Monday, April 21, 2014

ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?


- ജസ്റ്റിൻ മാത്യു
Story Dated: Sunday , April 13 , 2014 12:11 hrs IST
ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?
വിദ്യാർഥികൾ സമൂഹത്തിലും രാഷ്ട്രീയത്തിലും നടത്തുന്ന ശക്തമായ ഇടപെടലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന കേരളം ഇന്ന് വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ലോകത്തിലെ മറ്റു സ്ഥലങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരളത്തിൽ ക്യാമ്പസ് രാഷ്ട്രീയം ഭീകരവത്കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധനവും മത മേധാവിത്വവും നടത്തുന്ന ഇടപെടലുകളുടെ അനന്തര ഫലമാണിത്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കുന്നതിന് അധികാരം കേന്ദ്രീകരിക്കപ്പെടുകയും, ജനാധിപത്യ സംവിധാനങ്ങളെയും മതേതര ചിന്തകളെയും തുടച്ചുനീക്കുകയും വേണം. കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിലെ കലാലയങ്ങളുടെ ചരിത്രം ഇതാണ് പറയുന്നത്. ഇതിൽ ഏറ്റവും പുതിയ സംഭവമാണ് കലാലയ രാഷ്ട്രീയത്തിന് കൂടുതൽ വിലക്ക് ഏർപ്പെടുത്താമെന്നു സമ്മതിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഒളിക്യാമറയും, സമരനിരോധനവും ഒപ്പം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സർവകലാശാലകൾ അംഗീകരിച്ചിട്ടില്ല എന്ന പുതിയ കണ്ടെത്തലുമൊക്കെയാണ് പത്രവാർത്തകളനുസരിച്ച് സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനു മുമ്പും അതിനുശേഷവുമെന്ന രീതിയിൽ കോളേജുകളുടെ ചരിത്രത്തെ തിരിക്കാമെന്ന് ദീർഘ കാലമായി കേരളത്തിൽ അധ്യാപക സംഘടനാ പ്രവർത്തനരംഗത്ത് സജീവമായുള്ള ഡോ. എൻ. ശശിധരൻ പറഞ്ഞത് ഓർക്കുന്നു. ജീവിക്കുന്ന ലോകത്തെയും ചുറ്റുപാടിനെയും മനസ്സിലാക്കാൻ സഹായിക്കുന്നതല്ല ഇന്നത്തെ കലാലയങ്ങളുടെ അന്തരീക്ഷമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. വിദ്യാർത്ഥികളുടെ മനോഭാവത്തിൽ അരാഷ്ട്രീയ കലാലയങ്ങൾ വരുത്തിയ മാറ്റം വളരെ ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു.
കലാലയ രാഷ്ട്രീയം പഠനത്തിനു തടസ്സമാണ് എന്നാണ് കോടതിക്ക് കിട്ടിയ പരാതിയുടെ ഉള്ളടക്കം. അതിന് കലാലയ രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന മന്ത്രിമാരടങ്ങുന്ന സർക്കാർ നൽകിയ മറുപടി നിരാശാജനകമാണ്.
കലാലയ ജീവിതം ക്ലാസ്സ്മുറിയുടെ ഉള്ളിൽ നടക്കുന്ന ചുരുങ്ങിയ പഠനം മാത്രമല്ല. ക്ലാസ്സ്മുറിക്ക് പുറത്തുള്ള ക്യാമ്പസിൽ നടക്കുന്ന സാമൂഹ്യ ഇടപെടലുകളും ചേർന്നതാണ്. വിദ്യാർഥികളുടെ മനോഭാവവും, വീക്ഷണവും രൂപപ്പെടുന്നത് ഇതിലൂടെയാണ്. അരാഷ്ട്രീയത കൊടികുത്തി വാണിരുന്ന ദില്ലി സർവകലാശാലയുടെ ഉദാഹരണം പറയാം. സർവകലാശാല നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് ഈ അടുത്തകാലത്ത് ദില്ലി സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയം വിദ്യാർഥികളുടെ രാഷ്ടീയമായി മാറിത്തുടങ്ങിയത്. ഒപ്പം, അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിൽ സർവകലാശാല വിദ്യാർഥികളുടെ പങ്കെടുക്കലും, ആം ആദ്മി പാർട്ടിയുടെ ഉദയവും, ബലാൽസംഗത്തിനെതിരെ കഴിഞ്ഞവർഷം നടന്ന പ്രതിഷേധവുമെല്ലാം പണവും മസിലും കാര്യം നടത്തിയിരുന്ന ഒരു ക്യാമ്പസിനെ രാഷ്ട്രീയമായി മാറ്റിയെടുക്കുകയായിരുന്നു.
