Wednesday, January 13, 2010

തോമസ്സുചേട്ടനൊരു തുറന്ന കത്ത്

ഈ. മ. യൗ

പ്രിയപ്പെട്ട തോമസുചേട്ടന്‍ വായിച്ചറിയുന്നതിന്,

ആസ്ക്‌വിത്ത്‌ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന ജസ്റ്റിന്‍ എഴുതുന്നത്‌.

നമ്മളവസാനം കണ്ടിട്ടിപ്പോ ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നെ ഡല്‍ഹിക്ക് യാത്രയാക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില് ചേട്ടനോടിക്കിതച്ചുവന്നത് ഇപ്പോഴും ഇന്നലത്തെപ്പോലെ ഞാനോര്‍ക്കുന്നു. നാലുവര്‍ഷം മുന്‍പ് ഞാനവസാനം സിഎംഎസ് കോളേജില് വന്നിട്ട് ചേട്ടനെ കാണാതെ പോയി എന്ന് ബിന്ദോഷിനോട് പരാതി പറഞ്ഞു എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. സത്യത്തില്‍ ഞാന്‍ പീജി മെസ്സില്‍ ചേട്ടനെക്കാണാന്‍ വന്നിരുന്നു. വന്നപ്പോ ചേട്ടന്‍ ചുങ്കത്ത്‌ മുട്ട മേടിക്കാന്‍ പോയിരിക്കുവാണെന്നു മോള് പറഞ്ഞു. ഉച്ചക്ക് പീജി മെസ്സിലെ കുട്ടികള്‍ക്ക് ചോറ് കൊടുക്കണ്ടതുകൊണ്ട് ചേട്ടന്‍ വരുമെന്ന് കരുതി കുറെ നേരം നോക്കിയിരുന്നതുമാണ്. ഞാന്‍ ചേട്ടനോട് എത്ര തവണ പറഞ്ഞതാണ് ഒരു മൊബൈലെടുക്കാന്‍. അല്ലങ്കില് രാവിലെ പശുവിനെയും അഴിച്ചുകൊണ്ട് അതിന്‍റെകൂടെ വേറേ നൂറുകാര്യങ്ങളുമായി പോയാല്‍ ചേട്ടനെപ്പിന്നെ എപ്പോ കണ്ടുകിട്ടാനാണ്. മെസ്സുടമയും വെപ്പുകാരനും വിളമ്പുകാരനും എല്ലാമൊരാളായാതുകൊണ്ട് ഊണ്സമയത്ത് ഞാനവിടെയിരുന്നാല്‍ ഒന്നും മിണ്ടാനും പറയാനും പറ്റില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരത്തെ തിരിച്ചു പോയി.

മെസ്സിപ്പോ വല്ലപ്പോഴുമേ നടക്കുന്നൊള്ളുവെന്നും ചേട്ടന്റെ കൈയൊരത്തിനു വേദന പിന്നെയും കൂടിയെന്നും മോളുപറഞ്ഞു. രാത്രി രണ്ടുവരെ കന്നുകാലികളെയും കൊണ്ട് കോളേജ്പറമ്പില് നടക്കുന്നത് കുറക്കണം. പിന്നെ അത്താഴം വെളുപ്പിനെ മൂന്നുമണിക്ക് കഴിക്കുന്ന പരിപാടിയൊക്കെ അവസാനിപ്പിക്കണം. വൈദ്യന്‍ പറഞ്ഞിട്ടില്ലേ രാത്രി ഉറങ്ങാതെ മഞ്ഞത്തുകൂടി നടക്കുന്നതവസാനിപ്പിക്കണമെന്ന്. എപ്പോഴെങ്കിലും ആ കണ്ണാടിയെടുത്തൊന്നുനോക്ക്, ഉറക്കമില്ലാത്ത ഒരു ജീവിതം ആ കണ്ണുകളില്‍ ചുവന്നുകിടക്കുന്നത് കാണാം. പണ്ട് നൂറുനൂറ്ററുപതു പേര്‍ക്ക് പീജി മെസ്സില് വെച്ചുവിളമ്പുന്നതുപോലെയല്ല, ഇപ്പൊ പ്രായം ഇത്രയൊക്കെയായില്ലേ. പിന്നെ ആകെ മൂന്നുപേരുള്ള ഈ മെസ്സും രണ്ടു പശുവിനെയും കൊണ്ട് എങ്ങനെ ജീവിക്കാനാണ്. ഒന്നുകില്‍ കോളേജ് കാന്റീന് അടുത്ത തവണയെങ്കിലും അപേക്ഷ കൊടുക്കുക, അല്ലെങ്കില്‍ കാക്കനാട്ടെ ആ ഇരുപതു സെന്റു സ്ഥലം വിറ്റിട്ട് എവിടെയെങ്കിലും ഉള്ളിലേക്കുകയറി രണ്ടെക്കറു പറമ്പുമേടിക്ക്. എത്ര കാലോന്നുവെച്ചാ പ്രിന്‍സിപ്പല്‍ ഇറക്കിവിടുമോ എന്നും പേടിച്ച് ആ പൊടിം, കരിം പിടിച്ചുകിടക്കുന്ന കോളേജ് ഹോസ്റ്റല്‍ മെസ്സില് താമസിക്കുന്നത്? ഇങ്ങനെയൊക്കെ പീജി മെസ്സിനെപ്പറ്റിപ്പറഞ്ഞാല്‍ തോമസ്സുചേട്ടന്‍ ദേഷ്യം വരുമെന്നെനിക്കറിയാം. പക്ഷെ, തോമസ്സ്‌ചേട്ടനല്ലാതെ വേറെ ആരെങ്കിലും സിയെമ്മസ്സിനെ സ്വന്തം വീടായി കരുതുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. തോമസുചേട്ടന്‍ തന്നെ എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു പണ്ടത്തെ സാരുംമാരും പിള്ളേരും പോലെയല്ല ഇപ്പൊഴുള്ളവരെന്ന്‍. അവര്‍ക്കൊന്നും ഹോസ്റ്റല്‍ നന്നാക്കനൊന്നും ഒരു താല്പര്യവുമില്ലന്ന് നമ്മളന്നേ പറഞ്ഞതല്ലേ. അല്ലെങ്കില്‍ നോക്കിക്കേ, ആസ്ക്‌വിത്ത്‌ ഹോസ്റ്റല്‍ ഇപ്പൊ എവിടെപ്പോയി? തോമസ്സ്‌ചേട്ടന്‍ തന്നെയല്ലേ പണ്ട് കെ ആര്‍ നാരായണന്‍ താമസിച്ചിരുന്ന ആസ്ക്‌വിത്ത്‌ ഹോസ്റ്റല്‍ മുറിയൊക്കെ കാണിച്ചുതന്നത്. എന്നിട്ടിപ്പം എന്തായി? കാശുകാര് പിള്ളേര് പഠിക്കുന്ന ഇംഗ്ലീഷ് കോഴ്സല്ലേ ഇപ്പൊ അവിടെ നടക്കുന്നത്?

ഇതൊക്കെ പറഞ്ഞപ്പോഴാണാലോചിച്ചത്, കുക്കുസാറ് റിട്ടയറായെന്നും കോളേജിനു പുതിയൊരു പ്രിന്‍സിപ്പാളായെന്നുമൊക്കെ അറിഞ്ഞു. പുതിയ ആളെങ്ങനെ? ആരുവന്നാലുമെന്താ അല്ലെ, ചേട്ടനെത്രപേരെ കണ്ടിരിക്കുന്നു, ജൂനിയര്‍ സാറായി തുടങ്ങി പ്രിന്‍സിപ്പാള് വരെ ആയവരെ. പീജി ഹോസ്റ്റലില്‍ താമസിച്ച് ചേട്ടന്റെ മെസ്സിന്നു കഴിച്ചവരൊക്കെ പിന്നീട് കോളേജിന്റെ തലപ്പത്തു വന്നിട്ടില്ലേ. എന്നാലും ഇന്നുവരെ ചില കാന്റീന്‍കാരെപ്പോലെ ആരെയും പ്രീതിപ്പെടുത്താനൊന്നും ചേട്ടന്‍ പോയിട്ടില്ലല്ലോ. അതുതന്നെയാ നല്ലത്. പിന്നെ ചെയ്യുന്ന പണിയില് കള്ളത്തരം കാണിക്കാത്തതുകൊണ്ട് അതിന്റെ ആവശ്യവുമില്ല. എന്നാലും ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് കോളജിന്റെ ആള്‍ക്കാരീന്ന് ഇത്ര അകലം ഒന്നും സൂക്ഷിക്കേണ്ട കാര്യമില്ലന്ന്. തുടര്‍ച്ചയായി അവരീന്നു നേരിടേണ്ടി വന്ന അവഗണകൊണ്ടായിരിക്കും ചേട്ടന്‍ അവരില്‍ നിന്നൊക്കെ അകന്നുമാറി ജീവിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂര മാറ്റിതരാന്‍ പറഞ്ഞ് ചേട്ടനെത്ര പടികള്‍ കയറിയിറങ്ങിയതാണ്. എന്നിട്ടെന്തു കാര്യം. എന്നാലും ആരോടും ഒരു പരാതിയും പറയാതെ അങ്ങനെയങ്ങനെ ഓരോ മഴക്കാലവും നേരിട്ട് മുന്നോട്ടുപോകുന്നുവല്ലേ. ഞാനവിടെ ആസ്ക്‌വിത്ത്‌ ഹോസ്റ്റലില്‍ താമസിക്കുമ്പോത്തന്നെ മെസ്സിന്റെ അവസ്ഥ ദയനീയമായിരുന്നു. പിന്നെ അതിന്‍റെ പുതുക്കിപ്പണിയല് വല്ലതും നടന്നായിരുന്നോ?

