കേരളത്തിലെ ചരിത്രവിദ്യാര്ഥികള് ഒരു പുരാരേഖ ആദ്യം കാണുന്നത് അവരുടെ ഡിഗ്രി അധ്യാപകരുടെ ആരുടെയെങ്കിലും കൈയിലായിരിക്കും. അന്‍പതുകളിലും അറുപതുകളിലും എഴുതപ്പെട്ട ക്ലാസ്സ് നോട്ടുകള്‍ തലമുറകള്‍ കൈമാറി തൊണ്ണൂറുകളുടെ അവസാനംവരെ എത്തിച്ചേരുന്ന വലിയ പ്രക്രിയയാണ് കേരളത്തിലെ ചരിത്രബിരുദ പഠനം. ഇതിനൊരപവാദമായിരുന്നു ഞങ്ങളുടെ ഉള്‍നാടന്‍ പട്ടണത്തിലെ കോളേജില്‍ ബി എ ചരിത്ര അധ്യാപകനായി വിരമിച്ച സണ്ണിസാര്‍.
സണ്ണിസാറിനെപ്പറ്റിപ്പറയുന്നതിനു മുന്‍പ് ഇന്നും വലിയ മാറ്റമൊന്നും സംഭവിക്കാനിടയില്ലാത്ത ബി എ ചരിത്രക്ലാസ്സുകളെപ്പറ്റി പറയേണ്ടതുണ്ട്. ക്ലാസ്സില്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പഴകി മഞ്ഞച്ച ഒരുകെട്ടുകടലാസുകളുടെ മണം ഓര്‍മകളില്‍ ഇന്നും അങ്ങനെതന്നെ ഹരം പിടിപ്പിച്ചു നില്ക്കുന്നു. വായിച്ചുതരുന്ന നോട്ട് കേട്ടെഴുതുക എന്നതാണ് മുഖ്യമായ പഠനപ്രവര്‍ത്തനം. അറുപതുകളില്‍ മഹാരാജസിലും പാലക്കാട് വിക്ടോറിയയിലും മറ്റും എഴുതപ്പെട്ട ഈ ക്ലാസ്സ്നോട്ട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം നിലനിന്നിരുന്ന ചരിത്രരചനാരീതിയാണ് അവലംബിക്കുന്നത്. അറുപതുകളില്‍ ചരിത്രരചനാരീതികളില്‍ നടന്ന വലിയ മാറ്റം ബിരുദതലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ടയിരുന്നില്ല. മൂന്നുനാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ചരിത്രക്ലാസുകളില്‍ വിമര്‍ശനത്തിന്റെ പരിക്കേല്‍ക്കാതെ ഞങ്ങള്‍ അതെല്ലാം കേട്ടെഴുതി. അവസാനവര്‍ഷം എത്തുമ്പോഴും ചരിത്രകാരന്മാരെല്ലാം മരിച്ചുപോയ ആള്‍ക്കാരാണ് എന്ന് കുട്ടികള്‍ വിശ്വാസിക്കുന്നതില് ഒരു തെറ്റും പറയാനില്ല. പക്ഷെ ക്ലാസ്സില്‍ കയറുകയും നോട്ടെഴുതി എടുക്കുകയും ചെയ്യുന്നവര്‍ വിരളം. ഇനി എഴുതിയെടുത്തല്‍ത്തന്നെ പകുതി വാക്കുകളും കിട്ടില്ല. അവരൊക്കെ പരീക്ഷക്ക് ചങ്ങനാശ്ശേരിക്കാരായ മേനോനും വര്‍ക്കിയും ചേര്‍ന്നെഴുതിയ ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ പുരാതനം തുടങ്ങി ആധുനികം വരെയുള്ള എല്ലാ ചരിത്ര പേപ്പറുകള്‍ക്കും വാങ്ങി വായിച്ചു പഠിച്ചു. മേനോന്റെയും വര്‍ക്കിയുടെയും ഉറപ്പില്‍ ക്ലാസ്സ് നടക്കുമ്പോള്‍ കുട്ടികള്‍ നോട്ട്ബുക്കില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടും, വിവീഷിന്റെ തമാശുകള്‍ കേട്ട് ചിരിച്ചും, പാപ്പിയുടെ ചായക്കടയിലെ മുഷിഞ്ഞ ചുവര് ചാരിയിരുന്നു സിഗരറ്റ് വലിച്ചും, ഒഴിവുള്ള പ്രീഡിഗ്രി ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ പോയി കണ്ടും, വരാന്തയില്‍ക്കൂടി ചാലുവെച്ചും സമയം തള്ളിനീക്കി.
അങ്ങനെ നോട്ടുകള്‍ പകര്ന്നുനല്കുന്ന സമാധാനപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനം താറുമാറാക്കിയാണ് തൊണ്ണൂറുകളുടെ അവസാനം സര്‍വകലാശാല വക സിലബസ് പരിഷ്ക്കരണം ഇടിത്തീയായി പുരാതനമായ ക്ലാസ്സ് നോട്ടുകളുടെ മണ്ടയില്‍ വന്നുവീണത്. കീഴാളചരിത്രം, നവചരിത്രം എന്നിങ്ങനെ ചില പുതിയ വാക്കുകള്‍ സിലബസ്സില്‍ കടന്നുകൂടി. പല അധ്യപരും ലീവെടുത്ത് സര്‍വകലാശാലവക റീ ഫ്രെഷര്‍ കോഴ്സുകള്‍ക്ക് ചേര്‍ന്നു. തിരികെ വന്നു ബുദ്ധിജീവികളെ ചീത്തവിളിച്ചു. ചരിത്രപഠനം പുതുക്കുന്നത് അനാവശ്യമാണെന്ന് പറഞ്ഞു. ചരിത്രബിരുദത്തിനു സമൂഹത്തില്‍ ഒരു വിലയുമില്ലല്ലോ എന്നോര്‍ത്ത് കുട്ടികള്‍ ഖേദിച്ചു. ചില അധ്യാപകര്‍ യു ജി സി വക ശമ്പളവര്‍ദ്ധന മുന്പില്കണ്ട് ശമ്പളത്തോടെ ലീവില്‍ പോയി കൊച്ചി മഹാരാജക്കാന്‍മരെപ്പറ്റിയും കേരള കോണ്‍ഗ്രസ്സ് നേതാക്കന്മാരെപ്പറ്റിയും ഗവേഷണം നടത്തി. ഈ കാലത്തുതന്നെയാണ്, വല്ലപ്പോഴും മാത്രം ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് വരാറുള്ള ഞങ്ങളുടെ സഹപാഠി വര്‍ക്കി, മാതൃഭൂമി ഭാഷാപോഷിണി തുടങ്ങിയ ആഴ്ചപ്പതിപ്പുകള്‍ വായിച്ച് കെ എന്‍ പണിക്കര്‍, രാജന് ഗുരുക്കള്‍, കെ കെ കൊച്ച് എം ജി എസ് നാരായണന് എന്നീ ചരിത്രകാരന്മാരെ ഉദ്ധരിച്ച് ഇടയ്ക്കു ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസിറ്റിവിസവും ഏറ്റവും പുതിയ സിലബസുമായി നട്ടം തിരിയുന്നതിനിടയിലാണ് മൂന്നാം വര്‍ഷം സണ്ണിസാര്‍ ഹിസ്റ്റോറിയോഗ്രാഫി പഠിപ്പിക്കുന്നത്. എന്റെ ചരിത്രപഠനത്തിലെ വലിയ വഴിത്തിരിവായിരുന്ന ആ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് ഇവിടെ പറയുന്നത്. എന്റെ ഡിഗ്രിക്കാലത്തെ ചുരുക്കം ചില വലിയ നല്ല ഓര്‍മ്മകളിലൊന്ന് ഹിസ്റ്റോറിയോഗ്രാഫി ക്ലാസ്സുകളായിരുന്നു.