ക്ലാസ്മുറിക്ക് പുറത്ത് അരാഷ്ട്രീയമായ പഠനേതര പ്രവർത്തനങ്ങൾക്ക് മുൻകൈയുണ്ടായിരുന്ന സ്ഥാനത്ത് സ്വകാര്യവൽക്കരണം, അഴിമതി, ദുരഭിമാനക്കൊലപാതകം, ജാതിഹത്യ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കെതിരെയുള്ള പോസ്റ്ററുകളും, ചുവരെഴുത്തുകളും, സോഷ്യൽ മീഡിയ കുറിപ്പുകളും ക്യാമ്പസിൽ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ വർഷം നടന്ന ദില്ലി സർവകാലശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് ലഭിച്ച വോട്ടിന്റെ ശതമാനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതു കാണിക്കുന്നത് വിദ്യാർഥികളുടെ ലോകവീക്ഷണത്തിലുള്ള മാറ്റമാണ്.
കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ ഭീകരവല്ക്കരിക്കുന്നതിൽ മത സംഘടനകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നു കൊടുക്കുന്ന യുജിസി ഗ്രാന്റും, ശമ്പളവുമെല്ലാം കൊണ്ടാണ് കേരളത്തിലെ മത ഉടമസ്ഥതയിലുള്ള കോളേജുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ മുളച്ചുപൊന്തുന്ന സ്വാശ്രയ കോളേജുകൾ വിദ്യാർഥി രാഷ്ട്രീയത്തെ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത്. സ്വകാര്യ സ്വത്തിനെ നയിക്കുന്നത് ലാഭക്കൊതി മാത്രമാണ്. കേരളത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള കലാലയ സമരങ്ങൾ മാനേജ്‌മെന്റുകൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഹാനികരമായ നിലപാടുകളും നയങ്ങളുമെടുത്തതിന്റെ പേരിലായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുപക്ഷസർക്കാർ സ്വകാര്യമാനേജുമെന്റുകളെ നിയന്ത്രിക്കാൻ ശ്രമിച്ചത് രണ്ടാം വിമോചന സമരമെന്ന പേരിലായിരുന്നു സഭാനേതൃത്വം നേരിട്ടത്. 1970 കാലത്ത് ലാറ്റിനമേരിക്കൻ കലാലയങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം അടിച്ചമർത്തൽ നേരിടുകയുണ്ടായി. അമേരിക്കൻ ഉപഭോഗ സംസ്‌കാരത്തിന് ചേർന്ന ജിവിത രീതികളുള്ള ചെറുപ്പക്കാരുടെ തലമുറയെ ഉണ്ടാക്കിയെടുത്തതാണ് അതിന്റെ അനന്തരഫലം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സൈനിക ഭരണമാണ് കലാലയങ്ങളെ അരാഷ്ട്രീയവല്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെങ്കിൽ കേരളത്തിലത് മത മേധാവിത്തമാണ്. കാ്യാമ്പസുകളിൽ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ കൂണുപോലെ മുളച്ചുപൊന്തുന്നത് ഈ അടുത്തകാലത്താണ്. രാഷ്ട്രീയമല്ല, അരാഷ്ട്രീയതയാണ് കേരത്തിലെ ക്യാമ്പസുകളിൽ പതിയിരിക്കുന്ന അപകടം.
വിദ്യാർഥി രാഷ്ട്രീയം ഇല്ലാതാക്കിയ എത്ര കലാലയങ്ങളിൽ മതസംഘടനകളുടെ പ്രവർത്തനം നിയന്ത്രിച്ചു നിർത്തുന്നുണ്ട് എന്നാലോചിക്കുക. മതേതരവൽക്കരണം മതത്തിനെതിരല്ല, മറിച്ച് സാമൂഹികവും നൈതികവും, സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെ മത നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിനിറുത്തുകയാണ് വേണ്ടതെന്നാണ് റോമില ഥാപ്പർ നിരീക്ഷിക്കുന്നത്. മാനേജുമെന്റുകൾക്ക് സിലബസ് രൂപപ്പെടുത്താൻവരെയുള്ള സ്വയംഭരണാധികാരം നൽകുമ്പോൾ മതേതരമായ നിലപാടെടുക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത്തരം അവസ്ഥയിൽ വിദ്യാർഥികളുടെ പ്രതികരിക്കാനുള്ള അവകാശം എടുത്തുകളയുന്നത് മതേതരവൽക്കരണത്തിനേൽക്കുന്ന വലിയ തിരിച്ചടിയാണ്.
