ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണമെന്നാണ് ലോക മാധ്യമങ്ങൾ ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. പ്രാതിനിധ്യ സർക്കാർ എന്ന ആശയത്തിന് ഇന്ത്യയിൽ 1861ലെ ഇന്ത്യൻ കൌൺസിൽ ആക്ടിനോളം പഴക്കമുണ്ടെങ്കിലും പ്രായപൂർത്തിവോട്ടവകാശം ആദ്യമായി നടപ്പാക്കപ്പെടുന്നത് 1951-52 കാലത്താണ്.
ഈ വലിയ ദേശത്തെ ഒന്നിച്ചുനിറുത്തുക എന്നതായിരുന്നു പുതിയ സർക്കാർ നേരിടാനിരുന്ന പ്രധാന പ്രശ്‌നം. ദാരിദ്ര്യം, നിരക്ഷരത, വർഗീയത തുടങ്ങി രണ്ടു നൂറ്റാണ്ടിന്റെ കോളനി ഭരണം നൽകിയ പലതരം പ്രശ്‌നങ്ങൾ വേറെ. എല്ലാ വെല്ലുവിളികളേയും അതിജീവിക്കും വിധം ജനാധിപത്യത്തിൽ അടിയുറച്ച വിശ്വാസമുള്ള നേതാക്കളും പാർട്ടികളുമായിരുന്നു ആദ്യ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ഇടതുപാർട്ടികളും, കർഷകതൊഴിലാളി പ്രസ്ഥാനങ്ങളും ഈ ജനാധിപത്യപരീക്ഷണത്തിൽ ക്രിയാത്മകമായി പങ്കെടുത്തു. കാരണം, രാജ്യത്തിന്റെ ഫെഡറൽ ഭരണയന്ത്രം നാട്ടുകാരായ വരേണ്യവർഗത്തിന്റെ കയ്യിലേക്ക് പൂർണമായും മാറ്റപ്പെടുന്ന കാലത്തെ സാധാരണക്കാരന്റെ പ്രതീക്ഷയായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്.
ജവഹർലാൽ നെഹ്രുവായിരുന്നു തിരഞ്ഞെടുപ്പിന്റെ മുഖം. എസ്.എ.ഡാങ്കേയുടെയും അജയ് ഘോഷിന്റെയും നേതൃത്വത്തിലുള്ള സിപിഐയും, ജെ.ബി.ക്രിപലാനിയുടെ നേതൃത്വത്തിലുള്ള കിസ്സാൻ മസ്ദൂർ പ്രജാപാർട്ടിയും, സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. കോൺഗ്രസ്സും, ഇടതുപാർട്ടികളും, ഹിന്ദു മഹാസഭയുൾപ്പെടെയുള്ള വർഗീയ പാർട്ടികളും ഉൾപ്പെടെ പതിനാല് ദേശീയ പാർട്ടികളും, കൊച്ചിൻ പാർട്ടിയും കേരള സോഷ്യലിസ്റ്റു പാർട്ടിയുമുൾപ്പെടെ ഇരുപത്തിയഞ്ചിലധികം പ്രാദേശികപാർട്ടികളും ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെച്ചത്.
ഗാന്ധി കൊല്ലപ്പെട്ടതും നെഹ്‌റുവിനുള്ള പൊതുസമ്മതിയും സ്വാതന്ത്ര്യസമത്തിന്റെ ഓർമകളും കൊൺഗ്രസ്സിനു കൊടുത്ത മുൻതൂക്കം മാറ്റിനിറുത്തിയാൽ കർഷക പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് പാർട്ടികൾക്കും പിന്നീടൊരിക്കലും കിട്ടാത്ത പ്രാധാന്യമാണ് ആ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. എഴുപതു ശതമാനതിലധികം വരുന്ന നിരക്ഷരരായ ജനങ്ങളെ വോട്ടുചെയ്യിക്കുക എന്നതായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെയും സുകുമാർ സെൻ എന്ന ഇലക്ഷൻ കമ്മിഷണറുടേയും ഏറ്റവും വലിയ വെല്ലുവിളി. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കാഴ്ചയിൽ വ്യത്യാസമുള്ള ചിഹ്നങ്ങളും പ്രത്യേകം ബാലറ്റ് പെട്ടികളും നൽകുകയായിരുന്നു സുകുമാർ സെൻ ഇതിനു കണ്ട പരിഹാരം.
പ്രായപൂർത്തിയായ (ഇരുപത്തിയൊന്നു വയസ്സ്) 176 മില്ല്യൻ ആളുകൾക്ക് വോട്ടവകാശം നൽകിയെങ്കിലും എല്ലാവരുടെയും പേരു വിവരങ്ങൾ വോട്ടർ പട്ടികയിൽ ചേർക്കുകയെന്നത് അത്ര നിസ്സാരമായിരുന്നില്ല. വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക എന്നതിനപ്പുറം നിരവധി വെല്ലുവിളികൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നേരിടേണ്ടിവന്നു. മുപ്പതുലക്ഷം സ്ത്രീകൾ അവരുടെ സ്വന്തം പേര് വോട്ടർപട്ടികയിൽ ചേർക്കാൻ വിസമ്മതിച്ചുവെന്നാണ് കണക്ക്. അച്ഛന്റെയോ, ഭർത്താവിന്റെയോ, മകന്റെയോ പേരിൽ പട്ടികയിൽ ചേർത്താൽ മതിയന്ന ഈ വാശി കൂടുതലും വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു. സാമന്ത വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ആളുകളെ ജാതി, ലിംഗ വിഭജനങ്ങൾക്കപ്പുറം പോളിംഗ് ബൂത്തുകളിലെത്തിച്ചതിൽ പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്ക് വളരെ വലുതാണ്. ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാർപ്പിടം, വിദ്യാഭ്യസം തുടങ്ങിയ കാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പാർട്ടികളിൽ വലിയ പ്രതീക്ഷവെച്ച ഗ്രാമീണരാണ് വോട്ടുചെയ്തവരിൽ ഭൂരിഭാഗവും.
റേഡിയോ, ടെലിഫോൺ തുടങ്ങിയ മാധ്യമങ്ങൾ അത്ര പ്രചാരത്തിലല്ലാതിരുന്ന ഈ കാലത്ത് രണ്ടുലക്ഷത്തോളം വരുന്ന പോളിംഗ് ബൂത്തുകളെ നിയന്ത്രിക്കുക വലിയ വെല്ലുവിളിതന്നെയായിരുന്നു. രാജസ്ഥാൻ മരുഭൂമിയിൽ പട്ടാളവാഹനത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്ക് നേവിയുടെ പടക്കപ്പലുകളിലും മലയോരങ്ങളിൽ കാളവണ്ടികളിലും ആനപ്പുറത്തും വള്ളങ്ങളിൽ നദികടന്നുമൊക്കെയാണ് തിരഞ്ഞെടുപ്പു സാമഗ്രികൾ ബൂത്തുകളിലെത്തിച്ചത്. പ്രചാരണ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മികച്ച മാർഗം ദിനപ്പത്രങ്ങളായിരുന്നു. ഇലക്ഷൻ കമ്മിഷന്റെ കണക്കുപ്രകാരം 397 പത്രങ്ങളാണ് ആദ്യ പൊതുതിരഞ്ഞിടപ്പുകാലത്ത് ആരംഭിച്ചത്. ദേശിയ നേതാക്കളുടെ പൊതുസമ്മേളനങ്ങളും ആരോപണങ്ങളുമെല്ലാം വലിയ വാർത്തയായി പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു.
കേരളം ആദ്യപൊതുതിരഞ്ഞെടുപ്പിൽ:
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശവും നാട്ടുരാജ്യങ്ങൾ ചേർന്നുണ്ടായ തിരുക്കൊച്ചിയുമായിരുന്നു അന്ന് കേരളം. നിവർത്തന പ്രസ്ഥാനത്തിലൂടെ കരം തീരുവയുടെ പരിധി കുറച്ചുകൊണ്ടുവന്നു കൂടുതൽ ആളുകൾക്ക് വോട്ടവകാശം നേടിയതും പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം പരിഗണിച്ച് ദ്വയാംഗമണ്ഡലങ്ങൾ രൂപികരിക്കുന്നതും തിരുവിതാംകൂറിനു പുതുമയായിരുന്നില്ല. എന്നാൽ, ഫെഡറൽ സർക്കാരിനെ തിരഞ്ഞെടുക്കുന്നതും പ്രായപൂർത്തി വോട്ടവകാശവും ആദ്യത്തെ ജനാധിപത്യാനുഭവമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന നവോത്ഥാന, കർഷക, തൊഴിലാളി മുന്നേറ്റങ്ങൾ നൽകിയ ജനാധിപത്യബോധം ആദ്യപൊതുതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 71 ശതമാനം വോട്ടുരേഖപ്പെടുത്തിയ തിരുകൊച്ചിയാണ് പോളിംഗ് ശതമാനത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം.
ആദ്യ ലോക്‌സഭയുടെ പ്രതിപക്ഷ നേതായിരുന്ന എ കെ ഗോപാലൻ ജയിച്ച കണ്ണൂരായിരുന്നു കേരളത്തിൽ (അന്നത്തെ മദ്രാസ് സംസ്ഥാനം) ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലം. രാജ്യത്തെ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമായ 80.5 രേഖപ്പെടുത്തിയ കോട്ടയമായിരുന്നു ചരിത്രത്തിലിടം പിടിച്ച മറ്റൊരു മണ്ഡലം. കോൺഗ്രസ്സിന്റെ സി.പി.മാത്യുവായിരുന്നു 170654 വോട്ടുകളോടെ കോട്ടയത്ത് ജയിച്ചത് (ആകെ വോട്ടിന്റെ 59.89%). സിപിഐയുടെ എ.കെ.ജിയും, കിസ്സാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ സ്ഥാനാർഥിയായി പൊന്നാനിയിൽ വിജയിച്ച കെ.കേളപ്പനും മീനച്ചിലിൽ വിജയിച്ച പി.ടി.ചാക്കോമുൾപ്പെടെ പ്രദേശിക തലത്തിൽ ജനകീയരായ നേതാക്കളായിരുന്നു കേരളത്തിൽനിന്നു മത്സരിച്ചവരിൽ ഭൂരിപക്ഷവും.
കേരളത്തിൽ നിന്നുള്ള ആദ്യവനിത എം.പി.യായ ആനി മസ്‌ക്രീൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ നാഗർകോവിൽ പ്രദേശം തിരുകൊച്ചിയുടെ ഭാഗമായാണ് ആദ്യപൊതുതിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ചിറയിൻകീഴ്, കൊല്ലം മാവേലിക്കര, ആലപ്പുഴ, തിരുവല്ല, മീനച്ചിൽ, എറണാകുളം, കൊടുങ്ങല്ലൂർ, തൃശൂർ തുടങ്ങിയവയായിരുന്നു തിരുകൊച്ചിയിൽ നിന്നുള്ള മറ്റുമണ്ഡലങ്ങൾ.
കൂടുതൽ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചതെങ്കിലും സിപിഐയുടെ പിന്തുണയുണ്ടായിരുന്ന ആർഎസ്പി സ്ഥാനാർഥി ശ്രീകൺഠൻ നായർ കൊല്ലംമാവേലിക്കര മണ്ഡലത്തിൽ നേടിയ വിജയവും, തലശ്ശേരി, കോഴിക്കോട് മണ്ഡലങ്ങളിൽ കിസ്സാൻ മസ്ദൂർ പ്രജാപാർട്ടി നേടിയ വിജയവും കേരളത്തിന്റെ ഇടതുപക്ഷചായ്‌വിനെ കാണിക്കുന്നതായിരുന്നു. എ.കെ.ജി കണ്ണൂരിൽ നേടിയത് 65 ശതമാനം വോട്ടുകളായിരുന്നു. എതിർസ്ഥാനാർഥി കോൺഗ്രസ്സിലെ ഗോവിന്ദൻ നായർക്ക് ലഭിച്ചതു 31 ശതമാനം വോട്ടുകൾ മാത്രം. കേരളത്തിന്റെ പിന്നീടുള്ള കാലത്തെ പാർട്ടി മുന്നണി രാഷ്ട്രീയത്തിന്റെ പ്രവണതകൾ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ (നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടന്നിരുന്നു) വ്യക്തമാണ്. ഫാദർ വടക്കൻ 'എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥയിൽ 1951-52ലെ തിരുകൊച്ചി തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു വിരുദ്ധ മുന്നണിയിൽ പ്രവർത്തിച്ചത് അനുസ്മരിക്കുന്നുണ്ട്. സ്റ്റാലിൻ റഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന എകാതിപത്യ ഭരണരീതിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വടക്കൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വിമർശിച്ചുകൊണ്ടിരുന്നത്.
*ഡൽഹി സർവ്വകലാശാലയിൽ ചരിത്രാധ്യാപകനാണ് ലേഖകൻ.
(Published in News Moments Portal: http://www.newsmoments.in/COLUMNS/2389/)
No comments:
Post a Comment