സ്ഥിരമായി വെള്ള ഷര്‍ട്ടും വെള്ള കോട്ടന്‍ മുണ്ടുമുടുത്തുവരുന്ന സണ്ണിസാറിന്റെ പരുക്കനായ രീതികളെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് സണ്ണിസാര്‍ എന്നെ നോക്കി പരിചയഭാവത്തില്‍ നന്നായി ഒന്ന് ചിരിച്ചിട്ടുള്ളത്, അതും അവസാനവര്‍ഷവും കഴിഞ്ഞ് മാര്ക്ക്ലിസ്റ്റ് വാങ്ങാന്‍ ചെന്നപ്പോള്‍. എല്ലാ കുട്ടികളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. കാലങ്ങളായി സണ്ണിസാര്‍ ഇങ്ങനെയാണ് എന്നറിയാവുന്നതുകൊണ്ട് അതിലാര്‍ക്കും വലിയ വിഷമം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ചരിത്രവിഭാഗം മേധാവിയായിരുന്നുവെങ്കിലും പുതുവര്‍ഷത്തില്‍ കുട്ടികളുടെ പ്രവേശനത്തിനൊഴികെ ഒരിക്കലും സണ്ണിസാര്‍ സ്റ്റാഫ്റൂമിലേക്ക് പോയിരുന്നില്ല. വകുപ്പുമേധാവിയുടെ കസേര വര്‍ഷം മുഴുവന്‍ പൊടിപിടിച്ചുകിടന്നു. പത്തുകിലോമീറ്റര്‍ അകലെ നിന്നും ഹീറോ ഹോണ്ട ബൈക്ക് ഓടിച്ചു വന്നിരുന്ന സാറ് നേരെ പോകുന്നത് ലൈബ്രററിയിലേക്കാണ്. കേരളത്തില്‍ ആദ്യം ഇന്റര്‍നെറ്റ് വന്നുവെന്ന് പറയപ്പെടുന്ന ലൈബ്രററി. പക്ഷെ അത് അന്നവിടെ പഠിച്ച ആരെങ്കിലും അതു കണ്ടതായി അറിവില്ല. എന്തായാലും എല്ലാവര്ക്കും അറിയാവുന്നത് ലൈബ്രറിയുടെ മുന്പില് പാര്‍ക്ക് ചെയ്യുന്ന സണ്ണിസാറിന്റെ ബൈക്കിന്റെ രണ്ടു കൈപ്പിടികളിലും തൂങ്ങിക്കിടക്കുന്ന രണ്ടു തുണിസഞ്ചികളില്‍ എന്താണുള്ളതെന്നാണ്. ഒന്നില്‍ തടിച്ച ചില ചരിത്രപുസ്തകങ്ങളാണ്. മറ്റൊന്നില്‍ തിരികെ പോകുമ്പോള്‍ കള്ള് വാങ്ങാനുള്ള കുപ്പികളാണെന്ന് ഷാപ്പിന് സമീപം വീടുള്ളവര്‍ പറഞ്ഞു. ദോഷൈകദൃക്കുകള്‍ കള്ളുകുപ്പിമാത്രം കണ്ടു. പക്ഷെ അതുമാത്രം കണ്ടാല്‍പോരെന്ന് ചിലരോടൊക്കെ പറയേണ്ടതുണ്ട്. കാരണം ഒരിക്കലും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഡിഗ്രിക്കാലത്തെ ഹിസ്റ്ററി ക്ലാസ്സുകളില്‍ ആ വിഷയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചത് സണ്ണിസാറിന്റെ ക്ലാസ്സില്‍നിന്നുമായിരുന്നു.
ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയോ, ഒന്ന് ചിരിക്കുകയോ പോലും ചെയ്യാത്ത ഒരധ്യാപകന്റെ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിക്ക് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കാനും പറയാനും പറ്റുക. ഒരുപക്ഷെ ആ വിഷയം തന്നെ ഇന്നും പഠിക്കുന്നതുകൊണ്ടുകൂടിയാവം ആ ക്ലാസുകള്‍ ഇന്നലെ നടന്നപോലെ ഓര്‍ക്കാന്‍ പറ്റുന്നത്. ഒരു സംശയം ചോദിക്കാന്‍പോലും മടിയും പേടിയുമൊക്കെയായിര്‍ന്നു ഞങ്ങള്‍ക്ക് മിക്കവര്‍ക്കും. സാറിന്റെ ചുവന്നുകലങ്ങിയ കണ്ണുകളും തീക്ഷ്ണമായ നോട്ടവും ആ പേടിയെ ഒന്നുകൂടി കൂട്ടി. ഒരു പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ സിംസണ്‍ മാത്രമായിരിക്കും ഇതിനൊരപവാദം. ഒരു മെഡിക്കല്‍ റെപ്പ് കൂടിയായിരുന്ന സിംസണ്‍ ആശുപത്രികള്‍ കയറിയിറങ്ങി പത്തുമണിയുടെ ക്ലാസിനു ഓടിക്കിതച്ചു പത്തേകാലിനു വന്ന് വിയര്‍പ്പ് തുടച്ച് ബുക്കും തുറന്നിരുന്നാല്‍ പിന്നെ ഇരുന്ന ഇരുപ്പില്‍ ഒരുറക്കമാണ്, അതും മുന്ബെഞ്ചിലിരുന്ന്. അത് മാത്രമായിര്‍ന്നു സാറിന്റെ ക്ലാസ്സില്‍ അനുവദിക്കപ്പെട്ടിരുന്ന ഒരേയൊരു ഇളവ്, അതും സിംസണുമാത്രം. തീക്ഷണമായ നോട്ടത്തിന് മുന്പില് ഒരു പരീക്ഷണത്തിന് പോലും വേറാരും മുതിര്‍ന്നില്ല.
സണ്ണിസാറിന്റെ ക്ലാസിലും നോട്ടെഴുത്തു തന്നെ പണി, പക്ഷെ ആ ദിവസങ്ങളില്‍ തന്നെ എഴുതിയുണ്ടാക്കിയ നോട്ടുകള്‍. ഒരു പക്ഷെ എല്ലാ വര്‍ഷവും പുതിക്കിയെഴുതുന്നുണ്ടാവണം, കാരണം പല തവണ എഴുതിമുറുക്കിയ ഒരു ഒതുക്കവും ഭാഷസൗന്ദര്യവുമൊക്കെ ആ ക്ലാസ്സ്നോട്ടുകള്‍ക്കുണ്ടായിരുന്നു. ഒരുപാട് പുതിയ വാക്കുകള്‍, എഴുത്തിന്റെ ശൈലി ഇവയോക്കെക്കൊണ്ട്തന്നെ ആ ക്ലാസ്സ് നോട്ടുകളെ ഞാനിന്നും ഓര്‍ത്തിരിക്കുന്നു. ഒരിക്കലും പരീക്ഷക്ക് കാണാതെപഠിച്ച് എഴുതാവുന്ന നോട്ടുകളായിരുന്നില്ല ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നത്. ചരിത്രപദങ്ങള്‍ക്ക് ഇത്രയധികം ആഴവും പരപ്പുമുണ്ടെന്ന് ബോധ്യമാകുന്നത് സാറിന്റെ ക്ലാസ്സ്നോട്ടുകളില്‍ക്കൂടിയാണ്. ഗൈഡുകളുടെ ആവര്‍ത്തനമല്ലാത്ത ആകെയുള്ള ഹിസ്റ്ററി ക്ലാസ്സ് എന്നുതന്നെ പറയാം. റോമില ഥാപ്പറും, സുമിത് സര്‍ക്കാരും തുടങ്ങി ഇന്ത്യന്‍ ചരിത്രത്തെ നിര്‍ണയിച്ച ചരിത്രകാരന്മ്മാരും ആശയങ്ങളും ആ ക്ലാസ്സ്നോട്ടുകളുടെ അടിവേരുകളായിരുന്നു. ഇതുപറയുമ്പോള്‍ സണ്ണിസാറിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സ് സബ്സിഡിയറി പഠിപ്പിച്ചിരുന്ന ഡോ. രാജുവിനെക്കൂടി ഇവിടെ ഓര്‍ക്കുന്നു. കാരണം, പത്രകട്ടിങ്ങുകളും, ആഴ്ചപ്പതിപ്പില്‍ വരുന്ന രാഷ്ട്രിയ ലേഖനങ്ങളും, സര്‍വ വിക്ഞാനകോശവുമെല്ലാം അവിടുത്തെ ഗ്രാമീണരായ കുട്ടികള്‍ക്ക് പഠനസാമഗ്രികളായി രാജുസാര്‍ കൊടുത്തിരുന്നു.