ചുവർമാസികകളും, പോസ്റ്ററുകളുമില്ലാതെ, മാർബിൾ പതിച്ച മുറ്റങ്ങളും, തിളങ്ങുന്ന ചുവരുകളും കോളേജിന് താരപദവി നേടിയെടുക്കാൻ സഹായിക്കും. കെട്ടിടങ്ങളല്ല, വിദ്യാർഥികളാവണം ക്യാമ്പസിൻറെ കേന്ദ്രം. പുത്തൻ സാങ്കേതിക വിദ്യകളെ അടിച്ചമർത്തലിനുള്ള മാർഗമാക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഒളിക്യാമറകൾ. ക്ലാസ്സ്മുറികളിൽ ഒളിക്യാമറകൾ വെക്കുന്നത് സ്വതന്ത്രചിന്തയുടെ മുകളിലുള്ള കടന്നുകയറ്റമാണ്. കോളെജുകൾക്ക് ഇഷ്ട്ടാനുസരണം ഒളിക്യമറകൾ ഉപയോഗിക്കാൻ അനുവാദം നൽകുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞുവെക്കുന്നത്. ഇത് സ്വതന്ത്രമായ അധ്യാപക വിദ്യാർഥി സംവാദത്തെ ഇല്ലാതാക്കുകയാണ്. കേരളത്തിലെ മിക്ക കലാലയങ്ങളിലും ഒളിക്യാമറകണ്ണുകൾ മതത്തിന്റെ കണ്ണാണ്.
മതത്തോടൊപ്പം മൂലധനയുക്തിയും കലാലയങ്ങളുടെ സർഗാത്മകതയെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ് വിഷയങ്ങൾക്കു സമൂഹത്തിൽ കിട്ടുന്ന മുൻതൂക്കം ഉന്നതവിദ്യാഭ്യാസമേഖലയെ ഒരു പകർച്ചവ്യാധിയായി ബാധിച്ചിരിക്കുകയാണ്. ശാസ്ത്ര, മാനവിക നിയമ വിഷയങ്ങളെയും നാലുചുമരുകൾക്കുള്ളിലൊതുക്കാനുള്ള ശ്രമം അപകടകരമാണ്. കേരളത്തിൽ ശാസ്ത്ര, മാനവിക, വാണിജ്യ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് മധ്യവർഗത്തിലെ താഴ്ന്ന വരുമാനക്കാരാണ്. കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ നട്ടെല്ലും അവരായിരുന്നു. സംഘടിക്കാനുള്ള അവകാശത്തിൽക്കൂടിയായിരുന്നു വരേണ്യ മാനേജുമെന്റുകളുടെ അടിച്ചമർത്തൽ നടപടികളെ അവർ നേരിട്ടിരുന്നത്. ക്ലാസ്സിനുള്ളിലും കലാലയത്തിലും എങ്ങനെയാണിവർ സമയം ചിലവഴിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അധികാരികൾ അവരുടെ അവകാശങ്ങളെ, ആവശ്യങ്ങളെ എങ്ങനെയാണ് കാണുന്നത് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.
വരേണ്യവർഗക്കാരുടെ മക്കൾക്ക് കലാലയലങ്ങളിൽ കിട്ടുന്ന ജാതി, മത മുൻതൂക്കങ്ങൾക്കെതിരെ നിലപാടുകളെടുത്തിരുന്ന വിദ്യാർഥിരാഷ്ട്രീയത്തെ തുടച്ചുനീക്കുന്നതിനെതിരെ കുറഞ്ഞപക്ഷം ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്നെങ്കിലും ശക്തമായ പ്രതികരണം പ്രതീക്ഷിക്കുന്നു. വരുംകാലങ്ങളിലെ ഫാസിസ്റ്റ് നിലപാടുകളെ എതിർത്തുതോൽപ്പിക്കാൻ ശക്തമായ രാഷ്ട്രീയബോധമുള്ള കലാലയങ്ങളെയാണ് നമുക്കാവശ്യം.
(published in Newsmoments.in) 

No comments: