യമായി ഒന്നും സംഭവിക്കാതെ സംഭവം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ജാതിയുടെ അതിര്‍വരമ്പ് തീര്‍ക്കുന്ന ഇന്ത്യന്‍ ഫ്യുഡല്‍ മനോഭാവത്തില്‍ നിന്ന്, വടക്കേ ഇന്ത്യയിലെ ഒരു മെട്രോ പൊലിറ്റന്‍ സര്‍വകലാശാലയോ അക്കാദമിക്-മതേതര സ്ഥാപനങ്ങളോ മുക്തമല്ല.
അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന അതിക്രമങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ നോക്കുക. വംശത്തിന്‍്റെയും ദേശത്തിന്‍്റെയും, ഭാഷയുടെയും എല്ലാറ്റിലും ഉപരി കഴിക്കുന്ന ഭക്ഷണത്തിന്‍്റെയും പേരിലാണ് അവര്‍ പീഡനം അനുഭവിക്കുന്നത്. ഉണക്കമീനും, മുളനാമ്പും കൂട്ടി ഭക്ഷണം കഴിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ അവജ്ഞയോടെ കാണുകയും തീണ്ടല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍വകലാശാല ഹോസ്റ്റല്‍ അന്തരീക്ഷം മാറാത്ത കാലത്തോളം പോത്തിറച്ചി കഴിക്കുന്നവരും വെറുക്കപ്പെട്ടവരായി തുടരും.
ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം
കാരണവന്‍മാരും പോത്തിറച്ചിയും
മുസ്ലിം രാജവംശങ്ങളുടെ വരവിനു ശേഷമാണ് ഇന്ത്യയില്‍ പോത്ത് കഴിക്കല്‍ തുടങ്ങിയത് എന്ന് പറയുന്നതിനൊന്നും ഒരു അടിസ്ഥാനവുമില്ല. ശിലായുഗത്തിലെ നമ്മുടെ കാരണവന്മാരെല്ലാം നാല്‍ക്കാലികളെ വേട്ടയാടി കഴിച്ചുകഴിഞ്ഞവരാണ് എന്ന് തന്നെയാണ് എന്‍്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാതെ തരമില്ല. കാരണം നാച്ചുറല്‍ ഹിസ്റ്ററി പഠിച്ചവര്‍ പറഞ്ഞത് വെച്ച്നോക്കിയാലും പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചായാലും സസ്യാഹാരം മാത്രംകൊണ്ട് ഹിമയുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പല ജീവിവര്‍ഗങ്ങളും ഇല്ലാതായിപ്പോയ ഹിമയുഗത്തെ മനുഷ്യവംശം തരണം ചെയ്തതിന് നാല്‍ക്കാ ലി മാംസാഹാര ഭക്ഷണശീലം ഒരു പ്രധാന ഘടകംതന്നെയായിരുന്നു.
എന്നാല്‍, അവസാനത്തെ ഹിമയുഗത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യവംശം കരകയറി വന്നത് ചൂടും തണുപ്പും അതിശൈത്യവുമുള്‍പ്പടെയുള്ള പലതരം കാലവസ്ഥകളിലേക്കാണ് ഒപ്പം വര്‍ഗവും ലിംഗവും കൈയൂക്കും ഒക്കെവെച്ചുള്ള തരംതിരിവുകളിലേക്കും. ഹോളോസിന്‍ യുഗത്തിലെ ഈ വൈവിധ്യം മനുഷ്യരുടെ ഭക്ഷണത്തിലും പ്രതിഫലിച്ചു. ചില കാലാവസ്ഥയും വിഭവങ്ങളുടെ ലഭ്യതയും സസ്യഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മറ്റു പല പരിതസ്ഥികളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതാണ്
കാലാവസ്ഥയും ഭക്ഷണവും
നമ്മുടെ ഉപഭൂഖണ്ഡത്തില്‍ത്തന്നെ നോക്കുക; ഹിമയുഗം ബാക്കി വെച്ചുപോയ ഹിമാലയവും, ശീതകാലത്തിന്‍്റെ കശ്മീരും മറ്റു ഉത്തരേന്ത്യന്‍ മലനിരകളും, സമിശ്രമായ കാലാവസ്ഥയുള്ള സമതലങ്ങളും, മരുഭൂമികളും, ഉഷ്ണം നിറഞ്ഞ തീരദേശവുമെല്ലാം ഹോളോസിന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ യുഗത്തിന്‍്റെ കാലാവസ്ഥ വൈവിധ്യമാണ് വിളിച്ചുപറയുന്നത്. അവിടെ നിന്നാണ് കാലവസ്ഥക്കനുസരിച്ചുള്ള വിവിധതരം ഭക്ഷണശീലങ്ങള്‍ പലദേശങ്ങളിലെ സമൂഹങ്ങള്‍ തുടങ്ങിവെയ്ക്കുന്നത്. വേദകാലഘട്ടത്തില്‍ ഭാരതത്തില്‍ ഗോമാംസം മിക്ക ജാതികളും കഴിച്ചിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളും, ചരിത്രകാരന്മാരും തെളിയിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷെ, കഴിക്കുന്ന ഭക്ഷണത്തിന്‍്റെ പേരില്‍ അല്ളെങ്കില്‍ കഴിക്കാത്ത ഭക്ഷണത്തിന്‍്റെ പേരില്‍ ജാതിമേന്മയും, മതമേന്മയും പറയുന്നതു തുടങ്ങി കലാപങ്ങള്‍ വരെ അഴിച്ചുവിടാന്‍ മനുഷ്യസമൂഹങ്ങള്‍ തുടങ്ങുന്നത് പിന്നെയും വളരെ വൈകിയാണ്.
ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടക്കുന്ന ഒരു രാജ്യത്താണ് എന്ത് കഴിക്കണം അല്ളെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കപ്പെടുന്നത്, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നുനേരവും കഴിക്കാന്‍ പറ്റുന്നത് തന്നെ ആഡംഭരമായിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലേക്ക് ഭക്ഷണകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മധ്യവര്‍ഗംതന്നെ എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്നോര്‍ക്കണം.
മജ്നു കാ ടിലയിലെ കബാബ് കട
ഡല്‍ഹിയിലെ ബീഫ് അനുഭവങ്ങള്‍
ഉത്തരേന്ത്യന്‍ മുസ്ലിംകളും, മലയാളികളും, ബംഗാളികളും, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും, വിദേശികളുമൊക്കെ ചേര്‍ന്നു വരുന്ന ഒരു കൂട്ടായ്മയുടെ സമ്പദ്ശാസ്ത്രമാണ് ഡല്‍ഹിയില്‍ ബീഫിനുള്ളത്. വിലക്കുകള്‍ അതിശക്തമാണെങ്കിലും ഡല്‍ഹിയുടെ സംസ്ക്കാരം പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ് അതിന്‍്റെ പോത്ത് വിഭവങ്ങളും. ഈസ്റ്റേണ്‍ മീറ്റ് മസാലയിട്ടു പോത്തുകറി വെച്ച് ശീലിച്ച നല്ളൊരു വിഭാഗം മലയാളികള്‍ക്കും അന്വേഷിച്ചിറങ്ങിയാല്‍ ഡല്‍ഹി നല്ളൊരു പോത്തനുഭവം തരും. നോര്‍ത്ത് ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥികളുടെ താമസസ്ഥലമായ മജ്നു ക ടിലയിലേക്ക് (Majnu Ka Tila) ഒരു യാത്ര നടത്തുക. ഇവിടം ഒരു ചെറു ഹിമാലയന്‍ നഗരം തന്നെയാണ്. കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കുന്ന വഴിയോര കടകളും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കരകൌശല കടകളും നമ്മുടെ ഫോര്‍ട്ട് കൊച്ചിയെ ഓര്‍മിരപ്പിക്കും. ഈ മാര്‍ക്കറ്റിലെ ചെറിയ (എന്നാല്‍ വളരെ പ്രശസ്തമായ) ഭക്ഷണശാലകളിലാണ് ഈ വില്ലന്‍ വിഭവം കൊതിയൂറുന്ന സ്വാദോടെ വെച്ചുവിളമ്പിത്തരുന്നത്. മിക്ക ഭക്ഷണശാലകളും നോക്കി നടത്തുന്നത് ടിബറ്റന്‍ സ്ത്രീകള്‍. പ്രധാന സ്ഥാനത്ത് തന്നെ ലാമയുടെ പടം അലങ്കരിച്ചുവെച്ച്, നന്നായി മോടിപിടിപ്പിച്ചിരിക്കുന്ന ഈ ചെറു ഭക്ഷണശാലകളിലിരുന്ന് ഉണങ്ങിയ പോത്തിറച്ചി കൊണ്ടുള്ള പലതരം വിഭവങ്ങള്‍ ടിമു എന്ന് വിളിക്കുന്ന പുളിപ്പിച്ച അപ്പത്തോടൊപ്പം കഴിക്കാം. ബീഫ് ചേര്‍ത്തു സൂപ്പിലും, ബീഫ് ഡിംസുവിലും (മോമോ) തുടങ്ങി പലതരം ബീഫ് വിഭവങ്ങള്‍ കഴിച്ചിറങ്ങി അടുത്തുള്ള കടയില്‍ നിന്ന് ഒന്നോ രണ്ടോ കുപ്പി ബീഫ് അച്ചാറും വാങ്ങി മടങ്ങാം.
ഡല്‍ഹി നിസാമുദ്ദീന്‍ മാര്‍ക്കറ്റ്
ഖവാലിയും കബാബും
ബീഫ് കണ്ടത്തൊവുന്ന മറ്റൊരു യാത്ര നിസാമുദ്ദിന്‍ ദര്‍ഗയിലേക്കാണ്. ഭക്തിയും സംഗീതവും നിറഞ്ഞ് ഒരു ഉത്സവപ്പറമ്പുപോലെയാണ് നിസാമുദ്ദിന്‍ ദര്‍ഗ. പ്രശസ്തമായ ഘരാനകള്‍ ഖവാലി സംഗീതംകൊണ്ടേറ്റുമുട്ടുന്ന സൂഫിഭക്തിയുടെ ആനന്ദലഹരിയാണ് ഈ ദര്‍ഗ. ഇവിടേയ്ക്ക് തീര്‍ഥാടകര്‍ മാത്രമല്ല, ഡല്‍ഹിയില്‍ ജീവിക്കുന്ന എല്ലാ മതവിഭാഗക്കാരും, ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികളുമെല്ലാമത്തൊറുണ്ട്. ഖവാലി സംഗീതമാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ദര്‍ഗയിലേക്കുള്ള ഇടവഴികളില്‍ നിറഞ്ഞു നില്‍ക്കു ന്ന ചെറിയ വഴിയോര ധാബകളിലിരുന്ന് ചായകുടിക്കാം. ഒപ്പം വൈകുന്നേരങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ ഈ ഇടവഴികളില്‍നിന്ന് കഴിക്കാവുന്ന മറ്റൊരു വിഭവമാണ് ബീഫ് കബാബ്.
മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വന്ന സുല്‍ത്താന്മാരും, മുഗളന്‍മാരുമൊക്കെയാണ് കബാബിനെ ഈ നാടിന്‍്റെ ഇഷ്ടവിഭവമാക്കിയത്. എന്തുതരം മാംസംകൊണ്ടും കബാബ് ഉണ്ടാക്കാം. ചെറിയ കമ്പിനൂലുകളില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന കബാബ് വടക്കേ ഇന്ത്യയുടെ സ്വന്തം വിഭവമാണ്. ആടും കോഴിയും കൊണ്ട് ഉണ്ടാക്കുന്ന പോലെ ബീഫു കൊണ്ടും കബാബ് ഉണ്ടാക്കാമെന്നും അതൊരു വിശിഷ്ട വിഭവമാണെന്നും നിസാമുദ്ദിനില്‍ നിന്ന് മനസ്സിലാക്കാം. നിസാമുദ്ദിന്‍ യാത്രപോലെ തന്നെ ഹൃദ്യമാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത നഗരത്തിന്‍്റെ (shajahanabad) ഹൃദയമായ ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ ഇടവഴികളില്‍ സൈക്കിള്‍ റിക്ഷകള്‍ക്കും ആളുകള്‍ക്കുമിടയില്‍ക്കൂടി ബീഫ് കിട്ടുന്ന ഭക്ഷണശാലയെവിടെയെന്ന് സങ്കോചം കൂടാതെ ചോദിക്കാം .
മലയാളികളുടെ പ്രിയപ്പെട്ട മാര്‍ക്കറ്റായ ഐ.എന്‍.എയാണ് ബീഫ് കിട്ടുന്ന മറ്റൊരു സ്ഥലം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനും ചെറിയ വേതനത്തിന്‍്റെ ദാരിദ്ര്യത്തിനുമിടയില്‍ മലയാളി നഴ്സ്മാര്‍ മിക്കവരും ഇവിടെ വരാറുണ്ട്.
ഡല്‍ഹി ഐ.എന്‍.എ മാര്‍ക്കറ്റ്
മെനുബോര്‍ഡില്‍ കാണാത്തത്
തുണിക്കടകളും, പാത്രക്കടകളും, ‘ചെറിയ’ സ്വര്‍ണ ക്കടകളും, മലയാളികളുടെ പലചരക്കുകടകളും പലഹാരക്കടകളുമൊക്കെ തിങ്ങി നിറഞ്ഞിരിക്കുന്ന ഐ.എന്‍.എ മാക്കറ്റിലെ കേരളഹോട്ടലുകളിലൊന്നില്‍ കയറി കേരള വിഭവങ്ങള്‍ കഴിക്കുന്നതോടെയാണ് മലയാളികളുടെ ഷോപ്പിംഗ് തീരുന്നത്. പോത്തുകറി തന്നെയാണ് ഇവിടെയും താരം.
പക്ഷെ ഭക്ഷണത്തിന്‍്റെ മെനു വിളിച്ചുപറഞ്ഞു കടക്കു പുറത്തു വെച്ചിരിക്കുന്ന ഇംഗ്ളീഷ്/ഹിന്ദി ബോര്‍ഡില്‍ പോത്ത് മാത്രം രേഖപ്പെടുത്തിയിട്ടില്ല.. വറുത്തുണക്കിയെടുത്ത പോത്തുമുതല്‍ ബീഫ്മാപ്പസുവരെ പലതരം പോത്തുകറികള്‍ കപ്പയുടെയും, ചോറിന്‍്റെയും കൂടെ ക്രിസ്മസ് കാലമാണെങ്കില്‍ മലയാളം കരോള്‍ ഗാനങ്ങളുടെയും, അല്ലാത്തപ്പോള്‍ പുതിയതും പഴയതുമായ മലയാളം സിനിമാഗാനങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിക്കാം. ഒപ്പം ഹോസ്റ്റല്‍ മുറിയില്‍ അല്ളെങ്കില്‍ മുനീര്‍ക്കയിലെയോ, ഓഖലയിലെയോ വാടകമുറിയില്‍ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടും പോകാം. ഡല്‍ഹിയിലെ ഇതുപോലുള്ള നിരവധി കേരള ഹോട്ടലുകളിലും മലയാളികള്‍ക്കൊപ്പം ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിത്യസന്ദര്‍ശകരാണ്. ഐ.എന്‍.എയിലെ മലയാളി ഭക്ഷണശാലകള്‍ താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാണ് .
വിദേശികളെയും, സര്‍ക്കാര്‍ ജോലിക്കാരെയും, പത്ര-മാധ്യമ -ഐടി-മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന വരെയും ലക്ഷ്യംവെച്ച് നടക്കുന്ന മറ്റൊരു ഭക്ഷണശാലയാണ് ഹോസ് ഖാസിലെ ‘ഗണ്‍ പൌഡര്‍’. അത്യാവശ്യം പണം ചിലവാക്കാനുള്ളവര്‍ക്ക് കേരളത്തില്‍ ഒരു ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന ലാഘവത്തില്‍ ബീഫ് ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലമാണിത് .
നിശ്ശബ്ദ രഹസ്യങ്ങള്‍
മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ ഇഷ്ടസ്ഥലമായ ജെ.എന്‍.യുവില്‍ മറ്റെന്തും പോലെ പോത്തും ഒരു രാഷ്ട്രിയ വിഷയമാണ്. ബീഫ് കഴിക്കുന്നതും, ഹോസ്റ്റല്‍ മുറികളില്‍ ഇലക്്രടിക് ഹീറ്ററില്‍ വെച്ച് പോത്ത് കറിവെയ്ക്കുന്നതും വിപ്ളവകരമായ ഒരു പ്രവൃത്തിയാണ്. മലയ്മന്ദിര്‍ എന്ന അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് ബീഫ് വാങ്ങിവരുന്നത്. പക്ഷെ, ഹോസ്റ്റല്‍ കവാടം കടക്കുമ്പോള്‍ പോത്ത് ആടായിമാറും. അങ്ങനെ സംഭവിച്ചില്ളെങ്കില്‍ അവിടെ കലാപം വരെ നടന്നേക്കാം. പോത്ത്കറി വെയ്ക്കുന്ന സമയം ആരും പറയാതെ തന്നെ അദൃശ്യമായ ഒരു കരുതല്‍ കൂട്ടായ്മ രൂപപ്പെടും. ഈ ‘ബീഫ് ദേശിയതയിലേക്ക്’ ചില ബംഗാളികളും, മണിപ്പൂരികളും, ബീഫ് കഴിച്ചില്ളെങ്കില്‍ കൂടി മതേതരത്വം പ്രഖ്യപിച്ചു കഴിയുന്ന ചില വടക്കേ ഇന്ത്യക്കാരും കടന്നുവരും. എം.ഫില്‍ പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്കും, വിദേശ ഫെല്ളോഷിപ്പ്, ജോലി, വിവാഹം എന്നീ ഘട്ടങ്ങളിലും പോത്ത് ആടായി അഭിനയിച്ച് ഹോസ്റ്റല്‍ മുറികളില്‍ എത്തിച്ചേരും. ഒരുകൂട്ടം ആളുകള്‍ വളരെ കരുതലോടെ നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് ജെ.എന്‍.യുവിലെ പോത്തുകറികള്‍. ബീഫ് വിളമ്പിയതിന്‍്റെ ശിക്ഷയായി അടച്ചുപൂട്ടിയ കാന്‍്റീന്‍ ജെ.എന്‍ .യുവിലെ ബീഫ് പ്രേമികളുടെ ദുഃഖകഥയാണ് .
പക്ഷെ, ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു. സീമാപുരിയിലും, മല്‍ക്കാഗഞ്ചിലും, പ്രതാപ്ബാഗിലും, ഓഖലയിലും തുടങ്ങി ബീഫ് വില്ക്കു ന്ന സ്ഥലങ്ങളിലെല്ലാം ഒരു മറ തീര്‍ത്തിരിക്കുന്നത് കാണാം. കേരളത്തില്‍ നാട്ടുവഴികള്‍ക്കരികിലെ കടകളില്‍ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന പോത്ത് തേക്കിലയില്‍ പൊതിഞ്ഞുവാങ്ങി ശീലിച്ചുവന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലെ ബീഫ് കടകള്‍ ഒരു ചെറിയ ശ്വാസംമുട്ടലായിതോന്നാം. മറ്റൊരു വിഭവത്തിനും ഈ അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. കാരണം, ബീഫ് കഴിക്കുന്നതിനു ജാതിക്കോ മതത്തിനോ ഉള്ളിലുള്ള വിലക്ക് മാത്രമല്ല ഉള്ളത് അതൊരു സാമൂഹിക തിന്മ കൂടിയായാണ് വായിക്കപ്പെടുന്നത്.
(Published in Naalaamidam Portal)