Thursday, May 1, 2014

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ജാതിയെന്ത്?

ജസ്റ്റിൻ മാത്യു
Story Dated: Tuesday , April 22 , 2014 15:52 hrs IST
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ജാതിയെന്ത്?
ഹിന്ദു പത്രത്തിന്റെ മാനേജ്‌മെന്റ്, പത്രത്തിലെ ജീവനക്കാർ സ്ഥാപനത്തിലെ ഭക്ഷണശാലയിൽ മത്സ്യമാംസാഹാരങ്ങൾ കൊണ്ടുവരാനോ കഴിക്കാനോ പാടില്ല എന്ന നിർദേശം നൽകിയിരിക്കുന്നു. (അല്ലെങ്കിൽ ബ്രാഹമണ മേധാവിത്വമുള്ള പത്രസ്ഥാപനത്തിൽ നിലവിലുള്ള, എഴുതിയതോ എഴുതപ്പെടാത്തതോ ആയ നിയമം തൊഴിലാളികളെ താക്കീതിന്റെ രൂപത്തിൽ ഓർമ്മപ്പെടുത്തിയിരിക്കുന്നു) മതേതര നിലപാടുകളുടെ പേരിൽ പതിറ്റാണ്ടുകളായി ആളുകൾ വായിക്കുന്ന പത്രമാണ് ഹിന്ദു. ഡൽഹി എന്ന ഉത്തരേന്ത്യൻ നഗരത്തിലിരുന്ന് ഈ വാർത്ത വായിക്കുന്ന, മത്സ്യമാംസാഹാരങ്ങൾ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ ഒരോ മലയാളിയുടെയും ജീവിതത്തിലേക്ക് പലരീതിയിൽ പലപ്പോഴായി കയറിവരുന്ന ഒരു നിർദേശമാണിത്. അതുകൊണ്ടുതന്നെ ആശ്ചര്യം തോന്നിയതുമില്ല. പൊതു ഇടങ്ങളിൽ ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തരംതിരിക്കുന്നത് തൊട്ടുകൂടായ്മയുടെ മറ്റേതു ചിഹ്നങ്ങൾ പോലെ തന്നെ അപകടകരമായ പ്രവണതയാണ്.
ദില്ലിയിലെ ഒരു കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഒരു മാസം മുൻപ്, കണ്ടും അനുഭവിച്ചുമറിഞ്ഞ ചില സംഭവങ്ങളാണ് ഈ വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്നത്. ജാമിയയുടെ മനോഹരമായ ക്യാംപസ്സും, പഠന വിഭാഗങ്ങളും അക്കാദമിക നിലവാരവും പോലെതന്നെ ഓർമ്മയിൽ തങ്ങിനിൽക്കുന്നതാണ് അവിടെയുള്ള ഭക്ഷണശാലകൾ. ജാമിയ സന്ദർശിച്ചിട്ടുള്ള ഓരോ മലയാളിക്കും പറയാനുണ്ടാകും ഒരു ഭക്ഷണശാലയുടെയെങ്കിലും കഥ, അവിടത്തെ ഒരു വിഭവത്തിന്റെയെങ്കിലും രുചി.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള അധ്യപകർ പങ്കെടുത്ത, ഒരു മാസം നീണ്ടുനിന്ന ഒരു കോഴ്‌സിനിടയിലാണ് ഇനി പറയുന്ന സംഭവങ്ങൾ. കോഴ്‌സിന്റെ ഭാഗമായി കിട്ടിയിരുന്ന ഉച്ചഭക്ഷണത്തിൽ മാംസാഹാരവും ഇടവിട്ട ദിവസങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. കോഴ്‌സിന്റെ തുടക്കത്തിൽ ആഹാരവുമെടുത്ത് അടുത്തുള്ള ഒരു മേശയിൽ ഇരിക്കാൻ തുടങ്ങിയ ഞങ്ങൾ രണ്ടുപേരെ എതിരേറ്റത് 'ശവംതീനികൾ ഇവിടെ ഇരിക്കരുത് ദൂരെപ്പോ' എന്ന ആക്രോശമായിരുന്നു. തുടർന്നുള്ള ദിവസ്സങ്ങളിൽ നാല് മാംസഹാര വിരോധികളായ അധ്യാപകർ ചേർന്ന് ക്ലാസ്സുകൾ ഉപേക്ഷിച്ചുകൊണ്ട് അടുക്കളയിൽ മേൽനോട്ടം നടത്താൻ തുടങ്ങി. അടുക്കളയുടെയും കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെയും 'ശുദ്ധി' ഉറപ്പുവരുത്തുകയെന്നത് ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനേക്കാൾ പ്രാധാനമാണ് എന്ന് ഇവർ കരുതിയിരിക്കണം. ബൂഫെ രീതിയിൽ നടത്തുന്ന ഭക്ഷണശാലയിൽ ഏറ്റവും ആദ്യമെത്തി ഭക്ഷണമെടുക്കാൻ കഴിഞ്ഞാൽ മാത്രം ഉച്ചഭക്ഷണം കഴിക്കുന്ന ഒരധ്യാപകനെയും ഇവിടെ കണ്ടു. ഇവരെല്ലാം കോളേജുകളിലും സർവകലാശാലകളിലും ചരിത്രം പഠിപ്പിക്കുന്ന അധ്യാപകരാണ് എന്ന കാര്യം ഒരിക്കൽകൂടി അടിവരയിട്ട് പറയട്ടെ.
ഭൂമിയിൽ ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യസമൂഹങ്ങൾ പരിണാമത്തിന്റെ അടുത്തകാലംവരെ മാംസാഹാര കേന്ദ്രിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. വേട്ടക്കാരിൽ നിന്ന് കൃഷിക്കാരിലേക്കുള്ള മാറ്റം മനുഷ്യന്റെ ആകെയുള്ള പരിണാമ ചരിത്രത്തിൽ വളരെ ചെറിയ കാലയളവാണ്. പുരാതന ചരിത്രത്തിലെ പല ആധികാരിക ഗ്രന്ഥങ്ങളും രചിച്ച റോബർട്ട് വെങ്കി പറയുന്നത് പതിനായിരത്തിനും മുവായിരത്തി അഞ്ഞൂറു വർഷങ്ങൾക്കുമിടയിൽ മാത്രമാണ് മനുഷ്യർ കൃഷിക്ക് പ്രാധാന്യം നൽകുന്ന ജീവിതരീതിയിലേക്ക് മാറിയത് എന്നാണ്. അതിനു മുൻപ് നായാട്ടും കാട്ടുകനികൾ ശേഖരിക്കലും മാത്രമായിരുന്നു ഉപജീവന മാർഗങ്ങൾ. കൃഷിക്കാരുടെ സമൂഹത്തിൽ നിന്നുമാണ് പുരുഷാധിപത്യ വർഗവ്യവസ്ഥ ഉണ്ടായത് എന്ന് ചരിത്രകാരി ഗ്രെഡ ലെനർ പറയുന്നു. വേട്ടക്കാരന്റെ ഭക്ഷണ ദൗർലഭ്യത്തിൽ നിന്നും ഭരണവർഗത്തിന്റെ ആഡംബരത്തിലേക്കെത്തുമ്പോൾ എന്തെങ്കിലും കഴിക്കുക എന്ന മാനുഷികമായ ആവശ്യത്തിൽനിന്നും എന്ത്, എപ്പോൾ, എങ്ങനെ കഴിക്കുന്നുവെന്നത് ജാതി, മത, വർഗ വേർതിരിവുകൾക്ക് അടിസ്ഥാനമായി. സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ചരിത്രം അടുത്തകാലം വരെ പട്ടിണി നിറഞ്ഞതായിരുന്നു. വിശപ്പുമാറ്റുക എന്നതായിരുന്നു മനുഷ്യവംശത്തിലെ ഭൂരിഭാഗവും അവരുടെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ചൂക്ഷണ വ്യവസ്ഥ രൂപപ്പെടുത്തി മറ്റുള്ളവരുടെ വിയർപ്പുകൊണ്ട് ആഹാരം കഴിച്ചിരുന്ന ഭരണ വർഗത്തിൽപ്പെട്ട ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സമൃദ്ധി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ മാംസാഹാര വിരോധം ബ്രാഹ്മണ ജാതിഅധികാര ബോധത്തോട് ചേർന്നു കിടക്കുന്ന ശുദ്ധി സങ്കൽപ്പത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നു നിസ്സംശയം പറയാം. ഹിന്ദുമത വിശ്വാസത്തിലുള്ള ആരാധനാ മൂർത്തികൾ രണ്ടുതരമുണ്ടെന്നാണ് സി.ജെ.ഫുള്ളർ പറയുന്നത്. സസ്യാഹാരം നിവേദ്യമായി സ്വീകരിക്കുന്നവരും, മാംസം നിവേദ്യമായി സ്വീകരിക്കുന്നവരുമാണ് ഈ രണ്ട് വിഭാഗങ്ങൾ. സസ്യാഹാരം നിവേദ്യമായി സ്വീകരിക്കുന്നവർ ഉന്നത ശ്രേണിയിൽ വരുന്നത് എങ്ങനെയെന്ന് ഫുള്ളർ വിവരിക്കുന്നുണ്ട്. ബ്രാഹ്മണർ ആരാധിക്കുന്ന മൂർത്തികളാണ് ശ്രേണിയിൽ ഏറ്റവും മുകളിൽ വരുന്നതെന്നും അവർ സസ്യാഹാരം മാത്രം നിവേദ്യമായി സ്വീകരിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. തെക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഫുള്ളർ ഇക്കാര്യം വിവരിക്കുന്നത്. (C. J. Fuller, The Hindu Pantheon and the Legitimation of Hierarchy (1988).
സസ്യാഹാരം മാത്രം ശീലിച്ചവർക്ക് മാംസാഹരത്തിന്റെ മണവും, സാമിപ്യവും പ്രശ്‌നമാണ് എന്നാണ് ഹിന്ദുപത്രവും ഭൂരിഭാഗം മാംസാഹാര വിരോധികളും നൽകുന്ന വിശദീകരണം. ഒരുനേരം മാംസാഹാരം ഉപേക്ഷിച്ചുവെന്നുകരുതി ഒന്നും സംഭവിക്കില്ല എന്ന ഉപദേശവും ലഭിക്കും. ഹിന്ദുപത്രം മുന്നോട്ടുവെക്കുന്നത് ആർക്കും വലിയ പ്രശ്‌നങ്ങളുണ്ടാക്കാത്ത ഒരു നിർദേശമായി ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ, ബ്രാഹ്മണ ജാതിബോധം കൊണ്ടുനടക്കുന്ന എല്ലാവരും, നിത്യജീവതത്തിൽ ശുദ്ധിയുടെ പേരിൽ ചെയ്യുന്ന തൊട്ടുകൂടായ്മയുടെ ചെറിയൊരു പ്രതിഫലനം മാത്രമാണിത്. മാംസാഹാര വിരോധികൾ പലതരമുണ്ട്. മാംസാഹാരം കഴിക്കില്ല എന്ന് അഭിമാനബോധത്തോടെ പറയുന്നവർ, മാംസാഹാരം കഴിക്കുന്നവരുടെ വീടിന്റെ വാതിൽപ്പടിക്കപ്പുറം കാലെടുത്തുവെയ്ക്കാത്തവർ, രഹസ്യമായി മാത്രം മാംസാഹാരം കഴിക്കുന്നവർ, പാചകം ചെയ്തുകിട്ടിയാൽ മാത്രം കഴിക്കുന്നവർ എന്നിങ്ങനെയാണ് ഇവരെ വിഭജിക്കാനാവുക. ഇതെല്ലാം പലതരത്തിൽ ശുദ്ധി സങ്കൽപ്പവുമായി ചേർന്നാണ് കിടക്കുന്നത്.
സ്വന്തം വീടിനുള്ളിൽ മാംസാഹാരം കയറ്റാതെ ശുദ്ധമായിരിക്കണം എന്ന നിഷ്ഠയുണ്ടാവുകയും എന്നാൽ പുറത്തുപോയി ഭക്ഷണശാലയിൽ, അല്ലെങ്കിൽ മറ്റൊരാളുടെ വീട്ടിൽനിന്നു കഴിക്കുന്നതിനു വിരോധമില്ല എന്ന് കരുതുകയും ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ട്. പൊതുസമൂഹത്തിനു മുൻപിൽ സസ്യാഹാരം മാത്രം കഴിക്കുന്നതുമായി ബന്ധപ്പെട്ട ശുദ്ധിബോധത്തെ ഹനിക്കാൻ സാധിക്കാത്തതുകൊണ്ട് ഗോപ്യമായി മാത്രം മാംസം കഴിക്കുന്ന ഒരു വിഭാഗം മാംസാഹാര വിരോധികൾ വേറെയുണ്ട്. ഇത് കാണിക്കുന്നത് സസ്യാഹാരം മാത്രം കഴിക്കുക എന്ന ബ്രാഹ്മണവൽക്കരിക്കപ്പെട്ട ധാരണയോടുള്ള വിധേയത്വമാണ്. ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ വന്നാൽ അടുക്കളയുടെ ഒരു കോണിൽ ദേവീദേവന്മാരുടെ രൂപവും മറ്റു പൂജാ സംവിധാനങ്ങളും കാണാം. വെളുത്തുള്ളിയും സവാളയും വരെ ഉപേക്ഷിച്ചാണ് നഗരങ്ങളിൽ ജീവിക്കുന്ന മധ്യവർഗം ഹിന്ദുമതവിശ്വാസം ബ്രാഹ്മണവല്ക്കരിക്കപെട്ടിരിക്കുന്ന ഈ ദേശത്ത് ജീവിക്കുന്നത്. ബാല്യകാലത്ത് മത്സ്യമാംസാഹാരങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. സവാളയും വെളുത്തുള്ളിയും ഇല്ലെങ്കിൽ മാത്രം ആഹാരം കഴിക്കുന്നവർക്ക് വേണ്ടിയാണ് സദ്യകൾ നടക്കുക. കമ്പനികളുടെയും, പത്രസ്ഥാപനങ്ങളുടെയും, സർവകലാശാലകളുടെയും വരെ ഭക്ഷണശാലകളും പലയിടത്തും പ്രവർത്തിക്കുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ്.
മാംസാഹാരം കഴിക്കുന്നവർ നിത്യജീവിതത്തിൽ നേരിടുന്ന ജാതിബോധത്തിന്റെ, വെറുപ്പുനിറഞ്ഞ ഇടപെടലുകളുടെ തീരെ ചെറിയൊരു ആവിർഭാവം മാത്രമാണ് ഹിന്ദുപത്രത്തിൽ നടന്നത്. തൊലിയുടെ നിറവും, വസ്ത്രധാരണ രീതികളും ഭാഷാശുദ്ധിയും പോലെ ഭക്ഷണരീതികളും ജാതിവർഗ ശ്രേണിയുടെ പ്രതീകമായി കാണുന്ന ദേശമാണ് ഇന്ത്യയെന്നതാണ്, മതേതരത്വവും ശാസ്ത്രബോധവും കൂടെക്കൂടെ ഊന്നിപ്പറയുന്ന ഹിന്ദുപോലൊരു പത്രം മനസിലാക്കേണ്ടിയിരുന്നത്. മാംസാഹാരം താഴ്ന്ന ജാതിക്കാരുടെ ഭക്ഷണ ശീലത്തിന്റെ മുഖമുദ്രയായിക്കാണുന്ന ഈ ദേശത്ത് ഹിന്ദുപത്രത്തിന്റെ ഈ തീരുമാനം അത്ര നിരുപദ്രവകരമായ ഒന്നല്ല. ഭക്ഷണശാലകൾ എന്ന പൊതു ഇടങ്ങളിൽ നിന്ന് മാംസാഹാരം പുറത്താകുമ്പോൾ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ജാതിബോധമാണ് പത്രം മുന്നോട്ടുവെക്കുന്നത്.
ഗോമാംസം കഴിച്ചുവെന്നത് വധശിക്ഷ വരെ നേടിത്തന്നേക്കാവുന്ന ഒരു ഭാവിയിലേക്കാണ് ഈ രാജ്യം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ ഇലക്ഷൻ കാലത്തുതന്നെ പുരോഗമന വാദത്തിന്റെ കാവലാളായി കരുതപ്പെടുന്ന ഹിന്ദുപത്രം ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിലെ വിരോധാഭാസവും അതാണ്. പൊതു ഇടങ്ങൾ എല്ലാവർക്കും ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റുക എന്നത് ജനാധിപത്യവ്യവസ്ഥയുടെ വളർച്ചക്ക് അവശ്യമാണ്. മത്സ്യ, മാംസ വിഭവങ്ങൾ കഴിക്കുന്നവരെയല്ല പുറത്താക്കേണ്ടത്. മദ്യവും സിഗരറ്റും പോലെ പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ് മത്സ്യ, മാംസ വിഭവങ്ങൾ, എന്ന ഭക്ഷണത്തോടുള്ള ബ്രാഹ്മണവൽക്കരിക്കപ്പെട്ട ധാരണയിൽനിന്നുണ്ടാകുന്ന ജാതിബോധത്തെയാണ് പുറത്താക്കേണ്ടത്.
(published in www.newsmoments.in)

1 comment:

അന്നൂസ് said...

എഴുതിയത് വളരെ ഇഷ്ടമായി. ആശംസകള്‍ അറിയിക്കട്ടെ. ഒപ്പം എന്റെ ബ്ലോഗിലേക്കും സ്വാഗതം.