അന്നൊക്കെ കോളേജിനെ മുന്‍പിലെ ചായക്കടയില്‍ നിന്ന് ചായക്കും നീണ്ട വര്‍ത്തമാനങ്ങള്‍ക്കും ശേഷം തിരിച്ചു വന്നാപ്പിന്നെ എന്‍റെ ആകെയുള്ള പ്രതീക്ഷ രാത്രി കഞ്ഞിയും പയറുമായി വരുന്ന ചേട്ടനാണ്. മെസ്സിലേക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കിക്കഴിഞ്ഞിട്ട് എട്ടു മണിക്ക് അടുപ്പത്തിടുന്ന അരി വെന്ത് പയറും കറിവെച്ച് പീജിയില്‍ നിന്നും ആസ്ക്‌വിത്തിലെത്താന്‍ വൈകുമെന്നറിയാവുന്നതുകൊണ്ട് ചിലപ്പോഴൊക്കെ ഞാനും, മെസ്സും പ്രതാപവും അസ്തമിച്ചുപോയ ആസ്ക്‌വിത്തിന്‍റെ മറ്റന്തേവാസികളായ അനുമോന്‍, അരുണ്‍, എബ്രഹാം, ടോംസ് എന്നിവര്‍ക്കൊപ്പം ദേശാഭിമാനി, ദീപിക ഇങ്ങനെ പത്രസ്ഥാപനങ്ങളുടെ കാന്റീനില്‍ പോയി കപ്പയും മത്തിക്കറിയും കഴിച്ചുവന്നിരുന്നു. ഞാന്‍ വിശന്നിട്ടു പുറത്തുപോയിക്കഴിച്ചു എന്നുപറഞ്ഞാല്‍ ചേട്ടനുവരുന്ന വിഷമമെനിക്കറിയാമയിരുന്നതിനാല്‍ അതൊന്നും ഞാന്‍ ചേട്ടനോട് പറഞ്ഞിട്ടില്ല. പക്ഷെ എത്ര വൈകിയാലും ചേട്ടന്‍ കഞ്ഞിയുമായ് അഞ്ചുബാറ്ററി ടോര്‍ച്ച് വെട്ടത്തില്‍ വരുമെന്നറിയവുന്നത് കൊണ്ട് വല്ലപ്പോഴും ഒന്നുരണ്ട് പെഗ്ഗടിക്കുന്ന രാത്രികളിലൊഴിച്ച് എന്നും ഞാനെന്നുമുണര്‍ന്നിരുന്നിരുന്നു. അല്ലെങ്കില്‍ത്തന്നെ വൈകുന്നേരം അഞ്ചരക്ക് സാംസ്ക്കാരിക ജീവിതം അവസാനിക്കുന്ന കോട്ടയം നഗരത്തിലെനിക്ക് ആകെ മിണ്ടാനും സ്നേഹത്തോടെ കഞ്ഞിവിളമ്പിത്തരാനും, കഴിക്കുന്നത്‌ നോക്കിനിന്നു നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനും തോമസുചേട്ടനല്ലാതെ വേറെ ആരുണ്ടായിരുന്നു. അങ്ങനെ സിഎമ്മസിന്റെ എത്രയെത്ര കഥകളാണ്, സംഭവങ്ങളാണ് അന്നൊക്കെ പറഞ്ഞിട്ടുള്ളത്. ഇതെന്റെ മാത്രം അനുഭവമാല്ലല്ലോ, അവിടെ പഠിച്ചുപോയ ഒരുപാടുപേരുടെ കഥയും ഓര്‍മ്മയുമൊക്കെയല്ലേ.

തോമസ്സുചേട്ടന്‍ പറഞ്ഞ സിയെമ്മസ്സു കഥകളൊക്കെ ഞാനിടക്കോര്‍ക്കാറുണ്ട് കേട്ടോ. എന്തെല്ലാം സംഭവങ്ങളാണ് ആ ഇംഗ്ലീഷ്കാര് പണിത കെട്ടിടങ്ങള്‍ കണ്ടിട്ടുള്ളതെന്ന് കഥകളെല്ലാം കേട്ട് ഞാനോര്‍ക്കറുണ്ടായിരുന്നു. ചേട്ടന്‍ ഓരോ അത്താഴത്തോടൊപ്പവും പറയുന്ന ഓരോ കഥകളും എന്റെ മനസ്സിലെ സിയെമ്മസ്സിന്റെ രൂപം മാറ്റി വരച്ചുകൊണ്ടിരുന്നു. അവിടെ പഠിച്ചിട്ടില്ലെങ്കിലും കോളേജിലെ വേനലും, മഴയും, സമരങ്ങളും, അവധിക്കാലവും, ക്യാമ്പസ്‌ വിപ്ലവങ്ങളും, വരകളും, പ്രണയവും, പട്ടിണിയും, തോല്‍വിയും, വിടവാങ്ങലുകളും എല്ലാംമെല്ലാം സിയെമ്മസ്സിന്റെ ഇടനാഴികളില്‍ ഞാനും കണ്ടു, തോമസ്സു ചേട്ടന്റെ അത്താഴ കഥകളിലൂടെ. ഈ അടുത്ത നാളില്‍ സിയെമ്മസ്സിന്റെ ക്യാമ്പസില്‍ ഷൂട്ട്‌ച്യ്ത ക്ലാസ്സ്‌മേറ്റ്സ് എന്ന പടം കണ്ടു. അതിലെ കാന്റീന്‍ ഒക്കെ കണ്ടപ്പോ ഞാന്‍ തോമസ്സുചേട്ടനെ ഒരുപാട് ഓര്‍ത്തു കേട്ടോ.

കോളേജില്‍ പഠിപ്പിച്ചു പോയ വലിയ വലിയ അധ്യാപകരെ, അവര് മെസ്സില്‍ കഴിക്കാനെത്തുമ്പം കേട്ടുമനസ്സിലാക്കിയ ഒരുപാട് പുതിയ കാര്യങ്ങള് ഒക്കെ എത്ര കൃത്യമായാണ് ഇന്നലെ നടന്ന കാര്യങ്ങള് പോലെ പറയുന്നത്. ഇവിടെ ഡല്‍ഹിയില് ക്ലാസ്സെടുക്കാന്‍ പോകുമ്പോഴിടക്കൊക്കെ ചേട്ടന്‍ പറഞ്ഞിട്ടുള്ള വലിയ അധ്യാപകരെപ്പറ്റിയും, അവരെ ഞങ്ങള്‍ പുതിയ തലമുറ മാത്രുകയാക്കണമെന്നു പറയാറുള്ളതുമൊക്കെ ഞാനോര്‍ക്കും. അവര്‍ക്കൊക്കെ വെച്ചുവിളമ്പാന്‍ പറ്റിയത് ഒരു വലിയ ഭാഗ്യമായി, ചരിത്രനിയോഗമായി കരുതിയിരുന്ന ചേട്ടനെ കാണുമ്പോ സത്യം പറയാല്ലോ എനിക്ക് സങ്കടമാണ് വന്നിരുന്നത്. കാരണം മെസ്സ് നടത്തുന്നതൊരിക്കലും ചേട്ടനൊരു ബിസിനസ്സായിരുന്നില്ലല്ലോ. ഈ കഴിഞ്ഞ പത്തുനാല്പ്പതു വര്‍ഷത്തിനിടയില്‍ എത്രപേരാണ് കഴിച്ച ആഹാരത്തിന്റെ കാശുതരാതെ പോയിരിക്കുന്നത്. ചേട്ടന്റെ പൂര്‍വാശ്രമത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായിരുന്നപ്പോ, കാശു തരാതെ പോയ ഒരാളുടെ മുഖത്തു ചായ ഒഴിച്ച കഥ പറഞ്ഞിട്ടില്ലേ. പക്ഷെ ഞാനിടക്കൊക്കെ ഓര്‍ക്കും ആ ധീരന്‍ എങ്ങനെയിത്ര മാറിപ്പോയെന്ന്, കാശുതന്നില്ലെങ്കിലും ഒന്നും കറുത്തുപറയാതെ നടന്നുപോകുന്ന ചേട്ടനെ അവര്‍ ഒട്ടും ഗൌരവത്തില്‍ കണ്ടിട്ടുണ്ടാവില്ല. ഒരു താല്‍കാലിക അധ്യാപകന്‍റെ ഗതികേടറിയവുന്നതുകൊണ്ട് എന്നോടുതന്നെ എത്ര തവണ പറഞ്ഞിട്ടുണ്ട് “കാശിനു പ്രയാസമാണെ പിന്നെത്തന്നാമതി സാറേയെന്ന്”.

