Friday, April 4, 2014


പ്രശാന്ത് ഭൂഷന്‍ എന്ന ചോദ്യത്തിന് ദില്ലി സര്‍വകലാശാലയില്‍നിന്ന് ചില ഉത്തരങ്ങള്‍



മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്-പ്രശാന്ത് ഭൂഷനു നേരെയുണ്ടായ ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ദില്ലി സര്‍വകലാശാല കാമ്പസില്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിപല്‍സൂചനകള്‍ വായിച്ചെടുക്കുന്നു, യുവ ചരിത്രകാരന്‍മാരില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ മാത്യു ‘ഭഗത് സിംഗ് സേന’യും ശ്രീരാമാസേനയുംകൂടി പ്രശാന്ത്‌ഭൂഷനെ ഓഫീസില്‍ കയറി തല്ലി. നമ്മളെല്ലാം ടിവിയിലും പത്രത്തിലുമൊക്കെ കാണുകയും വായിക്കുകയുമൊക്കെ ചെയ്ത സംഭവം. കൃത്യം നടത്തിയ സംഘടനയുടെ പേരില്‍ തന്നെയുണ്ട് വലിയ വിരോധാഭാസം; ലോകം കണ്ട ഒരു വലിയ വിപ്ലവകാരിയുടെ പേരില്‍ സംഘടന. നടത്തുന്നതോ തനി ഗുണ്ടായിസം. ഹിന്ദുദേശിയതയെപ്പറ്റിയോ അതിന്റെ ബിംബങ്ങളെപ്പറ്റിയോ എതിരഭിപ്രായം പറഞ്ഞാല്‍ തല്ലിത്തീര്‍ക്കുമെന്നാണ് ഭീഷണി. ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മുതല്‍ വന്‍ നഗരങ്ങളില്‍ വരെ ഇതാണ് അവസ്ഥ. പ്രശാന്ത്ഭൂഷനെ ആക്രമിക്കുന്നത് പെട്ടന്നുണ്ടായ ഒരു പ്രകോപനത്തില്‍ നിന്നല്ല എന്നതാണ് അതിലെ ഏറ്റവും വലിയ അപകടം. മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്. പ്രതികരണങ്ങളെ മുഴുവന്‍ ഭീഷണിയിലൂടെ നിശãബ്ദമാക്കി സ്വന്തം അജണ്ട നടപ്പാക്കുകയാണ് അവരുടെ രീതി. പ്രമുഖര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ പില്‍ക്കാലത്ത് ഒരുളുപ്പുമില്ലാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കലാണ്. മറ്റുള്ളവരെ ഭയപ്പെടുത്തി കാര്യം കാണല്‍. സംശയമുള്ളവര്‍ ദില്ലി സര്‍വകലാശാലയിലേക്കു വരിക. കൈയൂക്കു കൊണ്ട് ആളെ ഭയപ്പെടുത്തി അവര്‍ കാര്യം കാണുന്നത് എങ്ങനെയെന്നു കാണുക. സംഘപരിവാര്‍ ദില്ലി സര്‍വകലാശാലയില്‍ 2008ല്‍ സമാനമായ മറ്റൊരു സാംസ്കാരിക ഗുണ്ടായിസം നടത്തി. അതിന്റെ അനന്തര ഫലങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ആഴ്ച എ.കെ രാമാനുജന്റെ രാമായണ പഠനം സിലബസില്‍നിന്ന് മാറ്റിച്ചതാണ് ഈ പരമ്പരയിലെ അവസാന സംഭവം. ദില്ലി സര്‍വകലാശാല എകെ രാമാനുജന്റെ രാമായണ പഠനം ഹിസ്റ്ററി സിലബസ്സില്‍ നിന്ന് നീക്കംചെയ്യുന്നു. കാരണമാണ് രസകരം. പുസ്തകം മാര്‍ക്കറ്റില്‍ ലഭ്യമല്ല! ദില്ലിയിലെ ദരിയഗന്ജ് നിറയെ പ്രസാധനശാലകള്‍ നിരന്നിരിക്കുന്നത് പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണെന്നത് സര്‍വകലാശാല മറന്നെന്ന് കരുതാം. രാമായണപഠനങ്ങളില്‍ വളരെയധികം പ്രാധാന്യത്തോടെ വായിക്കപ്പെടുന്ന ഒന്നാണ് എ.കെ രാമാനുജന്റെ രാമായണകഥകളെപ്പറ്റിയുള്ള അദ്ധ്യായം. പല കാലഘട്ടങ്ങളും സംസ്കാരങ്ങളും പറഞ്ഞിരുന്ന വ്യത്യസ്തമായ രാമായണ കഥകളെയാണ് രാമാനുജന്‍ പഠിക്കുന്നത്. വാല്‍മീകി പറയുന്ന രാമായണകഥ പല രാമായണകഥകളില്‍ ഒന്ന് മാത്രമാണെന്ന് രാമാനുജന്റെ പഠനം ഊന്നിപ്പറയുന്നു. ഓരോ സംസ്കാരങ്ങളുടെയും രാമായണ കഥകള്‍ വ്യത്യസ്തമാണെന്ന വാദം രാമനെയും രാമായണത്തെയും വെച്ച് സംഘപരിവാര്‍ നടത്തുന്ന പല അവകാശവാദങ്ങള്‍ക്കും എതിരാണ്. ലോകത്തിലെ പല സര്‍വകലാശാലകളുടെയും സാമൂഹ്യശാസ്ത്രവിഭാഗവും സാഹിത്യവിഭാഗവുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ഈ പഠനം ശുപാര്‍ശ ചെയ്യുന്നുണ്ട്. രാമാനുജന്റെ പഠനം ഒരു ഒറ്റപ്പെട്ട പഠനമല്ല. രാമായണ കഥകളുടെ പുനരാഖ്യാനം സാഹിത്യവിദ്യാര്‍ഥികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തത്ര വിപുലമായ ഒരു വിഷയമാണ്. കഴിഞ്ഞയാഴ്ച ദില്ലിസര്‍വകലാശാലയുടെ അക്കാദമിക്‌ കൌണ്‍സില്‍ യോഗം ഈ പഠനത്തെ ചരിത്രസിലബസില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശ നടത്തി. അതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്ദി ല്ലി സര്‍വകലാശാലയില്‍ നടന്ന ചില സംഭവങ്ങള്‍ പറയേണ്ടതുണ്ട്. 2008ലാണ് ദില്ലി സര്‍വകലാശാലയുടെ ചരിത്രവിഭാഗം എ കെ രാമാനുജന്റെ ‘Three Hundred Ramayanas: Five Examples and Three Thoughts on Translation’ ബിഎ രണ്ടാം വര്ഷത്തിലെ ‘Cultures in Ancient India’യുടെ സിലബസിന്റെ ഭാഗമായി നിര്‍ദേശിച്ചത്. ഇത് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ചരിത്രവിഭാഗത്തിന്റെ തലവനെ ആക്രമിച്ചുകൊണ്ടാണ് പരിവാരം പ്രതികരിച്ചത്. പുരാതന ഇന്ത്യ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ വിളനിലമായും മധ്യകാല ഇന്ത്യയുടെ ചരിത്രം മുസ്ലിം മതഭീകരതയുടെ കാലഘട്ടമായും ചിത്രികരിക്കുന്ന സംഘപരിവാര്‍ ചരിത്രകാരന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാവുന്നതിലുമപ്പുറമായിരുന്നു ഈ നടപടി. വകുപ്പു തലവനെതിരായ ആക്രമണവും അതിലൂടെ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷവും പരിവാിന് ഏറെ ഗുണം ചെയ്തു. ഏത് അജണ്ടയും നടപ്പാക്കാനാവുന്ന ഭയത്തിന്റെ വിത്തുകളായിരുന്നു ആ ആക്രമണത്തിലൂടെ അവര്‍ വിതച്ചത്. ക്ലാസ്സ്‌മുറികളില്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ വിശകലനങ്ങള്‍ നടത്തുമ്പോള്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അധ്യാപകരും വിദ്യാര്ഥികളും വിമുഖരാവുന്നു. സംഘപരിവാര്‍ ഉണ്ടാക്കിവയ്ക്കുന്ന ഇത്തരം ഭീകരതയുടെ അന്തരീക്ഷത്തിലാണ് എകെ രാമാനുജന്റെ രാമായണപഠനം പോലുള്ള പുസ്തകങ്ങള്‍ കാര്യമായ എതിര്‍പ്പില്ലാതെ നിരോധിക്കാന്‍ വലതുപക്ഷ നിയന്ത്രണത്തിലിരിക്കുന്ന സര്‍വകലാശാലക്ക് വഴി തുറന്നത്. പരിവാരത്തെ പേടിച്ച് ചരിത്രം പോലുള്ള വിഷയങ്ങള്‍ സ്വതന്ത്രമായി പഠിക്കാനോ പഠിപ്പിക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ വരെ നിലനില്ക്കുന്നത്. ഒരു നൂറ്റാണ്ടിലതികം കാലമെടുത്ത് രൂപപ്പെട്ടുവന്ന മതേതര-നവോത്ഥാന കാഴ്ചപ്പാടിനെ അടിച്ചമര്‍ത്താനും പിന്നോട്ടടിക്കാനും സംഘപരിവാര്‍ നടത്തുന്ന ഇത്തരം സാംസ്കാരിക ഗുണ്ടാവിളയാട്ടങ്ങള്ക്ക് ചെറിയ സമയം മതി. ശ്രീരാമസേനയുടെ പേരില്‍ മംഗലാപുരത്തും ഭഗത് സിംഗ് സേനയെ കൂട്ടുപിടിച്ച് ഇപ്പോള്‍ ദില്ലിയിലുമെല്ലാം പരിവാരം നടത്തുന്ന ഗുണ്ടാവിളയാട്ടം ചരിത്രത്തിന്റെയും സംസ്ക്കരത്തിന്റെയുമെല്ലാം നിയന്ത്രണം ഏറ്റെടുക്കാനുള്ള തകൃതിയായ ശ്രമങ്ങളുടെ ഭാഗമാണ്. ആളുകള്‍ എതിര്‍പ്പിന്റെ മുനകള്‍ മടക്കിവെക്കുകയാണ്. ചെറുത്തുനില്‍പ്പുകള്‍ കൈയൂക്കു കൊണ്ട് ഇല്ലാതാക്കാനാണ് ശ്രമം. ഇനി എന്നാണ്, സംഘ്പരിവാര്‍ പോറ്റി വളര്‍ത്തുന്ന ചെറുകിട സംഘങ്ങള്‍ നമ്മുടെ ശബ്ദങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്നതെന്ന് മാത്രം കാത്തിരുന്നാല്‍ മതി. (നാലമിടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധികരിച്ചത്)

No comments: