Friday, April 4, 2014

ഡല്‍ഹി: പുതയ്ക്കാന്‍ ഇനി മരണം ബാക്കി

ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. -ഉത്തരേന്ത്യന്‍ കൊടുംശൈത്യം 131 ജീവനുകള്‍ കവര്‍ന്ന വാര്‍ത്തകള്‍ക്കിടെ, ഡല്‍ഹിയും മൃതശൈത്യവും തമ്മിലുള്ള വിചിത്ര ബന്ധങ്ങള്‍ വകഞ്ഞെടുക്കുന്നു, ജസ്റ്റിന്‍ മാത്യു

photo courtesy: Kevin Frayer

ഡല്‍ഹി കമ്പിളിപ്പുതപ്പിലേക്ക് ഉള്‍വലിയുന്ന കാലമാണിത്. മഞ്ഞുമൂടിയ വഴികളും, കനത്ത മൂടല്‍ മഞ്ഞില്‍ വൈകിയോടുന്ന തീവണ്ടികളും, വഴിയരുകില്‍ വട്ടംകൂടിയിരുന്നു തീ കായുന്ന ജനവും, മുണ്ടും ഷര്‍ട്ടും മീതെ കമ്പിളിക്കുപ്പായവുമിട്ട് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാരും, ചൂടുചായയില്‍ കൈയമര്‍ത്തിപ്പിടിച്ചു ഓഫിസിലേക്ക് ബസ് കാത്തു നില്‍ക്കുന്നവരുമൊക്കെ ഈ നഗരത്തിന്റെ ശൈത്യകാലകാഴ്ച്ചകളാണ്. അമ്പതു ഡിഗ്രി ചൂടില്‍ നിന്ന് പൂജ്യത്തിലേക്ക് ജീവിതം കൂപ്പുകുത്തുന്ന മാറിമറിയലാണ് ഉത്തരേന്ത്യന്‍ ശൈത്യം. ആഹാരരീതികളും, വസ്ത്രരീതികളുമൊക്കെ മാറ്റി, സന്നാഹങ്ങള്‍ ഒരുക്കി തണുപ്പിനെതിരെ ഒരു യുദ്ധ പ്രഖ്യാപനം.
അവരുടെ തണുപ്പുനാളുകള്‍
മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന പഴയ ഒരു ഡയലോഗ് പോലെയാണ് തണുപ്പത്തു ഡല്‍ഹി ജീവിതം. ക്രിസ്മസ് വിളക്കുകളും, ഭംഗിയുള്ള കമ്പിളിക്കുപ്പായങ്ങളും, നെരിപ്പോടുകളും, റൂം ഹീറ്ററുകളും, ചൂടുള്ള റൊട്ടിയും ദാലും, ഉണങ്ങിയെടുത്ത പഴങ്ങളുമൊന്നുമല്ല ഉത്തരേന്ത്യന്‍ ശൈത്യം. താപനില പൂജ്യത്തിലേക്ക് താഴുമ്പോള്‍ വഴിയോരങ്ങളിലെ ചേരികളിലും തെരുവിലും ജീവിതം നയിക്കേണ്ടിവരുന്ന ഈ നഗരത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാവുന്നതാണ് ശൈത്യം. വളര്‍ത്തുപട്ടിക്കു വേണ്ടി ആയിരങ്ങള്‍ മുടക്കി തണുപ്പ് കുപ്പായങ്ങള്‍ വാങ്ങുന്നവരുടെ നഗരത്തില്‍ത്തന്നെയാണ് ഒരു മുഷിഞ്ഞ കമ്പിളിപ്പുതപ്പിനു വേണ്ടി കൂട്ടുകാരനെ കൊല്ലേണ്ടി വരുന്നത്. കോമണ്‍വെല്‍ത്ത് കായികമേള നടക്കുമ്പോള്‍ നഗരം സുന്ദരമാക്കാന്‍ ചേരിനിവാസികളെ ഇറക്കിവിട്ടത് ഡിസംബര്‍-ജനുവരിയിലെ കൊടും തണുപ്പിലേക്കായിരുന്നു. നഗരം അന്‍പതും അറുപതും നിലകളിളിലേക്ക് കെട്ടിപ്പൊക്കുമ്പോള്‍ നൂറുരൂപയില്‍ താഴെ ദിവസ വേതനത്തിന് അത് പണിതുയര്‍ത്തിയവര്‍ വഴിവക്കില്‍ തണുത്തുമരിക്കുന്നു. കൊടുചൂടില്‍ വീടില്ലാത്തവന് തണലാകുന്ന മേല്‍പ്പാലങ്ങള്‍ ശൈത്യകാലത്ത് ഒരു മഞ്ഞുപാളിപോലെ തണുത്തുറയും. അസ്ഥി തുളക്കുന്ന തണുപ്പിനെതിരെയാണ് എട്ടുവയസ്സുകാരന്‍ രാമു അതിനടിയിലിരുന്നു ബീഡി വലിച്ചുതള്ളുന്നത്. മൂക്കിലേക്ക് ആഞ്ഞുവലിച്ചു ഷൂപോളിഷാണ് അവന്റെ സ്വെറ്ററും ജാക്കറ്റും.
ഇന്ത്യ സൂപ്പര്‍ പവറായിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ദാരിദ്യ്രത്തിനു രേഖവരയ്ക്കുന്ന മന്‍മോഹന്‍-മൊണ്ടേഗുമാര്‍ കാണാത്ത ഒരു മരവിപ്പ് ഈ വാക്കുകള്‍ക്കുണ്ട്. കാരണം, ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് ചുറ്റും രാത്രിയിലുള്ളത് ആയുധധാരികളായ പട്ടാളക്കാരല്ല; വീടില്ലാത്ത ആയിരങ്ങളാണ്. ചെങ്കോട്ട അവര്‍ക്ക് അന്യംവന്ന ഒരു മഹാസാമ്രജ്യത്തിന്റെ ചരിത്രമല്ല. മറിച്ച് ചെങ്കല്ലുകള്‍ക്ക് ശീതക്കാറ്റിനെ തടയാനുള്ള കഴിവാണ്.

courtesy: daylife

തണുത്ത ചരിത്രം
ശൈത്യം ഡല്‍ഹിയുടെ വര്‍ത്തമാനത്തില്‍ മാത്രമല്ല, ചരിത്രത്തില്‍ പലയിടങ്ങളിലും ഉറഞ്ഞുകിടക്കുന്നുണ്ട്. 1731ല്‍ കൊടും ശൈത്യവും പ്ലേഗും നഗരത്തെ ഒരുമിച്ചു ബാധിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ചെമ്പുപാത്രത്തില്‍ നിറച്ചുവെച്ച വെള്ളം വരെ മഞ്ഞുകട്ടയായി തീര്‍ന്ന ജലരഹിത പ്ലേഗുരാത്രികള്‍. ഗാലിബിന്റെ ഗസലുകളില്‍ കോളറയും കടുത്തപനിയും ബാധിച്ച നഗരചിത്രങ്ങള്‍ കടന്നുവരുന്നുണ്ട്. 1857ലെ കലാപത്തിന്റെ പേരില്‍ നഗരവാസികളെ ബ്രിട്ടിഷ് പട്ടാളം ശിക്ഷിക്കുന്നത് അവരെ ജനുവരിയിലെ കനത്ത തണുപ്പിലേക്ക് കുടിയിറക്കിക്കൊണ്ടായിരുന്നു. നഗരത്തിനു പുറത്തുള്ള ഗ്രാമങ്ങളില്‍ തണുപ്പ് മാറ്റാന്‍ വഴികാണാതെ നഗരവാസികള്‍ മരവിച്ചു മരിച്ചുകൊണ്ടിരുന്നു. ഇത് കലാപത്തിന്റെ അധികമാരും പറയാത്ത ഒരു തണുത്ത ചരിത്രം. പിന്നീട് 1911ല്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് പറിച്ചുനടുമ്പോള്‍ ബ്രട്ടിഷുകാര്‍ ഈ തണുപ്പിനെ ഇഷ്ട്പ്പെട്ടിരുന്നു. (അവര്‍ ആകെ വെറുത്തിരുന്നത് ഇന്ത്യയിലെ മനുഷ്യരെയും ഇവിടുത്തെ കൊടും ചൂടിനെയും മാത്രമാകും). തലസ്ഥാനം മാറ്റുന്ന ചടങ്ങ് നടന്നത് തന്നെ ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ഒരു പക്ഷെ ഡല്‍ഹി തലസ്ഥാനമാകാനുള്ള ഒരു പ്രധാന കാരണം അവര്‍ ഇഷ്ടപ്പെടുന്ന തണുപ്പ് തന്നെയാവണം. തണുപ്പുകാലത്ത് ആറുമാസം ഡല്‍ഹിയിലും പിന്നെ ചൂടുകാലത്ത് ആറുമാസത്തേക്ക് ഷിംല എന്ന വേനല്‍ക്കാല സുഖവാസ കേന്ദ്രത്തിലുമായിരുന്നു കോളനിവാഴ്ച്ചക്കാലത്തെ രാജ്യ തലസ്ഥാനം.

illustration: prabha zacharias

വിഭജനവും തണുപ്പും
1947ലെ വിഭജനത്തിനു ശേഷവും തണുപ്പ് ചരിത്രം ആവര്‍ത്തിച്ചു. നാടും വീടും നഷ്ടപ്പെട്ട് ഡല്‍ഹിയിലെ അഭയാര്‍ഥിക്യാമ്പുകളില്‍ എത്തിയവരെ കാത്തിരുന്നത് കൊടും തണുപ്പായിരുന്നു. പുരാന കിലയിലും (പഴയ കോട്ട), കിങ്ങ്സ്വേ ക്യാമ്പിലുമൊക്കെ ജനം തണുത്തു വിറച്ചു. 1971ലെ ഇന്ത്യപാക് യുദ്ധം തുടങ്ങുന്നതും ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ബാബരിപ്പള്ളി പൊളിച്ചുമാറ്റുന്നതും ഒരു തണുത്ത ഡിസംബറില്‍ ആയിരുന്നു. കലാപങ്ങളും യുദ്ധങ്ങളും എന്തുകൊണ്ടോ തണുപ്പിനെ ഇഷ്ടപ്പെട്ടു. എല്ലാ കലാപങ്ങളിലും, യുദ്ധങ്ങളിലും, വിഭജനങ്ങളിലും വീടുവിട്ടിറങ്ങി അഭയാര്‍ഥിയാകേണ്ടി വരുന്നത് സാധാരണക്കാരനാണ്. അവരുടെ കൊടുംതണുപ്പിന്റെ ചരിത്രം മൂടല്‍മഞ്ഞിനപ്പുറം കാണാതെ പോകുന്നു. യൂറോപ്പിലെ ചരിത്രപുസ്തകങ്ങളില്‍ പലതിലും വേനല്‍ക്കാലം, ശൈത്യകാലം എന്നീ വേര്‍തിരിവ് വ്യക്തമായി കാണാം. കാരണം, ചരിത്രം മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത അനുഭവമാകുമ്പോള്‍ അതില്‍ കാലാവസ്ഥക്കും പ്രാധാന്യമുണ്ട്. എന്തുകൊണ്ടോ നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ ഈ വേര്‍തിരിവ് അത്ര പ്രധാനമല്ല.. ഒരു പക്ഷെ ഗാന്ധിയും, ജിന്നയും, നെഹറുവും, തിലകനും, റായിയുമൊന്നും കണ്ട തണുപ്പിന് ചരിത്രത്തില്‍ അത്ര പ്രധാന്യമുണ്ടാകില്ല. മാര്‍ച്ച് മാസത്തിലെ ഉപ്പ് സത്യഗ്രഹവും, ഓഗസ്റില്‍ നടന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഉത്തരേന്ത്യയിലെ മിതമായ കാലാവസ്ഥയില്‍ നടന്നതായിരുന്നു. ചരിത്രം സാധരണക്കാരനിലേക്ക് ഇറങ്ങുമ്പോഴാണ് അതിനു ചൂടും തണുപ്പുമുണ്ടാകുന്നത് .
ചില വെള്ളപ്പൊക്കങ്ങള്‍ മാറ്റിനിറുത്തിയാല്‍, മിതമായ കാലാവസ്ഥയില്‍, കലാപങ്ങളും, വിഭജനങ്ങളും, പടയോട്ടങ്ങളുമില്ലാതെ നൂറ്റാണ്ടുകളായി കഴിഞ്ഞവരുന്ന നമ്മള്‍ മലയാളികള്‍ക്ക് കാലാവസ്ഥ സാമൂഹപഠനത്തില്‍ അത്ര പ്രധാനമല്ല. ടിവി വാര്‍ത്തകളില്‍ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാര്‍ ഇടുന്ന കമ്പിളിക്കുപ്പായത്തിലൂടെയാണ് ഉത്തരേന്ത്യന്‍ ശൈത്യം കേരളത്തിലെത്തുന്നത്. നമ്മുടെ എംപിമാര്‍ കൊണാട്ട് പ്ലെസിലോ പഹാഡ് ഗഞ്ചിലോ സഹായികളെ പറഞ്ഞുവിട്ടു വാങ്ങുന്നതാവം അവരുടെ കമ്പിളിക്കുപ്പായങ്ങള്‍.. പാര്‍ലമെന്റിന്റെ സമ്മേളനം കഴിഞ്ഞു തിരികെ കേരളത്തിലെ ഉഷ്ണത്തിലേക്ക് തിരികെ പോകുമ്പോള്‍ അവര്‍ ആ കമ്പിളിക്കുപ്പായങ്ങള്‍ എന്ത് ചെയ്തിട്ടുണ്ടാവും?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍
ഡല്‍ഹിയില്‍ വന്ന
ബ്രിട്ടിഷ് ചരിത്രകാരന്റെ
ശൈത്യകാലക്കുറിപ്പ് :