പക്ഷെ ഓര്‍ക്കുക, ഇന്നും കേരളത്തിലെ സോഷ്യല്‍ സയന്‍സ് ഡിഗ്രികളുടെ ഗതികേട് തരംതാണ ഗൈഡുകളെ മാത്രം ആശ്രയിച്ചുള്ള ക്ലാസ്സുകളാണ്. നഗരങ്ങളിലെ ഉയര്‍ന്ന വര്‍ഗക്കാരുടെ കുട്ടികള്‍ ഇന്റര്‍നെറ്റ് വഴി കുറെ വിവരങ്ങള്‍ ശേഖരിക്കും. പക്ഷെ ചില കോണ്‍വെന്റ് കോളേജുകള്‍ മാറ്റിനിറുത്തിയാല്‍, എല്ലായിടത്തും ഹിസ്റ്ററി പഠിക്കുന്നത് കൂടുതലും താഴ്ന്ന വരുമാനക്കാരുടെ മക്കളാണ്. അതുകൊണ്ട്തന്നെ ചരിത്രപഠനത്തില്‍ അധ്യാപകരുടെ പങ്കാളിത്തവും, രാഷ്ട്രിയബോധവും പരന്ന വായനയുമൊക്കെ അതിപ്രധാനമാണ്. അത് എന്റെ ഡിഗ്രിക്കാലത്ത് ഏറ്റവും നന്നായി കണ്ടിട്ടുള്ളത് ഈ രണ്ട് അധ്യാപകരിലാണ്. ഒരു മലയോര ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് മുന്പോട്ടുള്ള പഠനത്തില്‍, ആ വിഷയത്തോടുള്ള ബഹുമാനമുണ്ടാക്കുന്നതില്‍ ഇവര്‍ രണ്ട് പേരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുതന്നെ അപമാനിക്കുന്ന ഒരു വിഷയത്തെ ഇവര്‍ സ്നേഹിക്കുന്നത് കാണുന്നത് തന്നെ ഒരു വലിയ പ്രചോദനമായിരുന്നു. മകളുടെ/മകന്റെ സ്കൂള്‍ പരീക്ഷക്ക് ലീവിടുക്കാതെ മുങ്ങുന്ന ചില അധ്യാപകര്‍ അതിനു പറയുന്ന കാരണം ‘ഹിസ്റ്ററി’ ഗൈഡ് വാങ്ങി പഠിച്ചാല്‍ പോരെ അതിനു ക്ലാസ്സിന്റെ ആവശ്യമെന്താ എന്നാണ്. അവര്‍ക്കുള്ള ഒരു മറുപടിയായിരുന്നു സണ്ണിസാര്‍. ഞാനുള്‍പ്പെടുന്ന ബാച്ചിന്റെ യാത്രയയപ്പുദിനത്തില്‍ സണ്ണിസാര്‍ ആകെപ്പറഞ്ഞത് കുട്ടികള്‍ വരവ് നിറുത്തിയതുകൊണ്ട് സിലബസിന്റെ അവസാനഭാഗം പഠിപ്പിക്കാന്‍ പറ്റിയില്ല എന്നാണ്. കുട്ടികള്‍ വന്നില്ലയെങ്കിലും അവസാന ദിവസംവരെ സണ്ണി സാര്‍ നോട്ടുകള്‍ തയ്യാറാക്കുകയും ക്ലാസ്സില്‍ കുട്ടികള്‍ വന്നിട്ടുണ്ടോയെന്നു പോയി നോക്കുകയും ചെയ്തിരുന്നു. ചരിത്രം മറ്റേതൊരു വിഷയം പോലെയും വളരെ ഗൌരവത്തില്‍ സമീപിക്കേണ്ട ഒരു വിഷയമാണ് എന്ന വിശ്വാസത്തിന് സണ്ണിസാറിന്റെ ക്ലാസുകള്‍ അടിവരയിട്ടു.
ഒരു കോളേജധ്യാപകന് സമൂഹത്തില്‍ റോള്‍മോഡല്‍ ആകണമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പകരം പഠിപ്പിക്കുന്ന വിഷയത്തോടുള്ള സമീപനം അത് ഏതുതന്നെയായാലും ഒരു ശക്തമായ രാഷ്ട്രിയ പ്രവര്‍ത്തനം തന്നെയായി കാണുന്നവരാണ് ഓര്‍മയില്‍ സൂക്ഷിക്കാനാഗ്രഹിക്കുന്ന അധ്യാപകരെല്ലാം, ഒപ്പം സണ്ണിസാറും. കാരണം തന്റെ മുന്പിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക കാലമാണ് ഡിഗ്രിക്കാലമെന്നും അതുകൊണ്ട്തന്നെ ക്ലാസ്സിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന അറിവും സാറിന്റെ സമീപനത്തില്‍ കാണാമായിരുന്നു. സണ്ണിസാറിനെയോര്‍ക്കുംമ്പോഴെല്ലാം മറ്റെല്ല പരിമിതികളുടെയും മുകളില്‍ ഞാനിതോക്കുന്നു. ക്ലാസ് സമയത്ത് സ്വകാര്യപ്രശനങ്ങള്‍ പൂര്‍ണമായും മാറ്റിനിറുത്തുന്നത് വെല്ലുവിളിയാകുമ്പോള്‍ ഞാന്‍ പഴയ ഡിഗ്രി ക്ലാസ്സിലേക്ക് ഒരു മടക്ക യാത്ര നടത്തും, കൃത്യമായിപ്പറഞ്ഞാല്‍ സണ്ണിസാറിന്റെ ക്ലാസ്സുകളിലേക്ക്. എന്നിലെ ചരിത്രാധ്യാപകന്റെ ബാലപാഠങ്ങള്‍ സണ്ണിസാറില്‍ നിന്ന് തുടങ്ങുന്നു.
ഞാനിവിടെ എന്റെ കോളേജിന്റെ പേരോ സ്ഥലമോ ഒന്നും എഴുതുന്നില്ല. കാരണം സണ്ണിസാര്‍, ഒരു കോളേജിന്റെയോ ഒരു നാടിന്റെയോ അനുഭവമല്ല, നമ്മള് എല്ലാവരുടെതുമാണ്. (ഇവിടെ ഇങ്ങനെ വലിയ പ്രശനമൊന്നും തോന്നാത്ത ഒരു കാരണം വേണമല്ലോ പറയാന്‍) അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്, നമ്മുടെ (ഔപചാരിക വിദ്യാഭ്യാസം കിട്ടിയിട്ടില്ലെങ്കില്‍കൂടി) എല്ലാവരുടെയും ജീവിതത്തില്‍ ഒരു സണ്ണിസാര്‍ ഉണ്ടാവില്ലേ?