തോമസ്സുചേട്ടന്റെ ഊണിനു വലിയ പ്രചാരമുള്ള കാലത്തെപ്പറ്റി എത്രതവണ അഭിമാനത്തോടെ പറഞ്ഞിരിക്കുന്നു. അതൊക്കെയെങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുപോലെ തകര്‍ന്നുപോയി എന്ന് ഞാനിപ്പോഴും ആലോചിക്കാറുണ്ട്. പീജിമെസ്സിലെ നാടണൂനും വൈകുന്നേരത്തെ ചപ്പാത്തിയും കറിയുമൊന്നും പിള്ളേര്‍ക്ക് വേണ്ടാതായിരിക്കുന്നുവല്ലേ. പണ്ടൊക്കെ കോട്ടയത്തെ എല്ലാ ചായക്കടകളും നമ്മുടെ മെസ്സുപോലെതന്നെ നാടനല്ലായിരുന്നോ. പക്ഷെ പുതിയ പിള്ളേരുടെ ഇഷ്ടമൊക്കെ മാറിപ്പോയില്ലേ. അവര്‍ക്ക് വേണ്ടി പുതിയ വിഭവങ്ങള്‍ നഗരത്തിലെത്തിയിട്ടെത്ര കാലമായിക്കഴിഞ്ഞു. പിന്നെ, ജീവിക്കാന്‍ വേണ്ടി പശുവളര്‍ത്താന്‍ പോയതും പ്രശനമായി. പിള്ളേര്‍ക്ക് തൊഴുത്തിന്റെയും ചാണകത്തിന്റെയും ഒന്നും മണം ഇഷ്ടപ്പെട്ടില്ല. അവരു പുറത്തുപോയി കഴിക്കാന്‍ തുടങ്ങി. ഒപ്പം ഹോസ്റല്‍, വാര്‍ഡനൊന്നുമില്ല്ലാതെ, ഒരു നാഥനില്ലാ കളരിയാവുകയും ചെയ്തു. പിള്ളേര് എപ്പോഴെങ്കിലും കയറിവരും. പിന്നെ അവര്‍ക്കെന്തു മെസ്സ്. പക്ഷെ ഇന്നും ഇവിടുത്തെ ചപ്പാത്തിയും ദാലുമൊക്കെ കഴിക്കുമ്പോള്‍ ഞാനാ നാടന്‍ രുചിയൊക്കെ ഓര്‍ക്കാറുണ്ട് കേട്ടോ. ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലൊക്കെ നാടന്‍ വിഭവങ്ങള്‍ക്ക് നക്ഷത്രപദവിയാണ്. എന്നാലും അതൊന്നും തോമസ്സുചേട്ടനെ ഇന്നുവരെ പ്രലോഭിപ്പിച്ചിട്ടില്ലല്ലോ എന്നും ഞാനോര്‍ക്കാറുണ്ട്.

നാടന്‍ രുചികള്മാത്രമല്ല, ചേട്ടന്‍ പറഞ്ഞുതരാരുള്ള സിയെമ്മസ്സു കഥകളും എനിക്കിപ്പോഴും കേള്‍ക്കാന്‍ കൊതിയാവാറുണ്ട്. മഹാന്മാരായിരുന്ന അധ്യാപകരെപ്പറ്റിപ്പറയുമ്പോള് ആ ചുവന്ന കണ്ണുകളില്‍ കാണുന്ന ബഹുമാനവും വര്‍ഷങ്ങള്‍ക്കുമുന്പു പഠിച്ചുപോയ കുട്ടികളെപ്പറ്റിപ്പറയുമ്പോള്‍ വാല്‍സല്യവും നിറയുന്നത് ഞാനത്ര തവണ കണ്ടിരിക്കുന്നു. കണിശക്കാരായ പ്രിന്സിപ്പാളുമാരെപ്പറ്റി പറയുമ്പോ അറിയാതെ കണ്ണുകളില്‍ പേടി വരുന്നതും, അവരെക്കെ റിട്ടയര്‍ ചെയ്തു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും ചേട്ടന്‍ പ്രിസിപ്പാളോഫ്ഫിസിന്റെ പരിസരത്തുപോലും പോകാന്‍ മടിക്കുന്നതും ഇപ്പോഴും ഞാനോര്‍ക്കുന്നു. പിന്നെ ആസ്ക്‌വിത്തിലെ കുട്ടികളോട് ഒരു സാറായ ഞാന്‍ അടുത്തിടപകേണ്ട എന്ന നിലപാടുകാരനായിരുന്നില്ലേ ചേട്ടനെന്നും. പഴയ രീതിയിലുള്ള ഗുരു-ശിഷ്യബന്ധത്തിന്റെ കാലമൊക്കെ മാറിപ്പോയില്ലേ. പക്ഷെ അതൊന്നും ഇപ്പോഴും സമ്മതിച്ചുതരില്ല എന്നെനിക്കറിയാം.

ഒടുവില്‍ സിയെമ്മസ്സില് വന്നപ്പോഴാണറിയുന്നത് ഞാനും ചേട്ടന്റെ കഥകളിലൂടെ സിയെമ്മസ്സിന്റെ ചരിത്രത്തിലിടം നേടിയെന്ന്. അവിടെ വന്നപ്പോ പീജിഹോസ്റ്റലിലെ രണ്ടുമൂന്ന് പിള്ളേരെക്കണ്ടു. തോമസുചേട്ടന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് അവര്‍ക്കെന്നെ പെട്ടന്നു മനസ്സിലായി. അപ്പൊ എനിക്ക് വലിയ സന്തോഷമായി കേട്ടോ, ചേട്ടനവിടെ നില്‍ക്കുന്ന കാലത്തോളം കോളേജിന്റെ പുതുതലമുറകള്‍ എന്നെപ്പറ്റിയും കേള്‍ക്കുമെന്നറിയുന്ന സന്തോഷം. പക്ഷെ ഇപ്പൊ കോളേജില്‍ പഠിക്കുന്ന വിരലിലെണ്ണാവുന്നര്‍ക്കേ മൈതാനത്തിന് താഴെ ഒരു ഹോസ്റെലും അതിനൊരു മെസ്സും അതിന് കോളേജിന്റെ ചരിത്രത്തില്‍ വലിയ ഒരിടമുണ്ടെന്നുമൊക്കെ അറിയാവു. അതിലും കുറച്ചു പേര്‍ക്കേ അതിന്‍റെ ചരിത്രമുണ്ടാക്കുന്നതില്‍ തോമ്സ്സുചേട്ടന്‍റെ ജീവിതത്തിനുള്ള വലിയ പങ്കിനെപ്പറ്റിയറിയു. കോളേജിന്റെ എഴുതി വെച്ച ചരിത്രത്തിലൊന്നും ചേട്ടനുണ്ടാവില്ല. പത്തുകൊല്ലം തികച്ച് ഒരു കാന്റീന്‍ നടത്താത്തവര് കൊട്ടിഘോഷിച്ചു വനിതാമാസിയിലും ചാനലിലുമൊക്കെ അഭിമുഖവും പടവുമൊക്കെ കൊടുക്കുന്ന കാലമാണിതെന്നുകൂടി ഓര്‍ക്കണം. കോളേജിന്റെ, പീജിഹോസ്റെലിന്റെയൊക്കെ അനേകം വിടവാങ്ങല്‍ പരിപാടികളില്‍ കേട്ടിട്ടുള്ള ഒരു വാചകമില്ലേ ‘താങ്കള്‍ ഈ കോളേജിന്റെ, ഞങ്ങളുടെ ഹൃദയത്തില് ജീവിക്കു’മെന്നൊക്കെ, ശരിയായിരിക്കാം, ആരുടെയെങ്കിലുമൊക്കെ നാവിലെ രുചികളില്‍ തോമസ്സുചേട്ടന്‍ ഒരു കൈപ്പുണ്യമായി സിയെമ്മെസിന്റെ ഒര്‍മകള്‍ക്കൊപ്പം ജീവിക്കുന്നുണ്ടാവണം. ഒരു വര്‍ഷം മാത്രമവിടെ താമസിച്ചു പഠിപ്പിച്ചു പോയ, അത്താഴബന്ധം മാത്രമുണ്ടായിരുന്ന ഒരു താല്‍ക്കാലിക അധ്യാപകന് ഇത്രയുമൊക്കെ ഓര്‍ത്തിരിക്കാമെങ്കില് എത്രപേര്‍ എവിടെയെല്ലാം എന്തെല്ലാം ഓര്‍മകളുമായി തോമസ്സുചേട്ടനെ ഒന്നുകൂടി പോയി കാണണമെന്ന് വിചാരിക്കുന്നുണ്ടാവും

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. അപൂര്‍വ്വമായിമാത്രം ചിരിപടരുന്ന ആ മുഖത്ത് ഈ കത്ത് ഒരു ചിരിപടര്‍ത്തുമെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇതിനൊരു മറുപടി എഴുതാന്‍ പറ്റിയില്ലെങ്കിലും രാത്രി ഏറെ വൈകിയും സായിപ്പമ്മാരുടെ ശവക്കോട്ടക്കുതാഴെ പശുവിനെയും തീറ്റി നടക്കുമ്പോള്‍ ആരോടിന്നില്ലാതെപറയുന്ന വര്‍ത്തമാനങ്ങള്‍ എന്നോടായിപ്പറയുക. പിന്നൊരു കാര്യം കൂടി, അന്നൊരിക്കല്‍ ഒരു രാത്രിയില്‍ ഞാന്‍ കൂട്ടുകാരനൊപ്പം അല്‍പ്പം കഴിച്ചുകൊണ്ടിരുന്നത് അറിഞ്ഞിട്ടും കാണാത്തപോലെ പോയില്ലേ, ആ കൂട്ടുകാരന്‍ ഇപ്പൊ വിളിക്കുമ്പോഴും ചേട്ടനെപ്പറ്റി ചോദിക്കാറുണ്ട്.

ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ മാര്‍ബിള്‍ തറയില്‍ ഞാന്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കുമ്പോള്‍ കക്ഷത്തിലൊരു സഞ്ചിയും കൈയില്‍ പാല്പാത്രവുമായി ചാപ്പലും, ഗ്രൌണ്ടാനകളും കടന്ന്‌ മെയിന്‍ഗേറ്റിലേക്ക് ചേട്ടന്‍ നടന്നു പോകുന്നത് ഒരിക്കല്‍ക്കൂടി കാണണെമെന്ന് ഒത്തിരി ആഗ്രഹിക്കാറുണ്ട്. എന്ന് സാധിക്കുമെന്ന് മാത്രമറിയില്ല. പിന്നെ, നമ്മളന്നു പറയാറുള്ളതുപോലെ ഞങ്ങള്‍ക്കെല്ലാം സിയെമ്മസ്സ് ഒരിടത്താവളം മാത്രമായിരുന്നില്ലേ, തോമസ്സുചേട്ടന് ജീവിതവും.

നിറുത്തട്ടെ,

ഉടനെ കാണാം എന്ന പ്രതീക്ഷയില്‍,

ഒത്തിരി സ്നേഹത്തോടെ,

ജസ്റ്റിന്‍

3 comments:

...karthika... said...

:)

sonofselin said...

justin you did well............

Kuzhur Wilson said...

" എനിക്ക് സങ്കടമാണ് വന്നിരുന്നത് "
nigal 2 perum ente aaarumalla.
cms njan kanditttillla
ennnitttum
enikku sankadam varunnnu
2 perkkkum
cherthu pidichu ummmmmmmmmma