ഡല്‍ഹിയിലെ ശൈത്യം
ഞാനിത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല, എനിക്കിത് താങ്ങാനാവുന്നുമില്ല.. എനിക്ക് തോന്നുന്നത് ഡല്‍ഹിയിലെ തണുപ്പ് പോലെ ലോകത്തില്‍ മറ്റൊന്നും ഇല്ലെന്നാണ്. ഇത് കഠിനമാണെന്നത് മാത്രമല്ല, ഇതിന്റെ സ്വഭാവഗുണം നിങ്ങളെ നിലംപരിശാക്കിക്കളയും.. മറ്റുസ്ഥലങ്ങളിലുള്ള വരണ്ട തണുപ്പ് ഉത്സാഹവും ഉന്മേഷവും ഇളക്കിവിടുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഇതൊരുതരം മരിച്ച തണുപ്പാണ്, നിങ്ങളെ അത് ഈര്‍പ്പമുള്ള ഒരു ശവമാക്കിമാറ്റും. അത് എല്ലായിടത്തും നുഴഞ്ഞുകയറും; ഏറ്റവും കട്ടിയേറിയ ഓവര്‍ക്കോട്ടിനുപോലും അതിനെ തടഞ്ഞുനിറുത്താനാകില്ല.. രാവിലെ പത്തുമണിമുതല്‍ അഞ്ചുമണിവരെയാണ് ഞാന്‍ ജീവിക്കുക; അപ്പോഴത്തെ കാലാവസ്ഥ ആനന്ദകരമാണ്. അപ്പോള്‍ ഞാന്‍ ചുറ്റും കറങ്ങിനടന്നു കാഴ്ചകള്‍ കാണുന്ന സമയമാണ്; എന്നാല്‍ ഞാന്‍ രാത്രി എഴുതാനിരിക്കുമ്പോഴാവട്ടെ,, എന്റെ തലച്ചോറ് ഉറഞ്ഞുപോകുന്നു. അത് പണിയെടുക്കാന്‍ വിസമ്മതിക്കുന്നു, എന്റെ കൈ പേന പിടിക്കാന്‍ മടിക്കുന്നു. ഞാന്‍ എന്റെ അവസാനത്തെ കത്ത് എങ്ങനെയെഴുതിയെന്നറിയാമോ? എന്റെ ജോലിക്കാരന്‍ മേശയില്‍ ഒരു പാത്രത്തില്‍ ചൂടുവെള്ളം നിറച്ചുകൊണ്ടേയിരുന്നു, ഓരോ വരി എഴുതിക്കഴിയുമ്പോഴും ഞാന്‍ എന്റെ വിരലിനെ ചൂടുവെള്ളത്തില്‍ മുക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ എങ്ങനെ എഴുതും? എന്നിട്ടിതാണോ നിങ്ങളുടെ പവിഴ തീരം? ഇംഗ്ലീഷ് ശൈത്യത്തെപ്പറ്റി ഞാന്‍ മേലില്‍ പരാതിപറയില്ല. (190-203)
LOVAT FRASER

(സ്കെച്ചും വിവര്‍ത്തനവും : പ്രഭ സക്കറിയാസ്)
(Published in Naalaamidam Portal) 

No comments: